ഇഷികാവ ഗാമോൻ ജപ്പാനിലെ ”വെള്ളായണി പരമു”

ഋഷി ദാസ്. എസ്സ്.

ഏതാണ്ട് നൂറു കൊല്ലം മുൻപ് തെക്കൻ തിരുവിതാംകൂറിനെ വിറപ്പിച്ച തസ്‌കര പ്രമാണിയായിരുന്നു വെള്ളായണി പരമു. കള്ളനായിരുന്നുവെങ്കിലും പരമു ഒരിക്കലും സാധുക്കളിൽ നിന്നും മോഷ്ടിക്കുകയോ അവരെ ഉപദ്രവിക്കുകയോ ചെയ്തിരുന്നില്ല. സമ്പന്നരിൽ നിന്നും മോഷ്ടിക്കുക, ഇല്ലാത്തവർക്ക് വിതരണം ചെയ്യുക -അതായിരുന്നു പരമുവിന്റെ രീതി.

അതുപോലുള്ള പല തസ്‌കര വീരന്മാരും പല കാലങ്ങളിലും പല ദേശങ്ങളിലും വിഹരിച്ചിട്ടുണ്ട്. ഇംഗ്ലണ്ടിലെ റോബിൻ ഹുഡ്, നമ്മുടെ നാട്ടിലെ തന്നെ കായംകുളം കൊച്ചുണ്ണി തുടങ്ങിയവരും അത്തരം തസ്‌കരർ തന്നെ. അതേപോലെ മധ്യകാല ജപ്പാനിലെ റോബിൻ ഹൂഡോ, വെള്ളായണി പരമുവോ ഒക്കെയാണ് ഇഷികാവ ഗാമോൻ.

Image result for ishikawa goemon

ജപ്പാന്റെ ചരിത്രത്തിലെ ഏറ്റവും പ്രശസ്തനായ തസ്കരനാണ് ഇഷികാവ ഗാമോൺ. പതിനാറാം നൂറ്റാണ്ടിലെ ജപ്പാനിലെ ഇഗ എന്ന ഗ്രാമത്തിലാണ് ഗാമോൺ ജനിച്ചത് പിതാവായ ഇഷികാവ അക്കാഷി ഇഗ പ്രദേശത്തെ പ്രബലനായ ഒരു സമുറായി ആയിരുന്നു. ദൗർഭാഗ്യവശാൽ ഗാമോൺ ചെറുതായിരുന്നപ്പോൾ തന്നെ പിതാവ് വധിക്കപ്പെട്ടു. ഭരണകൂടത്തിന്റെ ചാരന്മാരാണ് ഇഷികാവ അക്കാഷിയെ വധിച്ചത്. പിതാവിന്റെ മരണത്തിനു പ്രതികാരം ചോദിക്കാനായി ഇഷികാവ ഗാമോൻ സമുറായി സ്ഥാനം ഉപേക്ഷിച്ച് ഇഗ നിഞ്ജകളുടെ ആചാര്യനായ മോമോച്ചു സാന്ഡയു ( Momochi Sandayu) വിന്റെ ശിഷ്യത്വം സ്വീകരിച്ചു നിഞ്ജയായി.

തുടക്കത്തിലെ തന്നെ നിഞ്ജകളുടെ ആയുധവിദ്യകളിൽ അഗ്രഗണ്യനായിത്തീർന്നെങ്കിലും മാനസികമായ അച്ചടക്കം നേടിയെടുക്കുന്നതിൽ ഗാമോൻ പരാജയപ്പെട്ടു. അതിനാൽ തന്നെ നിഞ്ജകളോടൊപ്പം കഴിയാതെ ഗാമോൻ ഒരു നികെനിൻ ( ഒരു നിയമവും അനുസരിക്കാത്ത നിന്ജ ) ആയി മാറി.

