ഇസ്രായേൽ – പലസ്തീൻ ചരിത്രം

റജീബ് ആലത്തൂർ

ലോകത്തിലെ മൂന്ന് പ്രബല മതസമൂഹങ്ങൾക്ക് ഒരുപോലെ പ്രാധാന്യമുള്ള പ്രദേശമാണ് പലസ്തീൻ. യഹൂദരും ക്രൈസ്തവരും മുസ്ലിംങ്ങളും ഒരുപോലെ ആദരിക്കുകയും അംഗീകരിക്കുകയും ചെയ്യുന്ന നിരവധി പ്രവാചകന്മാരുടെ പാദസ്പർശമേറ്റ ഇടം കൂടിയാണത്. എന്നാൽ ഇന്ന് ലോകത്ത് ഏറ്റവും കൂടുതൽ സംഘർഷങ്ങളും ഏറ്റുമുട്ടലുകളും നടക്കുന്ന പ്രദേശം കൂടിയാണ് പലസ്തീൻ. പാശ്ചാത്യ സാമ്രാജ്യത്വ കുടിലതന്ത്രങ്ങളാണ് ഇതിന് വഴിയൊരുക്കിയത്.

1896 ൽ പുറത്തുവന്ന ‘ദേർ ജൂതൻസ്റ്റാറ്റ്’ (Der Judenstaat) എന്ന കുറിപ്പിൽ ഹെർസൽ, ജൂതന്മാർക്ക് ഭൂരിപക്ഷമുള്ള ഒരു രാജ്യം സ്ഥാപിക്കണമെന്ന നിർദ്ദേശം മുന്നോട്ടുവച്ചു. പൂർവ്വ യൂറോപ്പിലും റഷ്യയിലും ജൂതന്മാർ അനുഭവവിക്കുന്ന കൊടിയ പീഡനമായിരുന്നു അതിനു പറഞ്ഞ കാരണം. ജൂതസ്റ്റേറ്റ് രൂപീകരിക്കുന്നതു സംബന്ധമായ തീരുമാനമെടുക്കാനായി 1897 ൽ ഒന്നാം സയണിസ്റ്റ് കോൺഫറൻസ് വിളിച്ചുചേർത്തു. ഹേഴ്സലിന്റെ നേതൃത്വത്തിൽ നടന്ന കോൺഫറൻസ്, അമ്പത് വർഷത്തിനകം ജൂതരാഷ്ട്രം സ്ഥാപിക്കുമെന്ന തീരുമാനമെടുത്താണ് പിരിഞ്ഞത്. 1901 ൽ ചേർന്ന സയണിസ്റ്റ് കോൺഫറൻസ് ജൂതദേശീയ ഫണ്ടിനു രൂപം നൽകി.

Image result for israel and palestine history

സയണിസ്റ്റുകൾ അമേരിക്കൻ ഭരണകൂടത്തെ സ്വാധീനിച്ചു. ഒന്നാം ലോകയുദ്ധത്തിൽ ബ്രിട്ടൻ അമേരിക്കയുടെ സഹായം തേടിയപ്പോൾ, ഇസ്രായേൽ രാഷ്ട്ര സ്ഥാപനത്തിന് വഴിയൊരുക്കണമെന്ന വ്യവസ്ഥ വക്കുകയും ബ്രിട്ടൻ അതംഗീകരിക്കുകയും ചെയ്തു. 1916 മെയ്‌ 16 ന് ബ്രിട്ടനും ഫ്രാൻസും റഷ്യയും ചേർന്നുണ്ടാക്കിയ സൈക്സ്-പിക്കോ ഉടമ്പടിയനുസരിച്ച് മിഡിൽഈസ്റ്റിലെ അവശേഷിക്കുന്ന രാജ്യങ്ങൾ പങ്കിട്ടെടുക്കാൻ തീരുമാനമായി. ബാഗ്ദാദ് ഉൾപ്പെടെ മെസൊപ്പൊട്ടോമിയയുടെ (ആധുനിക ഇറാക്കിന്റെ ഭൂരിഭാഗം പ്രദേശങ്ങളും, സിറിയയുടെ വടക്കു കിഴക്കൻ‍ പ്രദേശങ്ങളും, തുർക്കിയുടെ തെക്കു കിഴക്കൻ ഭൂഭാഗങ്ങളും ഇറാന്റെ തെക്കൻ പ്രദേശങ്ങളും ഉൾപ്പെടുന്ന സ്ഥലമാണ് മെസൊപ്പൊട്ടോമിയ) ദക്ഷിണ ഭാഗം ഒന്നായി കൈവശപ്പെടുത്താൻ ഇത് ബ്രിട്ടന് അവസരമൊരുക്കി.

