ഇസ്‌ലാമിക തീവ്രവാദം യാഥാർഥ്യമാകുമ്പോൾ

വെള്ളാശേരി ജോസഫ്

ഇന്ത്യയിൽ സ്വന്തം പ്രവിശ്യയ്ക്കു രൂപം നൽകിയെന്ന് ഐസിസ് ഭീകരരുടെ അവകാശവാദം എത്തുന്നൂ. ‘വിലായ ഓഫ് ഹിന്ദ്’ (ഇന്ത്യയിലെ പ്രവിശ്യ) എന്ന തീവ്രവാദ സംഘടനയുമായാണ് ഐസിസ്-ൻറ്റെ ഇന്ത്യയിലേക്കുള്ള വരവ്. ഇറാഖിലും സിറിയയിലും സ്വയം നിയന്ത്രിത പ്രദേശങ്ങൾ രൂപീകരിച്ചതിൻറ്റെ തുടർച്ചയായാണ് ഇന്ത്യയിലും പ്രവിശ്യ രൂപവൽക്കരിച്ചതെന്ന് ഐസിസ് പറയുന്നു. കഴിഞ്ഞ ഈസ്റ്റർ ദിവസം ശ്രീലങ്കയിലെ കൃസ്ത്യൻ പള്ളികളിലും, പഞ്ച നക്ഷത്ര ഹോട്ടലുകളിലും ഉണ്ടായ സ്ഫോടങ്ങളിൽ 253 പേർ കൊല്ലപ്പെട്ടതൊക്കെ ഇന്ത്യയിലും, അയൽ രാജ്യങ്ങളിലും ഐസിസ് ഭീകരത വ്യാപിപ്പിക്കാനുള്ള ഇസ്ലാമിക് സ്റ്റേറ്റിൻറ്റെ നീക്കങ്ങളായി വേണം കാണാൻ.

സത്യത്തിൽ വളരെയധികം ഭീതിയോടെ വീക്ഷിക്കേണ്ട ഒന്നാണോ ഇസ്ലാമിക് സ്റ്റേറ്റിൻറ്റെ ഭീകരത? ആണെന്ന് വേണം പറയാൻ. ആണവ ശക്തിയായ പാക്കിസ്ഥാനിലെ അസ്ഥിരത ലോകം മുഴുവൻ ഭയക്കുന്ന ഒന്നാണ്. അത് കൂടാതെയാണ് ലോകത്തിലെ രണ്ടാമത്തെ വമ്പൻ സൈനിക ശക്തിയായിരുന്ന മുൻ സോവിയറ്റ് യൂണിയൻ തകർന്നപ്പോഴുണ്ടായ അസ്ഥിരത. മുൻ സോവിയറ്റ് റിപ്പബ്ലിക്കുകളിലും, റഷ്യയിലും, ഇറാക്കിലും, സിറിയയിലും, ലെബനനിലുമൊക്കെ അമേരിക്കയും, പാശ്ചാത്യ ശക്തികളുമാണ് വളരെ ആസൂത്രിതവും, സംഘടിതവുമായി അസ്ഥിരത പടർത്തിയത്.

