ഇ​ന്ത്യ​ന്‍ പൈ​ല​റ്റി​നെ ഉ​ട​ന്‍ മോ​ചി​പ്പി​ക്ക​ണം; ഇമ്രാന്‍ ഖാനോട് ഫാത്തിമ ഭൂട്ടോ

വാ​ഷിം​ഗ്ട​ണ്‍: പാക് കസ്റ്റഡിയിലുള്ള ഇന്ത്യന്‍ വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധനെ വിട്ടയക്കണമെന്ന് ഇമ്രാന്‍ ഖാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ട് പാക് എഴുത്തുകാരി ഫാത്തിമ ഭൂട്ടോ. മുന്‍ പാക് പ്രസിഡന്‍ഡ് സുല്‍ഫിക്കര്‍ അലി ഭൂട്ടോയുടെ കൊച്ചുമകളാണ് ഫാത്തിമ. സമാധാനത്തോടുള്ള നമ്മുടെ പ്രതിബദ്ധത കണക്കിലെടുത്ത് ഇന്ത്യന്‍ പൈലറ്റിനെ വിട്ടയക്കണമെന്നാണ് താനടക്കമുള്ള പാക് യുവത രാജ്യത്തോട് ആവശ്യപ്പെടുന്നതെന്ന് ഫാത്തിമ ഭൂട്ടോ ന്യൂയോര്‍ക്ക് ടൈംസില്‍ കുറിച്ചു.

”ഒരു ജീവിതകാലം മുഴുവന്‍ നമ്മള്‍ യുദ്ധത്തിനായി മാറ്റി വച്ചു. എനിക്ക് പാക് സൈന്യം മരിക്കുന്നത് കാണേണ്ട. ഇന്ത്യന്‍ സൈന്യം മരിക്കുന്നതും എനിക്ക് കാണേണ്ട. നമ്മള്‍ അനാഥരുടെ ഉപഭൂഖണ്ഡമാകരുത്” എന്നും ഫാത്തിമ പറഞ്ഞു.

”എന്‍റെ തലമുറ സംസാരിക്കുന്നതിനുള്ള സ്വാതന്ത്ര്യത്തിനായി പോരാടിയവരാണ്. സമാധാനത്തിന് വേണ്ടി ശബ്ദമുയര്‍ത്താന്‍ ഞങ്ങള്‍ക്ക് മടിയില്ല…. സൈനിക സ്വേഛാധിപത്യവും ഭീകരവാധവുമടക്കമുള്ള നീണ്ട നാളത്തെ ചരിത്രം എന്‍റെ തലമുറയ്ക്ക് ഉണ്ടാക്കിയ അനിശ്ചിതത്വം യുദ്ധത്തോടുള്ള ആസക്തി ഇല്ലാത്തവരും സഹിഷ്ണുതയുള്ളവരുമാക്കി… ഒരിക്കലും അയല്‍ രാജ്യത്തോട് സമാധാനപരമായി എന്‍റെ രാജ്യം ഇടപെടുന്നത് കണ്ടിട്ടില്ല. ആദ്യമായാണ് രണ്ട് ആണവ രാജ്യങ്ങള്‍ തമ്മില്‍ ട്വിറ്ററിലൂടെ യുദ്ധം ചെയ്യുന്നത് കാണുന്നത്” – ഫാത്തിമ ഭൂട്ടോ വ്യക്തമാക്കി.