ഉത്തരക്കടലാസിലെ തിരിമറി; വീണ്ടും പരീക്ഷ എഴുതാൻ തയ്യാറാണെന്ന് വിദ്യാർത്ഥികൾ

കോഴിക്കോട് : മുക്കം നീലേശ്വരം സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ക്കു വേണ്ടി അധ്യാപകന്‍ പരീക്ഷ എഴുതിയ സംഭവത്തില്‍ വീണ്ടും പരീക്ഷ എഴുതാന്‍ വിദ്യാര്‍ത്ഥികള്‍ സമ്മതമറിയിച്ചു. വീണ്ടും പരീക്ഷ എഴുതണമെന്ന് ഹയര്‍സെക്കന്‍ഡറി വകുപ്പ് റിപ്പോര്‍ട്ട് നല്‍കിയ സാഹചര്യത്തിലാണ് വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതാൻ സമ്മതിച്ചിരിക്കുന്നത്. അതേസമയം പരീക്ഷാ നടത്തിപ്പിന്റെ ചുമതല വഹിച്ചിരുന്ന അധ്യാപകന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു.

ഹയര്‍സെക്കന്‍ഡറി വകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ടില്‍ വീണ്ടും പരീക്ഷ എഴുതണമെന്ന് വ്യക്തമാക്കിയതോടെയാണ് വിദ്യാര്‍ഥികള്‍ മുന്‍ നിലപാട് മാറ്റിയത്. അന്വേഷണം നീണ്ട് പോവുന്ന സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സേ പരീക്ഷ എഴുതാന്‍ താല്‍ക്കാലിക അനുമതി നല്‍കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പഴയ ഉത്തര കടലാസ് കണ്ടെത്തിയാലും അത് അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കിയിരിക്കുന്നത്. പരീക്ഷാ നടത്തിപ്പില്‍ ഗുരുതരമായ ക്രമക്കേട് ഉണ്ടായെന്നും റിപ്പോര്‍ട്ടിലുണ്ട്.

ഹയര്‍ സെക്കന്‍ഡറി ജോയിന്റ് ഡയറക്ടര്‍ ഡോ: എസ് എസ് വിവേകാനന്ദന്‍, ഡെപ്യൂട്ടി ഡയറക്ടര്‍ ഗോകുല്‍ കൃഷ്ണന്‍ എന്നിവര്‍ നീലേശ്വരം സ്‌കൂളില്‍ എത്തി മൊഴിയെടുത്തിരുന്നു. തുടര്‍ന്ന് തയ്യാറാക്കിയ റിപ്പോര്‍ട്ടാണ് ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ക്ക് സമര്‍പ്പിച്ചത്. വീണ്ടും പരീക്ഷ എഴുതാനില്ലെന്നായിരുന്നു നേരത്തെ വിദ്യാര്‍ഥികളും രക്ഷിതാക്കളും നിലപാട് എടുത്തിരുന്നത്. അതേസമയം കേസില്‍ പ്രതിയായ പരീക്ഷാ സൂപ്രണ്ട് നിഷാദ് വി മുഹമ്മദ് മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു.ഒളിവില്‍ കഴിയുന്ന അധ്യാപകരെ കണ്ടെത്താന്‍ ഇനിയും പോലീസിനാകാത്തത് വിമര്‍ശനത്തിനിടയാക്കിയിട്ടുണ്ട്.