ഇ കെ നായനാരെ ഓഡിറ്റ് ചെയ്താല്‍ സ്ത്രീവിരുദ്ധനാണെന്ന് മനസിലാകുമെന്ന് വി ടി ബല്‍റാം

തിരുവനന്തപുരം: സിപിഎമ്മിന്‍റെ വലിയ ജനകീയ നേതാവായ ഇ കെ നായനാരുടെ കാലത്ത് ഇന്നത്തെപ്പോലെ സമൂഹമാധ്യമങ്ങളും ചാനലുകളും ഇല്ലാതിരുന്നത് കൊണ്ടാണ് അദ്ദേഹം ഇന്നും മാന്യനായിരിക്കുന്നതെന്ന് വി ടി ബല്‍റാം എംഎല്‍എ. മാന്യനായും ജനകീയനായും സരസനായും തറവാട്ടുകാരണവരായുമൊക്കെ ഇ കെ നായനാര്‍ നിലനില്‍ക്കുന്നത് അദ്ദേഹം ഓഡിറ്റ് ചെയ്യപ്പെടാത്തതുകൊണ്ടാണ്. നായനാരുടെ പഴയ പ്രസ്താവനകള്‍ ഓരോന്നായി എടുത്ത് പരിശോധിച്ചാല്‍ അതില്‍ വലിയ സ്ത്രീവിരുദ്ധത കണ്ടെത്താനാകുമെന്നും വി ടി ബല്‍റാം പറഞ്ഞു.

എകെജി ‘ബാലപീഡകന്‍’ ആണെന്ന തരത്തില്‍ വി ടി ബല്‍റാം മുമ്ബ് ഫേസ്ബുക്കില്‍ നടത്തിയ പരാമര്‍ശം വിവാദമായിരുന്നു. 1947ല്‍ കോയമ്ബത്തൂരില്‍ ജയിലില്‍ കഴിയുന്ന കാലത്ത് തന്നെ സന്ദര്‍ശിച്ച സുശീലയെപ്പറ്റി എകെജി ആത്മകഥയില്‍ എഴുതിയ ഭാഗം ഉദ്ധരിച്ചതായിരുന്നു അന്ന് വിവാദമായത്. ‘കോയമ്ബത്തൂര്‍ ജയിലില്‍ കിടക്കുമ്ബോള്‍ അവള്‍ എന്നെ വന്നുകണ്ടു. നാട്ടിലെ വളര്‍ന്നുവരുന്ന പ്രസ്ഥാനത്തോടൊപ്പം വളരുന്ന അവളോട് എനിക്ക് മമത തോന്നി’ എന്ന വാചകം ‘വളര്‍ന്നുകൊണ്ടിരിക്കുന്ന പ്രസ്ഥാനത്തോടൊപ്പം വളര്‍ന്നു വരുന്ന സുശീലയും എന്നില്‍ മോഹങ്ങള്‍ അങ്കുരിപ്പിച്ചു’ എന്ന് തെറ്റായി ഉദ്ധരിച്ചാണ് എകെജിയെ അന്ന് ബല്‍റാം ബാലപീഡകന്‍ എന്ന് വിശേഷിപ്പിച്ചത്.

ആലത്തൂര്‍ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിന് എതിരായി എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശത്തെക്കുറിച്ചുള്ള ചര്‍ച്ചയിലാണ് വി ടി ബല്‍റാം ഇ കെ നായനാരെ പരാമര്‍ശിച്ചത്. പാണക്കാട്ടെ തങ്ങളെ കണ്ടതിന് ശേഷം രമ്യ ഹരിദാസ് പോയത് കുഞ്ഞാലിക്കുട്ടിയെ കാണാനാണെന്നും അതൊടെ ആ കുട്ടിയുടെ കാര്യം എന്താവുമെന്ന് തനിക്ക് പറയാനാവില്ല എന്നുമായിരുന്നു പൊന്നാനിയിലെ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ എ വിജയരാഘവന്‍ പറഞ്ഞത്. എല്‍ഡിഎഫിന് ചേരുന്ന കണ്‍വീനറാണ് വിജയരാഘവനെന്നും നായനാര്‍ പോലും സ്ത്രീവിരുദ്ധനാണെന്ന് പരിശോധിച്ചാല്‍ മനസിലാകും എന്നുമായിരുന്നു വി ടി ബല്‍റാമിന്‍റെ പരാമര്‍ശം.