‘ഈ കഥയിലെ നായിക പൊന്നമ്മ ആയതുകൊണ്ട് പലരുടെയും തൂലിക ചലിക്കുന്നില്ല’

നടി സേതുലക്ഷ്മിയുടെ മകന് കിഡ്നി ദാനം ചെയ്യാൻ  പൊന്നമ്മ ബാബു തയാറായതിനെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ അധികം എഴുത്തുകളൊന്നും കണ്ടില്ലെന്ന് യുവാവിന്റെ കുറിപ്പ്. വലിയ ആരാധക പിൻബലമുള്ള ഒരു നടൻ ഇത്തരമൊരു പ്രഖ്യാപനം നടത്തിയിരുന്നുവെങ്കിൽ സൈബറിടങ്ങൾ വാഴ്ത്തുമൊഴികൾ കൊണ്ട് നിറയുമായിരുന്നെന്ന് തൃശൂര്‍ സ്വദേശി സന്ദീപ് ദാസ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

പുരോഗമന നിലപാടുകൾ കൊണ്ട് ശ്രദ്ധേയയായ ഏതെങ്കിലുമൊരു നടി ഇത് പറഞ്ഞിരുന്നുവെങ്കിലും നാം ആഘോഷിച്ചേനെ.പക്ഷേ ഈ കഥയിലെ നായിക പൊന്നമ്മ ആയതുകൊണ്ട് പലരുടെയും തൂലിക ചലിക്കുന്നില്ല. ദുഷ്ടകഥാപാത്രങ്ങളെയാണ് പൊന്നമ്മ അധികവും അവതരിപ്പിച്ചിട്ടുള്ളത്.അമ്മ എന്ന സംഘടന നടത്തുന്ന സ്ത്രീവിരുദ്ധ സ്കിറ്റുകളിൽ അവരെ കണ്ടിട്ടുമുണ്ട്. പൊന്നമ്മയെ ആളുകൾക്ക് വലിയ താത്പര്യമില്ലാത്തതിൻ്റെ കാരണങ്ങൾ ഇതൊക്കെയാകാം. സന്ദീപ് കുറിപ്പില്‍ കൂട്ടിച്ചേര്‍ത്തു.

സന്ദീപ് ദാസിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

മഹാരോഗം മൂലം വിഷമിക്കുന്ന കിഷോർ എന്ന യുവാവിന് (സീനിയർ നടി സേതുലക്ഷ്മിയമ്മയുടെ മകൻ) തൻ്റെ കിഡ്നി ദാനം ചെയ്യാൻ തയ്യാറാണെന്ന് നടി പൊന്നമ്മ ബാബു അറിയിച്ചിട്ടുണ്ട്. പക്ഷേ ഈ വിഷയത്തിൽ അധികം എഴുത്തുകളൊന്നും ഫെയ്സ്ബുക്കിൽ കണ്ടില്ല.

വലിയ ആരാധക പിൻബലമുള്ള ഒരു നടൻ ഇത്തരമൊരു പ്രഖ്യാപനം നടത്തിയിരുന്നുവെങ്കിൽ സൈബറിടങ്ങൾ വാഴ്ത്തുമൊഴികൾ കൊണ്ട് നിറയുമായിരുന്നു.പുരോഗമന നിലപാടുകൾ കൊണ്ട് ശ്രദ്ധേയയായ ഏതെങ്കിലുമൊരു നടി ഇത് പറഞ്ഞിരുന്നുവെങ്കിലും നാം ആഘോഷിച്ചേനെ.പക്ഷേ ഈ കഥയിലെ നായിക പൊന്നമ്മ ആയതുകൊണ്ട് പലരുടെയും തൂലിക ചലിക്കുന്നില്ല.

ദുഷ്ടകഥാപാത്രങ്ങളെയാണ് പൊന്നമ്മ അധികവും അവതരിപ്പിച്ചിട്ടുള്ളത്.അമ്മ എന്ന സംഘടന നടത്തുന്ന സ്ത്രീവിരുദ്ധ സ്കിറ്റുകളിൽ അവരെ കണ്ടിട്ടുമുണ്ട്.പൊന്നമ്മയെ ആളുകൾക്ക് വലിയ താത്പര്യമില്ലാത്തതിൻ്റെ കാരണങ്ങൾ ഇതൊക്കെയാകാം.

പക്ഷേ ഇപ്പോൾ അവർ ചെയ്തിരിക്കുന്നത് മഹത്തായ ഒരു കാര്യമാണ്.കയ്യടിക്കാതെ തരമില്ല.പൊന്നമ്മയ്ക്ക് അവയവദാനം നടത്താൻ കഴിയുമോ ഇല്ലയോ എന്നത് പരിശോധനകൾക്കുശേഷം മാത്രമേ വ്യക്തമാകൂ.പക്ഷേ ഇത്തരമൊരു നിലപാട് സ്വീകരിക്കുക എന്നത് വളരെ മാതൃകാപരമാണ്.

അവയവദാനത്തെ കുറച്ചുനാളുകൾക്ക് മുമ്പ് നടൻ ശ്രീനിവാസൻ എതിർത്തിരുന്നു.ഒരു ബുദ്ധിജീവി പരിവേഷമുള്ള ശ്രീനിയുടെ വാക്കുകൾ വരുത്തിവെച്ച ഡാമേജ് ചില്ലറയൊന്നുമല്ല. പിന്നീട് ആ വാക്കുകൾ ശ്രീനി പിൻവലിച്ചിരുന്നു.പക്ഷേ ആ വാർത്ത എത്ര പേർ കണ്ടു എന്നറിയില്ല.പൊതുവെ അങ്ങനെയാണ് കണ്ടുവരുന്നത്.ആവശ്യമില്ലാത്ത വാർത്തകളാണ് കൂടുതൽ പേരിലേക്ക് എത്തുക.

