ഈശ്വർചന്ദ്ര വിദ്യാസാഗർ

സിജി കുന്നുംപുറം

നോര്‍ത്ത് കൊല്‍ക്കത്തയിലെ വിദ്യാസാഗര്‍ കോളേജിലുള്ള നവോത്ഥാന നായകന്‍ ഈശ്വര്‍ ചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമ തകര്‍ത്തു.മാദ്ധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന വിദ്യാസാഗര്‍ ആരാണ്? അദ്ദേഹത്തിന്റെ പ്രതിമ തകര്‍ത്തത് ബംഗാളിലെ ജനങ്ങളെ ഇത്രയധികം പ്രകോപിപ്പിക്കുന്നത് എന്ത്?

ബംഗാളിലെ മിഡ്‌നാപ്പൂർ ജില്ലയിലെ ബീർസിംഗ എന്ന കൊച്ചുഗ്രാമത്തില്‍ താക്കൂർദാസ്‌ ബാന്തോപാധ്യയയുടെയും ഭഗവതീദേവിയുടെയും മകനായി 1820 സപ്തംബർ 26 നാണ്‌ ഈശ്വർചന്ദ്ര വിദ്യാസാഗർ പിറന്നത്‌. ഈശ്വര്‍ ചന്ദ്ര ബന്ധോപാധ്യായ (ബാനര്‍ജി) എന്നായിരുന്നു ശരിക്കുള്ള പേര്. കുടിപ്പള്ളിക്കൂട’ത്തിൽ പഠനമാരംഭിച്ച വിദ്യാസാഗർ പഠനത്തിനായി കൽക്കട്ടയിലേക്ക്‌ താമസം മാറ്റി. ഒമ്പതാം വയസില്‍ കല്‍ക്കട്ടയിലെത്തി. ബുരാബസാറിലെ ഭാഗബത് ചരണിന്റെ വീട്ടിലായിരുന്നു വിദ്യാസാഗറിന്റെ താമസം. അമ്മയില്ലാതതിനാല്‍ ഭാഗബതിന്റെ മകള്‍ റായ്മണി മാതൃത്യ സ്നേഹം അവനു നല്‍കിയിരുന്നു .പില്‍ക്കാലത്ത് സ്ത്രീകളുടെ അവകാശങ്ങള്‍ക്കായുള്ള പ്രവര്‍ത്തനങ്ങളില്‍ വിദ്യാസാഗറിന് പ്രേരണ നല്‍കിയത്.

Image result for ishwar chandra vidyasagar

ഈശ്വർ 1829 മുതൽ 1839 വരെ സംസ്കൃത കലാലയത്തിൽ പഠിച്ചു. കടുത്ത പട്ടിണി അദ്ദേഹത്തിന്റെ പഠനത്തിന്‌ ഏറെ വെല്ലുവിളികൾ ഉയർത്തിയിരുന്നു. പലപ്പോഴും വഴിവിളക്കിന്റെ വെളിച്ചത്തിലിരുന്നായിരുന്നു അദ്ദേഹം പഠിച്ചിരുന്നത്‌.
കുടുംബത്തെ സഹായിക്കാനായി ഒഴിവു സമയങ്ങളില്‍ ജോലികളും ചെയ്തുകൊണ്ടാണ്‌ അദ്ദേഹം പഠനം തുടർന്നത്‌. അമ്മയുടെ അഭാവത്തിൽ വീട്ടുജോലികളും ചെയ്തശേഷമാണ്‌ അദ്ദേഹം പഠിക്കാൻ സമയം കണ്ടെത്തിയത്‌. ഇങ്ങനെ സാഹചര്യങ്ങളെല്ലാം പ്രതികൂലമായിരുന്നിട്ടും പഠിച്ച എല്ലാ ക്ളാസുകളിലും വിഷയങ്ങളിലും ഉയർന്ന മാർക്ക്‌ നേടി ഒന്നാമതായാണ്‌ ഈശ്വർചന്ദ്ര വിദ്യാസാഗർ തന്റെ പഠനം പൂർത്തിയാക്കിയത്‌.