പലസ്തീൻ ബ്രിട്ടന്റെ പിടിയിലമർന്നതോടെ ജൂത കുടിയേറ്റം വളരെ വേഗത്തിലും അനായാസമായും നടപ്പാക്കാൻ അവർക്ക് സാധിച്ചു. സാമ്രാജ്യത്വ ശക്തികളുടെ ഇത്തരം ഗൂഢാലോചനയുടെ അന്ത്യത്തിലാണ് 1947 നവംബർ 29 ന് ഐക്യരാഷ്ട്രസഭ കുപ്രസിദ്ധമായ 181 ആം പ്രമേയം പാസ്സാക്കുന്നത്. 1948 മെയ്‌ 15 ന് ബ്രിട്ടീഷ് സേന പലസ്തീനിൽ നിന്ന് പിന്മാറാനും പലസ്തീനെ വെട്ടിമുറിച്ച് ഇസ്രായേൽ രാഷ്ട്രം സ്ഥാപിക്കാനുമായിരുന്നു തീരുമാനം. അങ്ങനെയൊരു വലിയ വഞ്ചനയിലൂടെയാണ് സയണിസ്റ്റ് ദേശീയ രാഷ്ട്രം നിലവിൽ വന്നത്. അന്നുമുതലിന്നോളം അവിടെ വെടിയൊച്ച നിലക്കുകയോ രക്തം വറ്റുകയോ ചെയ്തിട്ടില്ല. ലോകത്തിലെ ഏറ്റവും വലിയ അഭയാർത്ഥി സമൂഹമായി പലസ്തീനികൾ മാറാനും ഈ സയണിസ്റ്റ് രാഷ്ട്രം കാരണമായി.

Related image

പലസ്തീനിലെ സംഭവവികാസങ്ങൾ ദിനേന വാർത്താ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നുവെങ്കിലും അവിടെ നടക്കുന്ന സംഘർഷത്തിന്റെ യാഥാർഥ്യമോ ചരിത്രമോ മനസ്സിലാക്കിയിട്ടുള്ളവർ വളരെ ചുരുക്കമാണ്. വാർത്താമാധ്യമങ്ങളിലൂടെ ലഭിക്കുന്ന വിവരങ്ങളാകട്ടെ പലപ്പോഴും വികലമാക്കപ്പെട്ടതും പാശ്ചാത്യൻ-അമേരിക്കൻ വീക്ഷണങ്ങളെ പ്രതിഫലിപ്പിക്കുന്നതുമാണ്. പലസ്തീന്റെ പുരാതന ചരിത്രം മുതൽ ആധുനിക ചരിത്രം വരെ ഈ ലേഖന പാരമ്പരയിൽ വിവരിക്കുന്നതാണ്. ചരിത്രസംഭവങ്ങളെ കാലാനുക്രമമായും പരസ്പരം ഇഴചേർത്തും വിവരിക്കുക എന്നത് ഈ ലേഖന പരമ്പരയുടെ മുഖ്യ ഉദ്ദേശമായി കരുതുന്നു.

