‘ഈസ്റ്റേണ്‍ ഭൂമിക ഐക്കണിക് വിമന്‍ ഓഫ് യുവര്‍ ലൈഫ്’ അവാര്‍ഡ് കരസ്ഥമാക്കി ഡോ.ഷിംന അസീസ്‌

വിവിധ മേഖലകളില്‍ മികവ് തെളിയിച്ച വനിതകള്‍ക്ക്‌ ഈസ്റ്റേണ്‍ കമ്പനി ഏര്‍പ്പെടുത്തിയ ‘ഈസ്റ്റേണ്‍ ഭൂമിക ഐക്കണിക് വിമന്‍ ഓഫ് യുവര്‍ ലൈഫ്’ അവാര്‍ഡ് കരസ്ഥമാക്കി ഡോ.ഷിംന അസീസ്‌. മഞ്ചേരി ഗവണ്മെന്റ് മെഡിക്കൽ കോളേജിലെ ഡോക്ടറും എഴുത്തുകാരിയുമാണ്‌ ഡോ.ഷിംന അസീസ്‌.

ഷിംന  ഉള്‍പ്പടെ സാമൂഹിക രംഗത്ത് ക്രിയാത്മകമായ ഇടപെടലുകൾ നടത്തിയ 15 വനിതകളെയാണ് ഈസ്റ്റേൺ ഗ്രൂപ്പ് ആദരിച്ചത്. എറണാകുളം അസിസ്റ്റന്റ് കലക്ടർ പ്രാഞ്ജൽ പാട്ടീല്‍ കൊച്ചിയിൽ സംഘടിപ്പിച്ച ചടങ്ങിൽ പുരസ്കാരങ്ങൾ സമ്മാനിച്ചു.

Image result for ഡോ.ഷിംന അസീസ്‌

പൊതുജനങ്ങൾക്കിടയിൽ നിന്നാണ് അവാർഡിനായുള്ള നിർദ്ദേശങ്ങൾ സ്വീകരിച്ചത്. തുടർച്ചയായി അഞ്ചാം വർഷമാണ് ഈസ്റ്റേൺ ഗ്രൂപ്പ് ഭൂമിക പുരസ്കാരം സമ്മാനിക്കുന്നത്. ഈസ്റ്റേൺ ഗ്രൂപ്പ് ഡയറക്ടർ നഫീസാ മീരാന്റെ നേതൃത്വത്തിലാണ് ഭൂമിക അവാർഡ് സമിതിയുടെ പ്രവർത്തനം.

അതേസമയം പുരസ്‌കാരം ലഭിച്ചതില്‍ സന്തോഷവും അഭിമാനവുമുണ്ടെന്ന് ഡോ.ഷിംന അസീസ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ‘സ്‌നേഹിക്കുന്നവര്‍ക്കും വെറുക്കുന്നവര്‍ക്കും സാന്ത്വനപ്പെടുത്തുന്നവര്‍ക്കും വിമര്‍ശിക്കുന്ന ഓരോരുത്തര്‍ക്കും നന്ദി…’ഷിംന ഫെയ്‌സ്ബുക്ക് കുറിപ്പില്‍ കൂട്ടിച്ചേര്‍ത്തു.

Related image

ഡോ.ഷിംന അസീസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

കഴിഞ്ഞ വർഷം മലയാളി സ്‌ത്രീത്വത്തെ സ്വാധീനിച്ച വനിതകളിൽ ഒരുവളായി, ഈസ്‌റ്റേൺ ഭൂമിക അവാർഡ്‌ ജേതാവായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു.

അവാർഡ് ചടങ്ങിന് ഇന്ന്‌ കൊച്ചിയിൽ ഉണ്ടാവേണ്ടതായിരുന്നു… അത്രക്ക്‌ ആശിച്ചൊരു യാത്രയുമാണ്‌, പോവാൻ സാധിച്ചില്ല… പ്രിയ സുഹൃത്ത്‌ Divya Geeth സ്വാതന്ത്ര്യം ശ്വസിക്കുന്ന ഈസ്‌റ്റേൺ ഭൂമികയുടെ ശിൽപവും പ്രശസ്‌തിപത്രവും പൊന്നാടയും എനിക്കായി ഏറ്റ്‌ വാങ്ങി. എന്റെ ശബ്‌ദമായി അവിടെ സംസാരിച്ചു. നന്ദി പെണ്ണേ…

എന്നെ തിരഞ്ഞെടുത്തവർക്ക്‌ നന്ദി…
ഈസ്‌റ്റേൺ ഗ്രൂപ്പിന്‌ നന്ദി…

സ്‌നേഹിക്കുന്നവർക്കും വെറുക്കുന്നവർക്കും സാന്ത്വനപ്പെടുത്തുന്നവർക്കും വിമർശിക്കുന്നവർക്കും ഓരോരുത്തർക്കും നന്ദി, സ്‌നേഹം…

ഭൂമികയായ വനിതാദിനത്തിൽ ഇരട്ടിമധുരം പോലെ സ്‌കൂളിൽ മലയാളം പഠിപ്പിച്ച, എഴുതാനും വായിക്കാനും ഏറെ പ്രോത്‌സാഹിപ്പിച്ച പ്രിയപ്പെട്ട കൃഷ്ണൻ സാറിനോടൊപ്പം പഴയ ആറാംക്ലാസുകാരിയായി അദ്ദേഹം ജോലി ചെയ്യുന്ന കലാലയത്തിൽ വേദി പങ്കിട്ടു. ഉയർന്ന്‌ പറക്കാൻ വെമ്പുന്ന ചിറകുകളുമായി കുറേ പെൺപൂമ്പാറ്റകളെ കണ്ടു… പെണ്ണിനെ മനുഷ്യനായി അംഗീകരിക്കുന്ന കുറേ ആൺ പിറന്നവൻമാരേയും…

ഒരാഴ്ച മുൻപ് മാധ്യമം കുടുംബത്തിൽ നിന്നും സമാനമായൊരു അംഗീകാരം തേടിയെത്തിയപ്പോൾ പറഞ്ഞ വാചകങ്ങൾ ഇവിടെയും അത്രമേൽ ചേരുന്നതുകൊണ്ട് ആവർത്തിക്കട്ടെ, വീണുകിടക്കുന്ന സമയത്ത് ഇതൊക്കെ നൽകുന്ന അളവറ്റ ഊർജ്ജമുണ്ട്. ഒപ്പം സ്വകാര്യമായ ഒരുപാട് സന്തോഷങ്ങളുമുണ്ട്. ചിലതൊക്കെ ചില നേരങ്ങളോടൊപ്പം അളവറ്റ ഊർജത്തോടെ ചിലയ്‌ക്കുകയാണ്‌… തലയുയർത്തി നിൽക്കാൻ ഓർമ്മിപ്പിക്കുകയാണ്‌. ‘ശരി തിരഞ്ഞെടുത്തവളെന്ന്‌’ ഒരു കുന്ന്‌ നോവുകൾക്കിടയിലും മാറ്റൊലി കൊള്ളും വിധം ആർപ്പുവിളിക്കുകയാണ്‌.

സ്‌നേഹം, സന്തോഷം, അഭിമാനം.

ഒപ്പം, ചിലരുടെയെങ്കിലും ചുണ്ടിലെ ചിരിയാവാൻ കഴിഞ്ഞതാണ്‌ ഈ പെൺദിനം തന്ന വിലപിടിപ്പുള്ള സമ്പാദ്യം…