‘ഉടലാഴം’ ചിത്രത്തിലെ പുതിയ പാട്ട് പുറത്തിറങ്ങി

 

ഇത്തവണത്തെ സംസ്ഥാന അവാര്‍ഡ് ജേതാക്കളായ അഞ്ചു പേര്‍ ഒന്നിക്കുന്ന ഉടലാഴം സിനിമയിലെ പുതിയ പാട്ട് പുറത്തിറങ്ങി. ‘മേടസൂര്യന്റെ’ എന്ന ഗാനത്തിന് സിതാരയും മിഥുന്‍ ജയരാജും ചേര്‍ന്നാണ് ഈണമിട്ടിരിക്കുന്നത്. ഗാനം ആലപിച്ചിരിക്കുന്നത് സിതാര തന്നെയാണ്. സിനിമയുടെ തിരക്കഥ, സംവിധാനം ഉണ്ണികൃഷ്ണന്‍ ആവളയാണ്.

പാട്ടിന് വരികള്‍ ഒരുക്കിയിരിക്കുന്നത് സംവിധായകന്‍ ഉണ്ണിക്കൃഷ്ണന്‍ ആവള തന്നെയാണ്. സംസ്ഥാന അവാര്‍ഡ് ജേതാക്കളായ സിതാര കൃഷ്ണകുമാര്‍ (ഗായിക), ഇന്ദ്രന്‍സ് (നടന്‍), അപ്പു ഭട്ടതിരി (എഡിറ്റിംഗ്), രംഗനാഥ് രവി (ശബ്ദസന്നിവേശം) മുത്തു (കളറിങ് – ചിത്രാഞ്ജലി) എന്നിവര്‍ ഈ പാട്ടിലും സിനിമയിലും കൈകോര്‍ക്കുന്നു. ഫോട്ടോഗ്രാഫര്‍ എന്ന ചിത്രത്തിലൂടെ അരങ്ങേറിയ മണി, അനുമോള്‍, ജോയ് മാത്യു, ഇന്ദ്രന്‍സ്, സജിത മഠത്തില്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. ചിത്രത്തിലെ ആദ്യമിറങ്ങിയ പൂമാതെ എന്ന ഗാനവും ഏറെ ജനശ്രദ്ധ നേടിയിരുന്നു.