Image result for isis india

മധ്യേഷ്യയിലുള്ള മുൻ സോവിയറ്റ് റിപ്പബ്ലിക്കുകളിൽ പലതിലും ഇസ്‌ലാമിക തീവ്രവാദം ശക്തി പ്രാപിച്ചിട്ടുണ്ട്.
റഷ്യയിൽ നിന്ന് 7000 പേർ ഐസിസിൽ ചേർന്നിട്ടുണ്ട് എന്നാണ് റഷ്യൻ ടിവി തന്നെ മുമ്പ് പറഞ്ഞത്. ആണവായുധങ്ങളും, രാസ-ജൈവ ആയുധങ്ങളും റഷ്യയിലും, മുൻ സോവിയറ്റ് റിപ്പബ്ലിക്കുകളിലും ഉണ്ടായിരുന്നു. സോവിയറ്റ് യൂണിയൻ തകർന്നപ്പോൾ ഈ റിപ്പബ്ലിക്കുകളിൽ അസ്ഥിരത പടർന്നു. ആ സന്ദർഭത്തിൽ ഇത്തരം ആയുധങ്ങൾ തീവ്രവാദികൾക്ക് കൈമാറ്റം ചെയ്യപ്പെട്ടിട്ടുണ്ടോ എന്ന് ലോകത്തിന് വലിയ നിശ്ചയമൊന്നുമില്ല. അത്തരം വൻ നശീകരണ ശേഷിയുള്ള ആണവായുധങ്ങളും, രാസ-ജൈവ ആയുധങ്ങളും ഇസ്ലാമിക തീവ്രവാദികളുടെ കൈകളിൽ എത്തിപ്പെട്ടാൽ എന്ത് സംഭവിക്കും എന്നും ലോകത്തിന് അറിയില്ല. അങ്ങനെയൊക്കെ സംഭവിച്ചാൽ പിന്നെ പേടിക്കാതിരിക്കാതെ പറ്റുമോ? കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ബിബിസിയിൽ ഒരു അഭിമുഖത്തിൽ പങ്കെടുത്തു കൊണ്ട് ഒരാൾ പാക്കിസ്ഥാൻ ആണവനിലയങ്ങൾക്കു നേരെ നടന്ന ആക്രമണങ്ങൾ കൃത്യം തീയതി ഒക്കെ ഉദ്ധരിച്ച് എണ്ണിയെണ്ണി പറഞ്ഞത് ഓർക്കുന്നു.

Image result for isis india

മറ്റൊന്ന് ഇപ്പോഴത്തെ ‘ഡിജിറ്റൽ’ തീവ്രവാദമാണ്. ‘കീബോർഡ് വർഗീയ വാദികൾ’ കണ്ടമാനം കേരളത്തിലും, ഇന്ത്യയിലും, ലോകത്തിൻറ്റെ എല്ലാ ഭാഗങ്ങളിലും ഇന്ന് ഉണ്ട്. ലോകത്തിൻറ്റെ ഏതെങ്കിലും ഒരു കോണിലുള്ള ശീതീകരിച്ച മുറിയിൽ ഇരുന്ന് പ്രവർത്തിക്കുന്നത് കൊണ്ട് എവിടുന്നാണീ തീവ്രവാദ പ്രചാരണങ്ങളൊക്കെ നടക്കുന്നത് എന്ന് കണ്ടുപിടിക്കുക വളരെ ബുദ്ധിമുട്ടാണ്. അങ്ങനെ തീവ്രവാദം പ്രചരിപ്പിക്കുന്ന ‘വാട്ട്സ്ആപ്പ് ഗ്രൂപ്പുകൾ’ ഇപ്പോൾ വളരെയധികം ഉണ്ടല്ലോ. അവർ ആരെയൊക്കെയാണ് സ്വാധീനിക്കുന്നതെന്നും.

കാസർകോട് പടന്നയിൽ നിന്ന് ഐസിസിനു വേണ്ടി അഫ്ഗാനിസ്ഥാനിൽ പോയവരുടെ തീവ്രവാദ ബന്ധത്തെ കുറിച്ച് വീട്ടുകാർക്ക് പോലും യാതൊരു ധാരണയും ഇല്ലായിരുന്നുവല്ലോ. എൻഐഎ കുറച്ചു ദിവസങ്ങൾക്ക് മുമ്പ് അറസ്റ്റ് ചെയ്ത റിയാസ് അബൂബേക്കറിൻറ്റെ കാര്യവും അതുപോലെയൊക്കെ തന്നെ ആയിരുന്നു. മലയാളി അറിയാതെ എത്ര റിയാസ് അബൂബേക്കർമാർ കേരളത്തിൽ ഉണ്ടാകും? ആർക്കറിയാം?

