ഇ.പി ജയരാജന് നല്‍കാത്ത പരിഗണന ജലീലിന് നല്‍കുന്നു; മന്ത്രിയെ സംരക്ഷിക്കുന്നതില്‍ മുഖ്യമന്ത്രിക്ക് പ്രത്യേക താല്‍പ്പര്യമെന്ന് പി.കെ ഫിറോസ്‌

അനൂപ് കൈലാസനാഥ ഗിരി

മന്ത്രി ജലീലിന്റെ ബന്ധുവിനെ നിയമിച്ചതില്‍ ചട്ടംലംഘിച്ചിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ മറുപടി വാസ്തവവിരുദ്ധമാണെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്. മന്ത്രി ജലീല്‍ ചട്ടലംഘനം നടത്തിയതായി തെളിവുകളുടെ അടിസ്ഥാനത്തില്‍ യൂത്ത്‌ ലീഗ് പൊതുസമൂഹത്തിനുമുന്നില്‍ അവതരിപ്പിച്ചിരുന്നു. ചട്ടലംഘനം നടത്തിയിട്ടില്ലെന്ന ആരോപണങ്ങള്‍ക്ക് പകരം ഉന്നയിക്കപ്പെട്ട ആരോപണങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കുകയാണ് മുഖ്യമന്ത്രി ചെയ്യേണ്ടതെന്നും അദ്ദേഹം 24കേരളയോട് പറഞ്ഞു.

ജലീല്‍ ചട്ടലംഘനം നടത്തിയിട്ടില്ലെന്നും മുസ്ലീംലീഗിന് വിരോധമുള്ളതിനാലാണ് ആരോപണം ഉന്നയിക്കുന്നതെന്നുമാണ് മുഖ്യമന്ത്രി പറയുന്നത്. വിരോധമുള്ളതിനാല്‍ ആരോപണം ഉന്നയിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞാല്‍ കോണ്‍ഗ്രസിന് സിപിഎമ്മിനെതിരെയും ഇരുവര്‍ക്കും ബിജെപിക്കെതിരെയും ആരോപണം ഉന്നയിക്കാന്‍ കഴിയില്ല. വിഷയത്തില്‍ മുഖ്യമന്ത്രിക്ക് എന്തോ ഒളിച്ചുവയ്ക്കാനുണ്ട്. മന്ത്രിയെ സംരക്ഷിക്കുന്നതില്‍ മുഖ്യമന്ത്രിക്ക് പ്രത്യേക താല്‍പ്പര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നാല്‍പ്പത് വര്‍ഷം സിപിഎമ്മിന് വേണ്ടി പ്രവര്‍ത്തിച്ച ഇ.പി ജയരാജന് കൊടുക്കാത്ത പരിഗണന മന്ത്രി ജലീലിന് കൊടുക്കുന്നുണ്ടെങ്കില്‍ മുഖ്യമന്ത്രി എന്തിനെയോ ഭയക്കുന്നതായി കരുതേണ്ടി വരും. കെ.ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് രാഷ്ട്രീയപരമായും നിയമപരമായും യൂത്ത് ലീഗ് മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, ബന്ധുനിയമനം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട്  പ്രതിപക്ഷം നല്‍കിയ അടിയന്തരപ്രമേയത്തിന് മറുപടിയായാണ്‌ മന്ത്രി കെ.ടി.ജലീലിനെ പിന്തുണച്ച് മുഖ്യമന്ത്രി രംഗത്തെത്തിയത്‌. മന്ത്രി ജലീലിന്റെ ബന്ധുവായ അദീപിന്റെ നിയമനത്തിൽ ചട്ടംലംഘിച്ചിട്ടില്ല, മതിയായ യോഗ്യത ഉണ്ടന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് നിയമനമെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു. നിയമനം ഒരു രൂപപോലും നഷ്ടമുണ്ടാക്കിയില്ല. യുഡിഎഫിന്റെ കാലത്ത് അപേക്ഷ പോലും വാങ്ങാതെ നിയമനം നടത്തിയെന്നും മുഖ്യമന്ത്രി ആരോപിച്ചു.

അഴിമതി നടത്തിയെന്ന് വസ്തുതാപരമായി തെളിയിച്ചാല്‍ പൊതുജീവിതം അവസാനിപ്പിക്കുമെന്ന് നിയമസഭയില്‍ മന്ത്രി കെ.ടി.ജലീല്‍ പറഞ്ഞു. പ്രവര്‍ത്തന പരിചയമുള്ളയാളെ നിയമിക്കുന്നത് സാധാരണനടപടിയെന്നും ജലീല്‍ ആവര്‍ത്തിച്ചു. 12 വര്‍ഷമായി നിയമസഭയില്‍ നില്‍ക്കുന്നു. തെറ്റായി ഒന്നും ചെയ്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.