പലസ്തീനിലെ ആദ്യത്തെ ജനാധിവാസം/കുടിയേറിപ്പാർപ്പ് എന്നായിരുന്നു എന്നത് ഇപ്പോഴും അജ്ഞാതമാണ്. കാലനിർണ്ണയം ചെയ്യാനുതകുന്ന തെളിവുകളൊന്നും തന്നെ ഇതുവരെ കണ്ടുകിട്ടിയിട്ടില്ല. ക്രിസ്തുവിനു മുമ്പ് BC 14 ആം നൂറ്റാണ്ടിൽ അവിടെ അധിവാസമുറപ്പിച്ചിരുന്ന ‘നതുഫിയ്യൂൻ’ (Natufian/Natoufiyyun) എന്നു പറയുന്ന ഒരു സംഘം ഗോത്രങ്ങളെക്കുറിച്ചുള്ളതാണ് ലഭ്യമായ ആദ്യത്തെ തെളിവുകൾ. അവരെക്കുറിച്ച് സൂചിപ്പിക്കുന്ന പുരാവസ്തുക്കൾ ലഭിച്ചിട്ടുണ്ട്. പക്ഷെ, ആരായിരുന്നു അവരെന്ന് ആർക്കുമറിയില്ല. അവർ എവിടെ നിന്ന് വന്നവരായിരുന്നു എന്നതും അജ്ഞാതമാണ്. എങ്കിലും പലസ്തീനിലെ ജനാധിവാസത്തെ സൂചിപ്പിക്കുന്ന ആദ്യത്തെ രേഖകളാണ് അവരുടെ പുരാവശിഷ്ടങ്ങൾ.

Related image

BC 18 ആം നൂറ്റാണ്ടിൽ അവിടെ ഉണ്ടായിരുന്ന ഒരു പട്ടണത്തിന്റെ അവശിഷ്ടങ്ങളും ലഭ്യമായിട്ടുണ്ട്. ഇന്ന് അരീഹാ (ജെറീക്കോ-Jericho) എന്ന് വിളിക്കപ്പെടുന്ന പട്ടണമാണത്. ലോകത്തിലെ ഏറ്റവും പഴക്കമുള്ള പട്ടണമാണതെന്ന് ചില ഗവേഷകർ അഭിപ്രായപ്പെടുന്നു. പുര കെട്ടിത്താമസിക്കാൻ തുടങ്ങിയതിന്റെ ആദ്യ അടയാളങ്ങൾ കാണുന്നത് അരീഹായിലാണ്. എന്നാൽ ഈ വീടുകളിൽ ആരാണ് താമസിച്ചിരുന്നത് എന്ന് അറിയാൻ കഴിഞ്ഞിട്ടില്ല. അഥവാ അവിടത്തെ ആദിമനിവാസികളാരെന്നോ അവർ അവിടേക്ക് വന്നത് എവിടെ നിന്നാണെന്നോ ഇതുവരെ അറിവായിട്ടില്ല.

പലസ്തീനിലെ മനസ്സിലാക്കപ്പെട്ട പുരാവശിഷ്ടങ്ങളിൽ ആദ്യത്തേത് കനാനികളുമായും (Canaanites) അമൂറികൾ (Amorites) എന്ന് വിളിക്കപ്പെടുന്ന മറ്റൊരു ജനവിഭാഗവുമായും ബന്ധപ്പെട്ടതാണ്. ‘ജസീറത്തുൽ അറബിൽ’ (ജസീറത്തുൽ അറബ് /Arabian Peninsula എന്ന് പറയുന്നത് അറേബ്യൻ ഉപദ്വീപിനെയാണ്. അത് ഇന്നത്തെ യമൻ, ഒമാൻ, ഖത്തർ, യു.എ.ഇ, കുവൈത്ത്, സൗദി അറേബ്യ, ഇറാഖ്, സിറിയ, ജോർദ്ദാൻ, ഇസ്രായേൽ, ലെബനാൻ, സീനായ് (ഇജിപ്ത്ത്) അടങ്ങിയ പ്രദേശമാണ്) നിന്ന് വടക്കോട്ട് പാലായനം ചെയ്ത് സിറിയയിലും പലസ്തീനിലും കുടിയേറിയവരാണ് ഈ ഗോത്രസമൂഹങ്ങൾ. പലസ്തീന്റെ ചരിത്രത്തിൽ വ്യക്ത്വവും സുസ്ഥാപിതവുമായ വസ്തുതയാണിത്. പാശ്ചാത്യരും പൗരസ്ത്യരുമായ എല്ലാ ചരിത്രകാരന്മാരും ഇക്കാര്യം സമ്മതിച്ചിട്ടുണ്ട്. പലസ്തീനിലെ ആദിമനിവാസികളെ സംബന്ധിച്ചുള്ള രേഖപ്പെടുത്തപ്പെട്ട ആദ്യത്തെ ചരിത്രമാണിത്. അറബികളായ കനാനികളും അമൂറികളുമാണ് പലസ്തീനിലെ ആദ്യത്തെ കുടിയേറ്റക്കാരാണെന്നാണ് അത് പറയുന്നത്. യാഹൂദികളെക്കുറിച്ച് ഈ ചരിത്രത്തിൽ ഒന്നും പറയുന്നില്ല. ഇതിന് ശേഷം പല നൂറ്റാണ്ടുകൾ കഴിഞ്ഞാണ് അവരെക്കുറിച്ചുള്ള ആദ്യ പരാമർശം പോലും വരുന്നത്.