Image result for ishwar chandra vidyasagar

പഠിച്ച എല്ലാ സ്ഥാപനങ്ങളിലും ഗുരുക്കന്മാരോട്‌ ഏറെ ആദരവും ബഹുമാനവും പുലർത്തിയ വ്യക്തിയായിരുന്നു വിദ്യാസാഗർ.
വ്യാകരണം, തർക്കശാസ്ത്രം, വേദാന്തം, കാവ്യം, ധർമശാസ്ത്രം തുടങ്ങി അനേക വിഷയങ്ങളിൽ അദ്ദേഹത്തിനുണ്ടായിരുന്ന പ്രാവീണ്യം ആരെയും അതിശയിപ്പിക്കുന്നതായിരുന്നു. സംസ്കൃതത്തിലും തത്ത്വശാസ്ത്രത്തിലും അദ്ദേഹത്തിന്റെ അറിവിനെ വെല്ലാൻ ആരും ഉണ്ടായിരുന്നില്ല. ഇക്കാരണങ്ങൾ കൊണ്ടുതന്നെയാണ്‌ അദ്ദേഹത്തിന്റെ അധ്യാപകരും കൂട്ടുകാരും ചേർന്ന്‌ ‘വിദ്യാസാഗർ’ എന്ന പേര്‌ നൽകി അദ്ദേഹത്തെ ആദരിച്ചത്‌. ‘അറിവിന്റെ സാഗരം സ്വന്തമാക്കിയവൻ’ എന്ന അർഥത്തിലാണ്‌ അദ്ദേഹത്തിന്‌ ആ പേര്‌ ലഭിച്ചത്‌. അങ്ങനെ ഈശ്വർചന്ദ്ര ബാന്തോപാദ്ധ്യ ഈശ്വർചന്ദ്ര വിദ്യാസാഗർ ആയി അറിയപ്പെടാൻ തുടങ്ങി.

Image result for ishwar chandra vidyasagar

1839ല്‍ നിയമബിരുദം നേടി. 1841ല്‍ ഇരുപത്തൊന്നാം വയസില്‍ ഫോര്‍ട്ട് വില്യം കോളേജിലെ സംസ്‌കൃത കോളേജിലെ ഡിപ്പാര്‍ട്ട്‌മെന്റ് തലവന്‍. 1846ല്‍ സംസ്‌കൃത കോളേജില്‍ അസി.സെക്രട്ടറി. ആദ്യ വര്‍ഷം തന്നെ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ സമൂലമായ പരിഷ്‌കരണം ഈശ്വര്‍ ചന്ദ്ര വിദ്യാസാഗര്‍ ആവശ്യപ്പെട്ടു.
വിദ്യാഭ്യാസം എല്ലാവർക്കും ലഭ്യമാക്കാനായി അദ്ദേഹം ബംഗാളിൽ അനേകം സ്കൂളുകൾ സ്ഥാപിച്ചു. പ്രത്യേകിച്ചും, പെൺകുട്ടികളുടെ പഠനകാര്യത്തിന്‌ അദ്ദേഹം ഏറെ പ്രാധാന്യം നൽകി. അവര്‍ക്കുവേണ്ടി മുപ്പതോളം സ്കൂളുകൾ സ്ഥാപിച്ചു. പെൺകുട്ടികളെ സ്കൂളിലയയ്ക്കാൻ ആവശ്യപ്പെട്ട്‌ അദ്ദേഹം ബംഗാളിലെ വീടുകൾതോറും കയറിയിറങ്ങി. അവരുടെ പഠനച്ചെലവിനായി ‘നാരിശിക്ഷാ ബാന്തർ’ എന്ന കർമപദ്ധതിക്കും അദ്ദേഹം രൂപംകൊടുത്തു.
ബ്രാഹ്ണ വിഭാഗങ്ങള്‍ക്കിടില്‍ നിലവിലുണ്ടായിരുന്ന ബഹുഭാര്യാത്വത്തിനെതിരെ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടു. കൗമാരക്കാരികളായ പെണ്‍കുട്ടികള്‍ വൃദ്ധരെ വിവാഹം കഴിക്കാന്‍ നിര്‍ബന്ധിതരായിരുന്ന അവസ്ഥയുണ്ടായിരുന്നു. വൃദ്ധരായ ഭര്‍ത്താക്കന്മാര്‍ മരിക്കുമ്പോള്‍ ഇവരെ യാഥാസ്ഥിതിക അനാചാരങ്ങള്‍ക്ക് വിധേയരാക്കിയിരുന്നു. വീട് വിട്ടുപോകാനോ അപരിചിതരെ കാണാനോ അനുവാദമുണ്ടായിരുന്നില്ല. പലരും അതിജീവനത്തിന്റെ ഭാഗമായി ലൈംഗികത്തൊഴിലാളികളായി.

