ഉടമയെ കോടീശ്വരിയാക്കിയ മാന്ത്രിക പൂച്ച; ‘ഗ്രംപി’ ഇനി ഓര്‍മ്മ

സാമൂഹമാധ്യമങ്ങളില്‍ താരമായിരുന്ന ‘ഗ്രംപി പൂച്ച’ ഇനിയില്ല. ഭക്ഷണശാലയിൽ വെയിട്രസായി ജോലി ചെയ്തിരുന്ന തബത ബുന്ദിസെൻ എന്ന ഉടമയെ കോടീശ്വരിയാക്കിയ മാന്ത്രിക പൂച്ചയായിരുന്നു ഗ്രംപി.

ഫെയ്സ്ബുക്കിൽ 85 ലക്ഷം ആരാധകരുണ്ടായിരുന്ന, ഇൻസ്റ്റഗ്രാമിലും ട്വിറ്ററിലും ദശലക്ഷക്കണക്കിനാളുകൾ പിന്തുടർന്ന ഗ്രംപി ഏഴാമത്തെ വയസ്സിൽ അണുബാധയെത്തുടർന്നാണ് അരിസോണയിലെ വീട്ടിൽ മരിച്ചത്. ഗ്രംപിയുടെ വിയോ​ഗത്തിൽ നൂറ് കണക്കിന് ആളുകളാണ് ദുഃഖം പങ്കുവച്ചിരിക്കുന്നത്. 

‘ടര്‍ഡര്‍ സോസ്’ എന്നാണ് ​ഗ്രംപിയുടെ യഥാര്‍ത്ഥ പേര്. 2012ൽ ഒരു വെബ്സൈറ്റിൽ വന്ന ചിത്രമാണ് ടര്‍ഡര്‍ സോസിനെ ​ഗ്രംപിയാക്കിയത്. ഇതോടെ ലോകത്താകമാനമുള്ള ലക്ഷകണക്കിന് ആളുകളുടെ മനസിൽ ​ഗ്രംപി താരമായി. ​ഗ്രംപിയുടെ പ്രശസ്തി ഉയർന്നതോടെ തബത ബുന്ദിസെൻ ഹോട്ടലിലെ ജോലിയിൽ നിന്ന് രാജിവച്ചു. ശേഷം ടെലിവിഷൻ പരിപാടികളിലും സിനിമകളിലും അഭിനയിച്ച് ഗ്രംപി തന്റെ ഉടമയെ കോടീശ്വര പദവിയിലേയ്ക്ക് എത്തിച്ചു.

ഗ്രംപിയുടെ ചിത്രം ഉപയോ​ഗിക്കുന്നതിനെതിരായ പകർപ്പവകാശക്കേസിലൂടെ മാത്രം അഞ്ച് കോടി രൂപയാണ് ​തബതയ്ക്ക് ലഭിച്ചത്. ദിവസങ്ങൾ കഴിയുന്തോറും ​ഗ്രംപിയുടെ പേരിൽ നിരവധി ഉത്പന്നങ്ങളും വിപണികളിൽ സ്ഥാനം പിടിക്കുകയായിരുന്നു. മാഡം തുസ്സാഡ്സ് മ്യൂസിയത്തിൽ ​ഗ്രംപിയുടെ ഒരു മെഴുകു പ്രതിമയും സ്ഥാപിച്ചിട്ടുണ്ട്. 

ലക്ഷകണക്കിന് ആളുകളുടെ മനസ്സില്‍ സന്തോഷം നിറച്ച ഗ്രംപി പൂച്ച തങ്ങള്‍ക്ക് കുഞ്ഞിനെ പോലെയായിരുന്നെന്നാണ് ഉടമസ്ഥയും കുടുംബാം​ഗങ്ങളും പറയുന്നത്. ആരാധകരുടെ മനസ്സില്‍ ഗ്രംപി ഇനിയും ജീവിക്കുമെന്നും അവര്‍ പറയുന്നു.