Image result for isis kerala

തീവ്രവാദം ‘ഹൈടെക്’ ആയി മാറുമ്പോൾ ഉയരുന്ന ചോദ്യമാണിത്. ഇത് ഫെയ്സ് ബുക്കിൻറ്റെയും, സോഷ്യൽ മീഡിയയുടെയും, ഇൻറ്റെർനെറ്റിൻറ്റെയും ഒക്കെ കാലമാണ്. പണ്ട് അമേരിക്കയിലെ നാഷണൽ സെക്യൂരിറ്റി ഏജൻസിക്ക് ഏക്കർ കണക്കിന് കമ്പ്യൂട്ടർ ശ്രുംഖല ഉണ്ടായിരുന്നു. പക്ഷെ ഇന്ന് അവരൊക്കെ എത്ര നിരീക്ഷിച്ചാലും പിടിക്കാൻ പറ്റാത്ത രീതിയിലേക്ക് കാര്യങ്ങൾ മാറി കഴിഞ്ഞു.

തീവ്രവാദ സംഘടനകളിലെ സൈബർ പോരാളികൾ ഇനി അമേരിക്കയിലെയും, യൂറോപ്പിലെയും സൈനിക പാസ് വേർഡുകൾ ഹാക്ക് ചെയ്താൽ ലോകം ഭീതിയുടെ കാലത്തേക്കായിരിക്കും പോകുക. അതൊക്കെ അമേരിക്കൻ ടെലിവിഷൻ സീരിയലുകൾ ഇപ്പോൾ തന്നെ കാണിക്കുന്നുണ്ട്. ഇപ്പോഴുള്ള ഡ്രോൺ ആക്രമണങ്ങളിൽ അമേരിക്കയുടേയും പാശ്ചാത്യ ശക്തികളുടേയും ‘പാസ് വേർഡുകൾ’ മോഷ്ടിച്ച് അവർക്കെതിരെ ആക്രമണം നടത്തുന്നത് അമേരിക്കൻ ടിവി സീരിയലായ ’24’ ഒക്കെ കാണിക്കുന്നുണ്ട്. അമേരിക്കയിലെ ‘കൗണ്ടർ ടെററിസം യൂണിറ്റിനെ’ കുറിച്ചുള്ള ആ അമേരിക്കൻ ടെലിവിഷൻ സീരിയൽ ഇന്ത്യയിലും പലരും കണ്ടതാണ്. ഇപ്പോൾ ഇതൊക്കെ ‘സയൻസ് ഫിക്ഷൻ’ എന്ന തലത്തിലേ വന്നിട്ടുള്ളൂ. ഭാവിയിൽ ഇത് യാഥാർഥ്യമാകുകയാണെങ്കിൽ ഇതൊക്കെ ഇൻറ്റെർനെറ്റും, നല്ല കമ്പ്യൂട്ടർ നെറ്റ് വർക്കുമുണ്ടെങ്കിൽ ലോകത്ത് എവിടെയിരുന്നും ചെയ്യാം. ഇങ്ങനെയുള്ള കാലത്താണ് തീവ്രവാദ ബന്ധവും, തീവ്ര മത ബോധത്തിന് അടിമപ്പെട്ടുള്ള മതം മാറ്റവും ഒക്കെ വലിയ വിഷയങ്ങളാവുന്നത്.