ഇപ്പോൾ തിയേറ്ററുകളിൽ ഒാടിക്കൊണ്ടിരിക്കുന്ന ജോസഫ് എന്ന സിനിമയും ഈ വിഷയത്തിൽ വലിയ ദ്രോഹം ചെയ്തിട്ടുണ്ട്.സിനിമ പോലൊരു ജനപ്രിയ മാദ്ധ്യമത്തിലൂടെ പറയുന്ന കാര്യങ്ങൾ ആളുകളെ വലിയ രീതിയിൽ സ്വാധീനിക്കും.

പ്രകൃതിചികിത്സകർ എന്നൊക്കെ സ്വയം വിശേഷിപ്പിക്കുന്ന ചിലർ അവയവദാനത്തിനെതിരെ സംസാരിക്കുന്നുണ്ട്.ആ വീഡിയോകൾക്ക് ആയിരക്കണക്കിന് ഷെയറുകൾ ലഭിക്കുന്നു.വാട്സ് ആപ്പിലൂടെ വ്യാജസന്ദേശങ്ങൾ പറപറക്കുന്നു.രോഗികളുടെ ജീവൻ തിരിച്ചുപിടിക്കാൻ രാവും പകലും പ്രയത്നിക്കുന്ന ഡോക്ടർമാരെയും ആരോഗ്യമേഖലയിലെ മറ്റു ജീവനക്കാരെയും അധിക്ഷേപിക്കുന്നു.

അവയവദാനത്തിലൂടെ മാത്രം രക്ഷപ്പെടാൻ കഴിയുന്ന ഒട്ടേറെ രോഗികൾ നമ്മുടെ സമൂഹത്തിലുണ്ട്.ഇത്തരം വ്യാജപ്രചരണങ്ങൾ അവരെ പുറകിൽ നിന്ന് കുത്തുന്നതിന് തുല്യമാണ്.കൃത്യസമയത്ത് അവയവം ലഭിക്കാത്തതുകൊണ്ട് മരണമടഞ്ഞ എത്രയോ ആളുകളുണ്ട്.

അവയവദാനത്തിലൂടെ ആയുസ്സ് നീട്ടിക്കിട്ടിയ ആളുകളോട് സംസാരിച്ചുനോക്കിയിട്ടുണ്ടോ? തനിക്ക് ജീവൻ്റെ ഭാഗം മുറിച്ചുതന്ന മനുഷ്യരെ അവർ ദൈവതുല്യരായിട്ടാണ് കണക്കാക്കുക.അതിനേക്കാൾ വലിയൊരു ഭാഗ്യം മനുഷ്യർക്ക് കിട്ടാനുണ്ടോ!?

പ്രിയപ്പെട്ട ഒരാൾ മരിച്ചാൽ നമ്മൾ ബന്ധുക്കൾക്കും നാട്ടുകാർക്കും സദ്യ കൊടുക്കും.വേറെ ഒരുപാട് കാര്യങ്ങൾ ചെയ്യും.പക്ഷേ അവയവദാനം എന്ന സദ്പ്രവൃത്തി ചെയ്യുന്നവർ വളരെ കുറച്ചുമാത്രം.

അങ്ങനെയൊരു സമൂഹത്തിലാണ് പൊന്നമ്മ ബാബു വെളിച്ചം വീശുന്നത്.താനൊരു മഹാകാര്യം ചെയ്യുന്നു എന്ന തോന്നൽ ഇല്ലാത്തതിനാൽ ഇത് വാർത്തയാക്കേണ്ടതില്ല എന്നാണ് അവർ പറഞ്ഞത്.പക്ഷേ ഇത് നമ്മൾ വാർത്തയാക്കണം.അത് മറ്റുള്ളവർക്ക് പ്രചോദനമാകണം.

അടുത്തറിയുമ്പോൾ നാം ആരാധിക്കുന്ന പല വിഗ്രഹങ്ങളും ഉടഞ്ഞുപോവാറുണ്ട്.അതുകൊണ്ട് പൊന്നമ്മ ബാബു എന്ന നടിയുടെ മുൻകാല നിലപാടുകൾ ഇവിടെ പരിഗണിക്കേണ്ട ആവശ്യമേയില്ല.

പൊന്നമ്മയെ സ്ക്രീനിൽ കാണിക്കുമ്പോൾ ആനയുടെ ചിന്നംവിളി പശ്ചാത്തലസംഗീതമായി കേൾപ്പിച്ച സിനിമാക്കാരുണ്ട്.അവരുടെ ശരീരപ്രകൃതിയെ ഒരുവട്ടമെങ്കിലും കളിയാക്കാത്തവരുണ്ടാകില്ല എന്ന് തോന്നുന്നു.നടിമാരോട് പൊതുവേ വളരെ മോശം മനോഭാവമാണ് മലയാളിയ്ക്ക്.പൊന്നമ്മയെപ്പോലുള്ളവരോട് പ്രത്യേകിച്ചും.

ഇനി ഖേദപ്രകടനത്തിൻ്റെ സമയമാണ്.ഒരു സിനിമാ ഡയലോഗ് കടമെടുത്ത് പറഞ്ഞാൽ…..

”ചേച്ചി പൊന്നമ്മയല്ല ; തങ്കമ്മയാണ്….”