ഉണ്ണികൃഷ്ണന്റെ ഗാഥ ഇന്നെവിടെ ? പ്രേക്ഷകര്‍ കാത്തിരുന്ന ചോദ്യത്തിനുത്തരം

വന്ദനം സിനിമയിലെ മോഹന്‍ലാലിന്റെ നായിക ഗാഥയെ ഓര്‍ക്കാത്ത മലയാളികളുണ്ടാവില്ല. പ്രിയദര്‍ശന്റെ വന്ദനവും, നാഗാര്‍ജുനയോടൊപ്പം മണിരത്‌നത്തിന്റെ സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റായിരുന്ന ഗീതാഞ്ജലിയും, പിന്നെ തെലുങ്കു ചിത്രമായ ഹൃദയാഞ്ജലിയിലും അവിസ്മരണീയമായ അഭിനയമുഹൂര്‍ത്തങ്ങള്‍ പകര്‍ന്നു നല്‍കിയ ഗിരിജ ഷെട്ടാര്‍ എന്ന മലയാളികളുടെ പ്രയങ്കരിയായ ഗാഥ ഇന്ന് എവിടെയാണ് ?

ഗിരിജ ഷെട്ടാര്‍ എന്നാണെങ്കില്‍ ഒന്നു ഗൂഗിള്‍ ചെയ്തു നോക്കൂ അപ്പോള്‍ അറിയാം പഴയ ഗാഥ ഇപ്പോള്‍ ആരാണെന്ന്.
ലോകമറിയുന്ന എഴുത്തുകാരി, പത്രപ്രവര്‍ത്തക, ബ്ലോഗര്‍. എല്ലാമാണ് ഇന്ന് ഗിരിജ. ചിത്രങ്ങളിലൂടെ പ്രേക്ഷകരെ ഒന്നാകെ വശീകരിച്ചുകളഞ്ഞ ആ സുന്ദരിയെ പിന്‍തുടരാനും അന്വേഷിച്ചു കണ്ടെത്താനും ശ്രമിച്ചവരൊക്കെ പരാജയപ്പെടുകയായിരുന്നു.

ഒരിക്കലും പ്രശസ്തിയുടെ വഴികളില്‍ ഗിരിജ നില്‍ക്കാനാഗ്രഹിച്ചില്ല. സിനിമ പൂര്‍ണമായും ഉപേക്ഷിച്ചെന്ന് പറയാനാകില്ല. വര്‍ഷങ്ങളുടെ ഇടവേളയ്ക്കു ശേഷം 2007ല്‍ സ്ലൈഡ് എവേ എന്ന സിനിമയില്‍ സുരയ ജസ്പാല്‍ എന്ന മുഖ്യകഥാപാത്രമായി ഗിരിജ വേഷമിട്ടിരുന്നു.

വന്ദനത്തിനു ശേഷം ഗിരിജ എങ്ങോട്ടു പോയി, ഗിരിജയുടെ ജീവിതത്തില്‍ എന്തു സംഭവിച്ചു എന്നൊക്കെ ആയിരമായിരം ചോദ്യങ്ങള്‍ പ്രേക്ഷകര്‍ക്ക് അവരോട് ചോദിക്കാനുണ്ട്. ലണ്ടനില്‍ ജനിച്ചു വളര്‍ന്ന ഗിരിജ മലയാളിയല്ല എന്നു പോലും വിശ്വസിക്കാന്‍ പലരും തയ്യാറായെന്നും വരില്ല. അച്ഛന്‍ ഇന്ത്യക്കാരനും അമ്മ വിദേശിയുമായ ഗിരിജ പതിനെട്ടാം വയസ്സില്‍ ക്‌ളാസിക്കല്‍ നൃത്തവും ഇന്ത്യന്‍ മതങ്ങളെയും പഠിക്കാന്‍ വേണ്ടി നടത്തിയ സന്ദര്‍ശനത്തിലാണ് സിനിമകളുടെ ഭാഗമായത്. അഭിനയം നിര്‍ത്തിയ ഗിരിജ തന്റെ പഠനവും അന്വേഷണവും മുഴുമിപ്പിച്ച ശേഷം ലണ്ടനിലേക്കു തന്നെ മടങ്ങി.

പഠിക്കുന്നകാലത്തേ ചെറു ജോലികള്‍ ചെയ്ത് പഠനചെലവിനുള്ള പണം കണ്ടെത്തിയിരുന്ന ശീലം പിന്നീട് ജീവിതത്തിലും കഠിനാധ്വാനം ചെയ്യാന്‍ ഗിരിജയെ സഹായിച്ചു. ആരുടെയും പിന്‍ബലമില്ലാതെ ഗിരിജ തന്റേതായ ഇടം കണ്ടെത്തി. പത്രപ്രവര്‍ത്തകയായി, എഴുത്തുകാരിയായി വളര്‍ന്നു. 2005 മുതല്‍ ഓണ്‍ലൈന്‍ മെഡിക്കല്‍ ജേണലായ ക്‌ളിനികയുടെ സീനിയര്‍ റിപ്പോര്‍ട്ടറാണ് ഗിരിജ.