Image result for isis kerala

അമേരിക്കൻ ടെലിവിഷൻ സീരിയലായ ‘ഹോംലാൻഡും’ മറ്റനേകം ടെലിവിഷൻ സീരിയലുകകളും അമേരിക്കയിൽ പ്രത്യേകിച്ച് അമേരിക്കയിലെ കറുത്ത വർഗക്കാർക്കിടയിൽ, സ്വാധീനമുണ്ടാക്കുന്ന ഇസ്‌ലാമിക തീവ്രവാദത്തെ കുറിച്ച് കാണിക്കുന്നുണ്ട്. അമേരിക്കയിലെ കറുത്ത വർഗക്കാരിൽ പലരും ‘മുസ്‌ലിം ബ്രദർഹുഡ്’ എന്ന ആശയത്തിൽ ആകൃഷ്ടരായി ഇസ്‌ലാം മതം സ്വീകരിച്ചിട്ടുണ്ട്. ‘ലിബറൽ കോസ്മോപോളിറ്റൻ’ സംസ്കാരത്തിൻറ്റെ ഭാഗമായ അമേരിക്കൻ മുസ്ലീമുകൾക്കിടയിൽ ഇതുവരെ തീവ്രവാദത്തിന് സാധ്യത ഇല്ലായിരുന്നു. പക്ഷെ ഇപ്പോഴത്തെ കാര്യങ്ങൾ പഴയത് പോലെയല്ല. യൂറോപ്പ്യൻ രാജ്യങ്ങളിൽ നിന്നും അനേകം പേർ ഐസിസിൽ ചേർന്നതായി നേരത്തെ മാധ്യമ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. അമേരിക്കയിൽ ആസൂത്രണം ചെയ്ത പല തീവ്രവാദ ആക്രമണങ്ങളും അവസാന നിമിഷമാണ് പിടിക്കപ്പെട്ടിട്ടുള്ളത്.

ഇസ്‌ലാമിക തീവ്രവാദം എങ്ങനെ ചെറുക്കപ്പെടണം? ലളിതമായ പരിഹാരങ്ങൾ ഇല്ലെന്ന് തന്നെയാണ് പറയാനുള്ളത്. തീവ്രവാദികൾ ഏതു മതക്കാർ ആയാലും ഒന്നുതന്നെ. ആധുനിക സമൂഹത്തിൽ മതവും, വിശ്വാസവും ഒരു വ്യക്തിയുടെ സ്വകാര്യതയുടെ മാത്രം ഭാഗമാകുകയാണ് വേണ്ടത്. ഹിന്ദുവിനു വേണ്ടിയും, ഇസ്ലാമിനു വേണ്ടിയും ആരും പ്രതിനിധീകരിച്ചു വരേണ്ട ഒരു കാര്യവുമില്ല. പ്രതിനിധീകരിച്ചു വരികയാണെങ്കിൽ അത് തങ്ങളുടെ സമുദായത്തിലെ എല്ലാവരുടെയും സർവോതോന്മുഖമായ ഉയർച്ചക്കു വേണ്ടി പ്രവർത്തിക്കുന്നവരായിരിക്കണം. പക്ഷെ അങ്ങനെ എല്ലാവരുടെയും സാർവത്രികമായ പുരോഗതിക്കുവേണ്ടി പ്രവർത്തിക്കുവാൻ ഇവിടുത്തെ യാഥാസ്ഥിതിക മത നേതൃത്വം സമ്മതിക്കില്ല.

