‘ഉടലാഴ’ത്തിന്റെ ഓഡിയോ റിലീസ് ഇന്ന്

കൊച്ചി: ഉണ്ണികൃഷ്ണന്‍ ആവള സംവിധാനം ചെയ്യുന്ന ആദ്യ സിനിമ ‘ഉടലാഴ’ത്തിന്റെ ഓഡിയോ റിലീസ് ഇന്ന് വൈകുന്നേരം ബിട്ടിഎച്ച് സരോവരത്തില്‍ വെച്ച് നടക്കും. ഡോക്ടേഴ്‌സ് ഡിലെമയുടെ ബാനറില്‍ ഡോക്ടര്‍മാരായ രാജേഷ് കുമാര്‍ എം പി, മനോജ് കുമാര്‍ കെ.ടി, സജീഷ് എം. എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍.

ഫോട്ടോഗ്രാഫര്‍ എന്ന ചിത്രത്തിലൂടെ തിളങ്ങിയ മണി നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും വെള്ളിത്തിരയിലേക്ക് എത്തുന്നുവെന്ന പ്രത്യേകതയും ഉടലാഴത്തിനുണ്ട്. ഓഡിയോ റിലീസില്‍ കമല്‍, റസൂല്‍ പൂക്കുട്ടി, എം ജയചന്ദ്രന്‍, സിബി മലയില്‍, ലാല്‍ ജോസ്, ബി ഉണ്ണികൃഷ്ണന്‍, ഗോപി സുന്ദര്‍ തുടങ്ങിയ നിരവധി പ്രമുഖര്‍ പങ്കെടുക്കും. പിന്നണി ഗായിക സിതാര കൃഷ്ണകുമാര്‍, മിഥുന്‍ ജയരാജ് എന്നിവര്‍ ചേര്‍ന്നാണ് ‘ഉടലാഴ’ത്തിലെ പാട്ടുകള്‍ തയ്യാറാക്കിയിരിക്കുന്നത്. ഉണ്ണിക്കൃഷ്ണന്‍ ആവള , മനു മന്‍ജിത്ത് എന്നിവരുടെ വരികളില്‍ ഉള്ള നാലു പാട്ടുകള്‍ ബിജി ബാല്‍, പുഷ്പവതി, ജ്യോത്സന, സിതാര , മിഥുന്‍ എന്നിവരാണ് പാടിയത്.