Image result for ishikawa goemon

ആയുധാഭ്യാസത്തിലെ കഴിവ് നിമിത്തം തസ്കരന്മാരുടെ ഒരു സംഘം തന്നെ ഇഷികാവ ഗാമന്റെ അനുയായികളായി. ജപ്പാനിലെ കാന്സായി പ്രവിശ്യ കേന്ദ്രീകരിച്ചാണ് അവരുടെ പ്രവർത്തനങ്ങൾ ആരംഭിച്ചത്. പിന്നീട് ജപ്പാനിലെ അക്കാലത്തെ ഏറ്റവും സമ്പന്ന നഗരമായ ക്യോട്ടോ യിലേക്ക് ഗാമനും സംഘവും പ്രവർത്തനം വ്യാപിപ്പിച്ചു. ക്യോട്ടോ അക്കാലത്തെ ജാപ്പനീസ് ധനികരുടെ കേന്ദ്രമായിരുന്നു. ധനികരെ കൊള്ളയടിച്ചു കിട്ടുന്ന മുതലുകൾ, ഗാമോൻ സാധുക്കൾക്ക് വിതരണം ചെയ്യാൻ തുടങ്ങി. അതോടെ ഇഷികാവ ഗാമോൻ ജാപ്പനീസ് നാടോടി കഥകളുടെ കേന്ദ്ര സ്ഥാനത്തു തന്നെ എത്തപ്പെട്ടു.

പല അനുയായികളും പിടിക്കപ്പെട്ടത് ഗാമോന്റെ സംഘത്തെ തളർത്തി. അക്കാലത്തു ജപ്പാനിലെ ഏറ്റവും ശക്തനായ ഷോഗൺ ടൊയോടോമി ഹെഡയോഷി ( Toyotomi Hideyoshi) യുടെ സൈനികരാണ് ഗാമോന്റെ അനുയായികളെ വകവരുത്തിയിരുന്നത്. ഗാമോന്റെ പിതാവിനെ വധിക്കുന്നതിലും ഹിഡിയോഷിക്ക് പങ്കുള്ളതായി കരുതപ്പെട്ടിരുന്നു. അതിനാൽ തന്നെ ഹെഡിയോഷിയെ ഒരു നിന്ജ ഓപ്പറേഷനിലൂടെ വധിക്കാൻ ഗാമോൻ പദ്ധതിയിട്ടു. പക്ഷെ ഗാമോന്റെ പോലും സങ്കല്പങ്ങൾക്കപ്പുറമായിരുന്നു ഹെഡിയോഷിയുടെ തന്ത്രങ്ങൾ. ഹെഡിയോഷിയുടെ കൊട്ടാരം മുഴുവൻ നിഞ്ജകൾക്കെതിരായ കെണികൾ നിറഞ്ഞതായിരുന്നു. അക്കാലത്തെ ജപ്പാനിലെ മറ്റൊരു ഷോഗനും ഹിഡിയോഷിയുടെ സ്ഥാനം അപഹരിക്കാൻ ശ്രമിച്ചിരുന്ന വ്യക്തിയുമായിരുന്ന ടോക്‌ഗാവേ ഇയേയാസു നിഞ്ജകളുമായി രഹസ്യമായി സഖ്യത്തിലായിരുന്നു എന്ന് ഹെഡയോഷിക്ക് അറിയാമായിരുന്നു. അതിനാൽ തന്നെ ഒരു രഹസ്യ നിന്ജ ആക്രമണത്തെ നേരിടാൻ സാധ്യമായ എല്ലാ കെണികളും ഹെഡയോഷി സജ്ജമാക്കിയിരുന്നു.

Related image

ഗാമോന് ഹെഡിയോഷിയുടെ നിന്ജ വിരുദ്ധ തന്ത്രങ്ങളെ അതിജീവിക്കാനായില്ല. ഹെഡിയോഷിയെ വധിക്കാനുള്ള ശ്രമത്തിനിടയിൽ ഇഷികാവ ഗാമോൺ പിടിക്കപ്പെട്ടു. ശത്രുക്കളോട് ഒരു ദയയും കാണിച്ച ചരിത്രമില്ലാത്ത ഹിഡിയോഷി ഗാമോനെയും അദ്ദേഹത്തിന്റെ ബന്ധുക്കളെയും ഒന്നടങ്കം കൊന്നൊടുക്കി.

വധിക്കപ്പെട്ടുവെങ്കിലും ഇഷികാവ ഗാമോന്റെ പ്രശസ്തിക്ക് ഒരു കോട്ടവും പറ്റിയില്ല. ജപ്പാനിലെ പുരാതന ചക്രവർത്തിമാരെയും ഷോഗൺമാരെയും കാൾ പ്രശസ്തനായിത്തീർന്നു ഗാമോൺ. ” നദികളിലെ മണൽത്തരികൾ എല്ലാം നശിച്ചാലും കള്ളന്മാരുടെ വംശം നശിക്കില്ല ” എന്നതായിരുന്നു ഗാമോന്റെ അവസാന പ്രഖ്യാപനം.