Related image

രാമചന്ദ്ര ഗുഹയുടെ ‘ഇന്ത്യ അഫ്റ്റർ ഗാന്ധി – ദ് ഹിസ്റ്ററി ഓഫ് ദ് വേൾഡ്സ് ലാർജെസ്റ്റ് ഡെമോക്രസി’യിൽ ഇന്ത്യൻ മുസ്ലീങ്ങളെ കുറിച്ച് അദ്ദേഹം നടത്തുന്ന ശ്രദ്ധേയമായ ഒരു നിരീക്ഷണം നടത്തുന്നുണ്ട്. ഇന്ത്യൻ മുസ്ലീങ്ങൾക്ക് നല്ലൊരു ‘റോൾ മോഡൽ’ ഇല്ല എന്നതാണ് അവരുടെ പിന്നോക്കാവസ്ഥയ്ക്ക് കാരണമെന്ന്. മൗലാനാ ആസാദും, ബെഹ്റുദീൻ ത്യാബ്ജിയും പോലുള്ള നേതാക്കൾക്ക് മറ്റു സമുദായങ്ങളിലേതു പോലെ ശക്തമായ ഒരു മധ്യവർഗത്തെ ഇന്ത്യൻ മുസ്ലീങ്ങൾക്കിടയിൽ സൃഷ്ടിക്കുവാൻ സാധിച്ചില്ല. ഇന്നത്തെ നേതാക്കളായ മദനിയും, ഒവൈസിയും, അബ്ദുള്ളാ ബുഖാരിയുമൊക്കെ അങ്ങേയറ്റം പ്രതിലോമകരമായ ആശയങ്ങളെ പ്രതിനിധീകരിക്കുന്നവരാണ്.
മുസ്ലിങ്ങളെ പ്രതിനിധീകരിക്കുന്നു എന്ന് അവകാശപ്പെട്ടു ചർച്ചകളിൽ പങ്കെടുക്കുന്നവരിൽ ഒരു ഹമീദ് ചേന്ദമംഗലൂരിനേയോ, കാരശ്ശേരി മാഷിനേയോ മാറ്റി നിർത്തിയാൽ മിക്കവരും അങ്ങേയറ്റം യാഥാസ്ഥിതികരും മത മൗലികവാദികളും ഒളിഞ്ഞും തെളിഞ്ഞും തീവ്രവാദത്തെ പിന്തുണയ്ക്കുന്നവരുമാണ്. ഇത്തരം പ്രചാരണങ്ങളൊക്കെ ഇസ്‌ലാമിക തീവ്രവാദത്തിന് ശക്തി പകരുന്നുമുണ്ട്.

പാക്കിസ്ഥാൻ ഇസ്‌ലാമിക തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നതാണ് ‘ഹിന്ദുത്വ രാഷ്ട്രീയം’ ഇന്ത്യയിൽ ശക്തിപ്പെടാൻ ഒരു പ്രധാന കാരണമെന്നാണ് ചരിത്രകാരനായ രാമചന്ദ്ര ഗുഹ പറയുന്നത്. നമ്മുടെ അയൽരാജ്യമായ പാക്കിസ്ഥാനിലെ ദേശീയ വികാരം ഇപ്പോഴും മതത്തിൽ അധിഷ്ടിതമാണ്. എപ്പോഴൊക്കെ സാമ്പത്തികമായും, ആഗോളതലത്തിലും ഇന്ത്യ മേൽക്കൈ നേടുന്നുവോ അപ്പോഴൊക്കെ പാക്കിസ്ഥാനിലെ ഇസ്ലാമിക തീവ്രവാദ സംഘടനകൾ ഇന്ത്യക്കെതിരെ മതം ആയുധമാക്കും.ദുബായിലും ലണ്ടനിലും ഒക്കെ ഫ്ളാറ്റുകളും, വില്ലകളും ഒക്കെ ഉള്ള അങ്ങേയറ്റം അഴിമതിക്കാരായ ഭരണ വർഗമാണ് ഇവർക്ക് പിന്തുണ നൽകുന്നത് എന്നതാണ്‌ രസകരം. സാധാരണ ജനത്തെ വഴി തെറ്റിക്കുവാൻ മതത്തെ ഉപയോഗിക്കുന്ന ഇത്തരം വർഗീയ വാദികളുടെ അടുത്തുകൂടെ പോലും ഭക്തിയോ ആത്മീയതയോ പോകുന്നില്ല.