Related image

ജസീറത്തുൽ അറബിൽ നിന്ന് വടക്കോട്ട് പാലായനം ചെയ്ത ഗോത്രങ്ങൾ അനേകമുണ്ട്. അവരിൽ ചിലർ സിറിയയുടെ വിവിധ ഭാഗങ്ങളിൽ താമസമുറപ്പിച്ചു. ചിലർ ഇറാഖിലെത്തി. ഒരു വിഭാഗം ഈജിപ്തിലേക്ക് നീങ്ങി. ഈ പാലായകരിൽ കനാനികളുമുണ്ടായിരുന്നു. കനാനികൾ പലസ്തീൻ താഴ്വരയിലാണ് താമസമാക്കിയത്. യാബീസികളായിരുന്നു (Jabusites) മറ്റൊരു വിഭാഗം. അവർ ഖുദ്സിന്റെ (Al-Quds- വിശുദ്ധമായത് എന്നർത്ഥം വരുന്ന ജെറുസലേമിന്റെ അറബി നാമം) ഭാഗത്ത് താമസമാക്കി. അന്ന് ഖുദ്‌സ്/ജെറുസലേം സ്ഥാപിതമായിട്ടില്ല. മറ്റൊരു വിഭാഗം പർവതങ്ങളിൽ താമസമുറപ്പിച്ചു. ഫിനിഷ്യരും (Phoenicians) അമൂറികളുമായിരുന്നു (Amorites) അവർ. ഇങ്ങനെ പലസ്തീൻ ഇപ്പറഞ്ഞ ഗോത്രങ്ങൾക്കിടയിൽ വീതിക്കപ്പെട്ടു. ഈ ഗോത്രങ്ങളുടെയും പലസ്തീനിൽ അവർ താമസിക്കുന്ന സ്ഥലങ്ങളുടെയും മുഴുവൻ പേരുകൾ പുരാവസ്തുക്കളുടെയും ചരിത്രസാക്ഷ്യങ്ങളുടെയും പിൻബലത്തോടുകൂടി ചരിത്രഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഇക്കാരണത്താലാണ് പുരാവസ്തു ശാസ്ത്രജ്ഞന്മാർ പലസ്തീനെ ‘കനാൻ ദേശം’ എന്ന് വിളിക്കുന്നത്. ഈ കാലഘട്ടവുമായി ബന്ധപ്പെട്ട് യഹൂദികളെക്കുറിച്ചുള്ള യാതൊരു പരാമർശവും ചരിത്രകൃതികളിലോ വിശുദ്ധ വേദപുസ്തകങ്ങളിലോ വന്നിട്ടില്ല.