1855 ൽ വിധവാ വിവാഹത്തിനായി വിദ്യാസാഗർ ശക്തമായി വാദിച്ചു. തുടർന്ന് വിധവാ വിവാഹത്തിന് അനുകൂലമായ ഒരു പ്രസ്ഥാനം തന്നെ ആരംഭിച്ചു. വിധവാ വിവാഹം നിയമവിധേയമാക്കി കൊണ്ട് ഒരു നിയമം പാസാക്കണം എന്നാവശ്യപ്പെട്ട് ബംഗാൾ, മുംബൈ, മദ്രാസ്, നാഗ്പൂർ എന്നിവിടങ്ങളിൽ നിന്നും മറ്റു നഗരങ്ങളിൽ നിന്നും ഗവൺമെന്റിന് നിവേദനങ്ങൾ സമർപ്പിക്കപ്പെട്ടു. ഈ പ്രക്ഷോഭങ്ങളുടെ ഫലമായി വിധവാ വിവാഹം നിയമവിധേയമാക്കി കൊണ്ട് സർക്കാർ നിയമം പാസാക്കി. ഉയർന്ന ജാതിക്കാർക്കിടയിലെ ആദ്യ നിയമാനുസൃത വിധവാവിവാഹം 1856 ഡിസംബർ ഏഴിന് വിദ്യാസാഗർ മേൽനോട്ടത്തിൽ കൊൽക്കത്തയിൽ ആഘോഷപൂർവ്വം നടന്നു. ഇതോടെ വിധവാവിവാഹം സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കിടയിലും വിദൂര ഗ്രാമങ്ങളിൽ സ്ത്രീകൾക്കിടയിൽ പോലും പ്രധാന ചർച്ചാ വിഷയമായി . അനുകൂലമായ സാമൂഹിക പ്രതികരണം ഇതോടെ ഉണ്ടായി.

