ഈ മാസം 19 വരെ ശക്തമായ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

തിരുവനന്തപുരം: ഈമാസം 19 വരെ സംസ്ഥാനത്തെ ചില ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. 18ന് മലപ്പുറത്തും 19ന് ഇടുക്കി ജില്ലയിലും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ‘അതിശക്തമായ മഴയ്ക്കു സാധ്യത'(ഓറഞ്ച് അലേര്‍ട്ട്) പ്രഖ്യാപിച്ചിട്ടുണ്ട്.

ചൊവ്വാഴ്ച എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലും ബുധനാഴ്ച ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലും ദുരന്തനിവാരണ അതോറിറ്റി ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു. വ്യാഴാഴ്ച കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലും 19ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം ജില്ലകളിലും ജാഗ്രതാനിര്‍ദേശമുണ്ട്. 19 വരെ അറബിക്കടലില്‍ തെക്കുപടിഞ്ഞാറന്‍ ദിശയില്‍ മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റുവീശാനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്.