Related image

പലസ്തീൻ എന്ന പേര് ബന്ധപ്പെട്ടിരിക്കുന്നത് മറ്റൊരു ഗോത്രവുമായിട്ടാണ്. മധ്യധരണ്യാഴിയിലെ ദ്വീപുകളിൽ നിന്നും (Mediterranean islands) വന്നവരായിരുന്നു അവർ. വിശേഷിച്ചും ക്രീറ്റ് ദ്വീപിൽ നിന്ന്. ഈ ദ്വീപ്നിവാസികളെ ക്ഷാമമോ മറ്റു വല്ല വിപത്തുകളോ ബാധിച്ചിരിക്കാം. സിറിയയുടെയും ഈജിപ്ത്തിന്റെയും തീരങ്ങളിൽ കുടിയേറിപ്പാർക്കാൻ അതവരെ നിർബന്ധിതരാക്കി. ഈജിപ്ത്തിൽ നടന്ന പ്രസിദ്ധമായ സോസീൻ യുദ്ധത്തിൽ റംസീസ് മൂന്നാമൻ അവരെ തടഞ്ഞു. അവർ ഈജിപ്തിൽ താമസമുറപ്പിക്കുന്നത് റംസീസ് ഇഷ്ടപ്പെട്ടിരുന്നില്ല. ചർച്ചകൾക്കു ശേഷം അവർ പലസ്തീനിലേക്ക് പോകാമെന്ന് തീരുമാനമായി. പലസ്തീന്റെ തെക്കുഭാഗത്ത് താമസമുറപ്പിക്കാൻ റംസീസ് അവരോട് കല്പ്പിച്ചു. അന്ന് ‘പെലസ്ത്’ എന്ന് വിളിക്കപ്പെടുന്ന പ്രാദേശമായിരുന്നു അത്. ചരിത്രഗ്രന്ഥങ്ങളിലും വേദഗ്രന്ഥങ്ങളിലും ഈ സംഭവം പരാമർശിക്കപ്പെട്ടിട്ടുണ്ട്. പെലസ്ത് ദേശത്തെക്കുറിച്ചുള്ള പരാമർശവും അവയിലുണ്ട്. ഇങ്ങനെ ഈ ഗോത്രങ്ങളെ പെലസ്തിനോട്‌ ചേർത്ത് ‘പെലസ്തീനികൾ’ എന്ന് വിളിക്കാൻ തുടങ്ങി. അതിൽ നിന്നാണ് ‘പെലസ്തീൻ’ എന്ന പേരുണ്ടായത്. പെലസ്തീൻ എന്നത് കാലാന്തരേണ പലസ്തീൻ ആവുകയായിരുന്നു. പലസ്തീനികൾ മേഖലയിലെ ആദിമനിവാസികളായ കാനാനികളും യാബീസികളുമായി അയൽപ്പക്കബന്ധം സ്ഥാപിച്ചു. അങ്ങനെ അവരുടെ വംശങ്ങളും ഭാഷകളും ഇടകലർന്നു. ആൾബലം കൊണ്ടും സംസ്കാരം കൊണ്ടും മികച്ചുനിന്നിരുന്ന ആദിമനിവാസികളിൽ പലസ്തീനികൾ ലയിച്ചു. ഒടുവിൽ അവരുടെ പേരും കുറിയും വരെ ഇല്ലാതായി.

ഈ കാലഘട്ടം വരെയും യഹൂദികളെയോ അവരുടെ വംശത്തെയോ കുറിച്ച യാതൊരു പരാമർശവും കടന്നുവരുന്നില്ല എന്നത് ശ്രദ്ധേയമാണ്. പിന്നെ എങ്ങനെയാണ് അവർ പലസ്തീനിൽ എത്തിയത് ? പലസ്തീനിലെ ആദിമനിവാസികൾ കനാനികളും യാബീസികളും ആയിരുന്നു എന്നത് പുരാതനവസ്തുക്കളും ചരിത്രകൃതികളും വേദഗ്രന്ഥങ്ങളും പാശ്ചാത്യകൃതികളും അരക്കിട്ടുറപ്പിച്ച വസ്തുതയാണ്, എന്നിരിക്കെ യഹൂദികൾക്ക് ഈ ഭൂമിയിൽ എങ്ങനെയാണവകാശമുണ്ടായത് ?

തുടരും
അടുത്തഭാഗം നാളെ