Image result for isis kerala

പാക്കിസ്ഥാൻറ്റെ പ്രതിഫലം പറ്റുന്ന ഇന്നത്തെ കാശ്മീരിലെ വിഘടന വാദി നേതാക്കളും സാധാരണക്കാരല്ല. ആധുനികതക്കെതിരെ പൃഷ്ഠം കാണിക്കുന്ന ഇന്ത്യയിലെ യാഥാസ്ഥിതികരായ മുസ്‌ലീം മതനേതാക്കളിൽ പലരും മുസ്ലീം രാജ്യങ്ങൾ തന്നെ നിരോധിച്ചിട്ടുള്ള ‘മുത്തലാക്കി’നെ പിന്താങ്ങുന്നവരാണ്. ബുർഖ, തൊപ്പി, താടി എന്നൊക്കെ പറഞ്ഞു മുസ്ലീങ്ങളുടെ സ്വത്വബോധത്തെ കുറിച്ച് പ്രസംഗിക്കുന്നവർ പലപ്പോഴും സാധാരണ ജനത്തെ വഴി തെറ്റിക്കുന്നവരാണ്. കുറെ മാസങ്ങൾക്കു മുമ്പ് നാഷണൽ ജ്യോഗ്രഫിക് ഐസിസ്-നെ കുറിച്ച് ദീർഘമായ ഡോക്കുമെൻറ്ററി സംപ്രേക്ഷണം ചെയ്തിരുന്നു. ‘പെറ്റി ക്രിമിനൽസ്’ എന്നാണ് ഐസിസ്-കാരെ നാഷണൽ ജ്യോഗ്രഫിക് വിശേഷിപ്പിച്ചത്. ഈ ക്രിമിനലുകൾക്കൊക്കെ എങ്ങനെ മതത്തിൻറ്റെ പേരിൽ വളരാൻ അവസരമൊരുങ്ങുന്നു? കേരളത്തിൽ ഫ്ളാഷ് മോബ് കളിച്ച മുസ്ലിം പെൺകുട്ടികൾക്കെതിരെ സോഷ്യൽ മീഡിയയിൽ പ്രചാരണം വന്നപ്പോൾ ഒരു ഡാൻസ് ചെയ്തത് ഇസ്ലാം വിരുദ്ധമായി അവതരിപ്പിക്കുന്നവർ ഇസ്ലാമിന് നിഷിദ്ധമായ കള്ളനോട്ടടി, സ്വർണ്ണ കള്ളക്കടത്ത്, മയക്കുമരുന്ന് കടത്ത്, പെൺവാണിഭം, അഴിമതി തുടങ്ങിയ വിഷയങ്ങളിലൊന്നും എതിർപ്പ് പ്രകടിപ്പിക്കുകയോ അത്തരക്കാരെ മഹൽ കമ്മറ്റികൾ വിലക്കണമെന്നും പുറത്താക്കണമെന്നും ആവശ്യപ്പെടാത്തത് എന്തുകൊണ്ട് എന്നൊരു ചോദ്യം ഹമീദ് ചേന്ദമംഗലൂർ കുറെ നാൾ മുമ്പ് ഒരു ടി.വി. ചർച്ചയിൽ ചോദിച്ചെങ്കിലും ചർച്ചയിൽ പങ്കെടുത്ത മറ്റു പലരും ഉത്തരം പറയാൻ പോലും ധൈര്യപ്പെട്ടില്ല. ഇത്തരം ചോദ്യങ്ങൾക്കൊന്നും ഉത്തരമില്ലാത്തതാണ് യഥാർഥത്തിലുള്ള കുഴപ്പം.

Related image

ബിജെപിയുടേയും സംഘപരിവാറിൻറ്റെയും പലപ്പോഴുമുള്ള സമീപനങ്ങളും ഇസ്‌ലാമിക തീവ്രവാദത്തെ ക്രിയാത്മകമായി ചെറുക്കപെടാൻ ഉതകുന്നതല്ല. മൊത്തം ജനസംഖ്യയുടെ 14.2 ശതമാനം വരുന്ന ജനവിഭാഗമാണ് ഇന്ത്യയിലെ മുസ്ലീങ്ങൾ. 2011ലെ സെൻസസ് അനുസരിച്ച് 172 മില്യൺ അഥവാ 17 കോടി വരുന്ന സംഖ്യ. ഇന്തോനേഷ്യയും പാക്കിസ്ഥാനും കഴിഞ്ഞാൽ ലോകത്തിലെ ഏറ്റവും കൂടുതൽ മുസ്ലീങ്ങളുള്ള രാജ്യമാണ് ഇന്ത്യ. എന്നുവെച്ചാൽ ലോകത്തിലെ മൂന്നാമത്തെ ഏറ്റവും വലിയ മുസ്ലിം ജനസമൂഹം ഇന്ത്യയിലാണെന്ന് ചുരുക്കം. അത്രയും വലിയൊരു ജനതതിയെ അടിച്ചൊതുക്കി ഭരിക്കാമെന്ന് ബിജെപിയും, സംഘപരിവാറും വിചാരിക്കുന്നുണ്ടെങ്കിൽ അത് തീർത്തും മൗഢ്യമാണ്. സോഷ്യൽ മീഡിയയിൽ കൂടി ന്യൂന പക്ഷങ്ങളെ സ്ഥിരം അവഹേളിക്കുമ്പോൾ ബിജെപിക്കാരും സംഘപരിവാറും അവർ സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കുകയാണെന്ന വസ്തുത മനസിലാക്കുന്നില്ല.