വിദ്യാസാഗർ ദീർഘായുഷ്മാൻ ആകട്ടെ എന്ന വാചകം ബോർഡറിൽ നെയ്തെടുത്ത പ്രത്യേകതരം സാരി ഈ അവസരത്തിൽ ശാന്തിപ്പൂരിലെ നെയ്ത്തുകാർ പുറത്തിറക്കി. വിധവാ വിവാഹത്തിനായി പ്രവർത്തിച്ചതിനാൽ യാഥാസ്ഥിതികർ വിദ്യാസാഗറെ കടുത്ത ശത്രുവായും കരുതി. ജീവനു പോലും ഭീഷണി ഉണ്ടായെങ്കിലും അദ്ദേഹം അതൊന്നും വകവയ്ക്കാതെ മുന്നോട്ടു പോയി..
ബംഗാളി അക്ഷരമാല പഠിക്കുന്നതിനുള്ള തുടക്കമായി ഇപ്പോളും പിന്തുടരുന്നത് ബോര്‍ണോ പൊരിചൊയ് (Introduction to the letter) എന്ന വിദ്യാസാഗറിന്റെ പുസ്തകമാണ്. ബംഗാളി അക്ഷരമാലയെ 12 സ്വരാക്ഷരങ്ങള്‍, 40 വ്യഞ്ജനാക്ഷരങ്ങള്‍ എന്നിങ്ങനെ ക്രമീകരിച്ചു. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് വേണ്ടി വലിയ തോതിലുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തി. രാംഗോപാല്‍ ഘോഷ്, മദന്‍ മോഹന്‍ താര്‍കലങ്കര്‍ എന്നിവര്‍ക്കൊപ്പം പെണ്‍കുട്ടികള്‍ക്കായി നിരവധി സ്‌കൂളുകള്‍ സ്ഥാപിച്ചു. ജാതി, ലിംഗ ഭേദമന്യേ എല്ലാവര്‍ക്കും വിദ്യാഭ്യാസത്തിനുള്ള അവകാശത്തിനായി വാദിച്ചു. 1891 ജൂലായ് 29നാണ് ഈശ്വര്‍ ചന്ദ്ര വിദ്യാസാഗര്‍ അന്തരിച്ചത്. വിദ്യാസാഗറിനെ ടാഗോര്‍ ഇങ്ങനെ അനുസ്മരിച്ചു – ദൈവത്തിന്റെ ഒരു അദ്ഭുതസൃഷ്ടി. നാല് കോടി ബംഗാളികള്‍ക്കിടയില്‍ ഒരു മനുഷ്യന്‍.

Related image

ഈ നവോദ്ധാന നായകന്റെ പേരില്‍ വിവിധസ്ഥാപനങ്ങള്‍ അറിയപ്പെടുന്നു.പശ്ചിമ ബംഗാളിലെ ഹൂഗ്ലി നദിയുടെ ഒരു പാലമാണ് വിദ്യാസാഗർ സേതു (രണ്ടാം ഹൂഗ്ലി ബ്രിഡ്ജ് എന്നും അറിയപ്പെടുന്നു). കൊൽക്കത്തയുടെ ഇരട്ടനഗരമായ ഹൌറയെയും കൊൽക്കത്തയെയും ബന്ധിപ്പിക്കുന്ന ഈശ്വർ ചന്ദ്ര വിദ്യാസാഗർ എന്ന പേരിൽ നിന്നാണ് ഈ പാലം അറിയപ്പെടുന്നത്. 1994 മുതൽ പശ്ചിമബംഗാളിൽ വിദ്യാഭ്യാസം വ്യാപിപ്പിക്കുന്നതിനും സാമൂഹ്യ ബോധവൽക്കരണം വർധിപ്പിക്കുന്നതിനുമായി സമർപ്പിക്കപ്പെട്ട വിദ്യാസാഗർ മേള (ബംഗാളി: বিদ্যাসাগারা মেলা Biddashagor Mela). 2001 മുതൽ ഇത് കൊൽക്കത്തയിലും ബിർസിങ്ങയിലും ഒരേസമയം സംഘടിപ്പിക്കാറുണ്ട്. കൊൽക്കത്തയിലെ വിദ്യാസാഗർ കോളേജ് പാസിം മിഡ്നാപൂരിൽ വിദ്യാസാഗർ സർവ്വകലാശാലയുംനോർത്ത് 24 പർഗനാസിന്റെ ജില്ലാ കേന്ദ്രമായ ബരാസത്തിൽ വെച്ച് ബംഗാൾ ഗവൺമെന്റ് സ്ഥാപിച്ച വിദ്യാസാഗർ സ്റ്റേഡിയം, വിദ്യാസാഗർ ഹാൾ ഓഫ് റെസിഡൻസ്, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, ഖരഗ്പൂർ.ജാർഖണ്ഡിലെ ജംതാര ജില്ലയിലെ വിദ്യാസാഗർ റെയില്‍വേസ്റ്റേഷൻ., 1970 ലും 1998 ലും വിദ്യാസാഗർ ചിത്രം ആലേഖനം ചെയ്യ്ത തപാല്‍ സ്റ്റാമ്പ്‌ പുറത്തിറങ്ങി എന്നിവ അവയില്‍ ചിലതാണ്.