ഈശ്വര്‍ ചന്ദ്ര വിദ്യാസാഗറിന്‍റെ പ്രതിമ പുന:സ്ഥാപിച്ചു;ബംഗാള്‍ ഗുജറാത്താകില്ലെന്ന്‌ മമത

കൊല്‍ക്കത്ത: ബാംഗാളില്‍ തെരഞ്ഞെടുപ്പ് കാലത്തെ സംഘര്‍ഷത്തില്‍ തകര്‍ക്കപ്പെട്ട ഈശ്വര്‍ ചന്ദ്ര വിദ്യാസാഗറിന്‍റെ പ്രതിമ പുന:സ്ഥാപിച്ചു. മുഖ്യമന്ത്രി മമത ബാനര്‍ജി പുതിയ പ്രതിമ അനാഛാദനം ചെയ്തു.

സംസ്ഥാനങ്ങളുടെ വിധിയെന്താകണമെന്ന് തീരുമാനിക്കാന്‍ കേന്ദ്ര സര്‍ക്കാരിനെ അനുവദിക്കില്ലെന്നും ബംഗാളിനെ ഗുജറാത്താക്കാനാണ് ബിജെപിയുടെ ശ്രമമെന്നും മമത ബാനര്‍ജി ആരോപിച്ചു. രാഷ്ട്രപതി ഭരണം ആവശ്യപ്പെട്ട് റിപ്പോര്‍ട്ട് നല്‍കിയ ഗവര്‍ണര്‍ക്കെതിരെയും മമത തുറന്നടിച്ചു.

വിദ്യാസാഗര്‍ കോളജിനകത്തെ പ്രതിമ തകര്‍ക്കപ്പെട്ട് ഒരു മാസത്തിനകമാണ് അതേ സ്ഥലത്ത് പുനസ്ഥാപിച്ചിരിക്കുന്നത്. എട്ടരയടി ഉയരമുള്ള ഫൈബര്‍ ഗ്ലാസ് പ്രതിമയുമായി കൊല്‍ക്കത്ത നഗരത്തില്‍ പദയാത്ര നടത്തിയ ശേഷം ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി അനാഛാദനം നിര്‍വ്വഹിച്ചു. സിനിമ താരങ്ങളും എഴുത്തുകാരുമുള്‍പ്പെടെയുള്ള  പ്രമുഖര്‍ പങ്കെടുത്തു.