സമീപ കാലത്ത് ഇന്ത്യയിൽ ഉയർന്നു വന്ന തീവ്രവാദങ്ങൾ ആയിരുന്നു സിക്ക് തീവ്രവാദവും, തമിഴ്‌നാട്ടിൽ എൽടിടിയോടുള്ള അനുഭാവവും. രണ്ട്‌ ഇന്ത്യൻ പ്രധാന മന്ത്രിമാർക്ക് ആ തീവ്രവാദങ്ങൾ ഉയർത്തിയ വെല്ലുവിളിയിൽ ജീവൻ നഷ്ടപ്പെട്ടു. ഇന്ദിരാ ഗാന്ധിയുടെ ശരീരത്തില് എത്ര വെടിയുണ്ടകൾ തുളച്ചു കയറി എന്ന് പോസ്റ്റുമാർട്ടം ചെയ്ത ഡോക്ടർമാർക്ക് പോലും അറിയില്ല. രാജീവ് ഗാന്ധിയുടെ ബോംബ് സ്ഫോടനത്തിലൂടെ ചിന്നി ചിതറിയ ശരീര ഭാഗങ്ങൾ തുന്നി കെട്ടിയപ്പോൾ അത് ചെയ്ത ഒരു ഡോക്റ്റർ പോലും മോഹാലസ്യപ്പെട്ട് വീണു എന്നാണ് ജീവ ചരിത്രകാരന്മാർ പറയുന്നത്. പക്ഷെ ഇതൊക്കെയാണെങ്കിലും ഇന്ത്യ സധൈര്യം സിക്ക്-തമിഴ് തീവ്രവാദത്തെ നേരിട്ടു. എൽടിടിഇ തീവ്രവാദത്തിനെതിരേ ശക്തമായ ഭരണ നടപടികൾ എടുത്ത തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതക്ക് ഒരുകാലത്ത് പ്രധാനമന്ത്രിക്കുള്ളതിനേക്കാൾ സുരക്ഷ ഉണ്ടായിരുന്നു. നീണ്ട ബുള്ളറ്റ് പ്രൂഫ് ജാക്കറ്റും, ബുള്ളറ്റ് പ്രൂഫ് വാഹനങ്ങളും, കമാണ്ടോകളുടെ ഒരു വലിയ നിരയുമായിട്ടായിരുന്നു തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത അക്കാലങ്ങളിൽ സഞ്ചരിച്ചിരുന്നത്. കേന്ദ്ര ഏജൻസിയായ സിബിഐയും എൽടിടിഇ തീവ്രവാദത്തെ നേരിടാൻ ജയലളിതക്ക് പൂർണ പിന്തുണ കൊടുത്തു.

Related image

ലോകം ഏറ്റവും കൂടുതൽ ഭയപ്പെട്ട എൽടിടിഇ എന്ന തമിഴ് പുലികളുടെ തീവ്രവാദത്തെ ശക്തമായ ഭരണ നടപടികളിലൂടെ തമിഴ്‌നാട്ടിൽ നിന്ന് ഇല്ലാതാക്കാൻ ജയലളിതക്ക് കഴിഞ്ഞു. ‘ഖാലിസ്ഥാൻ’ അവകാശമുന്നയിച്ച സിക്ക് തീവ്രവാദികളും ക്രൂരതയുടെ കാര്യത്തിൽ ഒട്ടും മോശക്കാരല്ലായിരുന്നു. ഇന്ദിരാ ഗാന്ധി കൊല്ലപ്പെട്ടതിന് പുറമെ ലോൻഗോവാളും, ലളിത് മാക്കനും, ജനറൽ വൈദ്യയും അടക്കം അനേകം പേർ സിക്ക് തീവ്രവാദികളാൽ കൊല്ലപ്പെട്ടു. സിഖ് തീവ്രവാദികൾ ഇത്തരം പ്രതികാര നടപടികൾ തുടർന്നപ്പോഴും സിഖ് സമുദായത്തിനെതിരെ കോൺഗ്രസ്സ് ഒരുകാലത്തും നിലകൊണ്ടില്ല എന്നതാണ് അക്കാലത്തെ കോൺഗ്രസ്സ് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നേട്ടം.1984-ലെ സിക്ക് വിരുദ്ധ കലാപത്തിന് ശേഷം ആഭ്യന്തര മന്ത്രിയായത് സിഖുകാരനായ ബൂട്ടാ സിംഗ് ആയിരുന്നു. പഞ്ചാബിൽ അന്നും ഇന്നും സിഖുകാരനാണ് കോൺഗ്രസിൻറ്റെ മുഖ്യമന്ത്രി. സിഖുകാരനായ ഡോക്ടർ മൻമോഹൻ സിംഗ് കോൺഗ്രസിൻറ്റെ പൂർണ പിന്തുണയോടെ 10 വർഷം പ്രധാന മന്ത്രി പദം അലങ്കരിച്ചു. ഡോക്ടർ മൻമോഹൻ സിംഗ് രണ്ടു തവണ പാർലെൻമെൻറ്റിൽ സിഖ് കലാപത്തിന് മാപ്പു പറഞ്ഞു. മോണ്ടേക് സിംഗിനെ പോലെ അനേകം സിഖുകാർ കോൺഗ്രസ് ഭരണകാലത്ത് ഉന്നത സ്ഥാനങ്ങൾ വഹിച്ചു. ഇതുപോലെ മുസ്ലീം ജന സമൂഹത്തിൻറ്റെ വിശ്വാസം ആർജിക്കാൻ ബിജെപിക്ക് എന്നെങ്കിലും കഴിഞ്ഞിട്ടുണ്ടോ? ഇനി ഭാവിയിലെങ്കിലും കഴിയുമോ? ഇവിടെയാണ് തീവ്രവാദം നേരിടുന്നതിൽ ബിജെപിയുടെ നേതൃ ത്വത്തിലുള്ള കേന്ദ്ര സർക്കാരും, അനേകം സംസ്ഥാന സർക്കാരുകളും പരാജയമാകുന്നത്. മുസ്ലീം വോട്ട് ഞങ്ങൾക്ക് വേണ്ടാ എന്നു പറയുന്ന അനേകം നേതാക്കന്മാർ ഉള്ള ബിജെപി പോലത്തെ ഒരു പാർട്ടിയിൽ നിന്ന് കോൺഗ്രസ് സിഖ് സമുദായവുമായും, തമിഴ് സമുദായവുമായും സാധിച്ചെടുത്തത് പോലെയുള്ള ഒരു ‘വിശ്വാസമാർജിക്കൽ’ പ്രക്രിയ എന്നെങ്കിലും തുടക്കം കുറിക്കപ്പെടുമോ? ഒരു ‘വിശ്വാസമാർജിക്കൽ’ പ്രക്രിയ ബിജെപിയും, മുസ്‌ലീം സമൂഹവുമായി തുടങ്ങാതെ ഇസ്‌ലാമിക തീവ്രവാദത്തെ നമുക്ക് എപ്പോഴെങ്കിലും ചെറുക്കാനാവുമോ? പലരും ഉത്തരം പറയേണ്ട ചോദ്യങ്ങളാണിവ.