ഇരുപത്തിമൂന്നാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് വെള്ളിയാഴ്ച കൊടിയേറും

ഇരുപത്തിമൂന്നാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് വെള്ളിയാഴ്ച തുടക്കമാവും. ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായി മേളയുടെ പല പതിവും ഒഴിവാക്കുന്നതായി ആദ്യ ഘട്ടത്തില്‍ സംഘാടകര്‍ അറിയിച്ചിരുന്നു. 2018 ഡിസംബര്‍ ഏഴു മുതല്‍ 13 വരെ യാണ് മേള. ഇത്തവണ 2000 രൂപയാണ് ഡെലിഗേറ്റ് ഫീ. മേളയിലെ ജൂറി തലവനായി മജീദ് മജീദി എത്തുന്നുവെന്ന വാര്‍ത്ത തന്നെ പ്രേക്ഷകരെ ആവേശത്തിലാഴ്ത്തുന്നതാണ്. ഒപ്പം സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരവും അദ്ദേഹത്തിന് നല്‍കും. അഞ്ച് ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്‌കാരം ഏഴിന് വൈകിട്ട് ആറിന് നിശാഗന്ധിയില്‍ നടക്കുന്ന ചടങ്ങില്‍ സമ്മാനിക്കും.

അദ്ദേഹം സംവിധാനം ചെയ്ത പ്രവാചകനായ മുഹമ്മദ് നബിയുടെ ബാല്യകാലം പ്രമേയമായ ‘മുഹമ്മദ് : ദ് മെസഞ്ചര്‍ ഓഫ് ഗോഡ്’ എന്ന ചിത്രം മേളയില്‍ പ്രദര്‍ശിപ്പിക്കും. 2015 ല്‍ നിര്‍മ്മിച്ച ഇറാനിയന്‍ സിനിമയുടെ ചരിത്രത്തില്‍ തന്നെ ഏറ്റവും ചെലവേറിയ ഈ ചിത്രത്തിന് സംഗീതം പകര്‍ന്നിരിക്കുന്നത് എ.ആര്‍. റഹ്മാനാണ്.

മജീദ് മജീദിക്കൊപ്പം ജൂറി അംഗങ്ങളായി തമിഴ് സംവിധായകനായ വെട്രിമാരന്‍, മറാത്തി സംവിധായകനായ ഉമേഷ് കുല്‍ക്കര്‍ണി, ഫിലിപ്പിനോ സംവിധായകനായ അഡോല്‍ഫോ അലിക്സ് ജൂനിയര്‍ എന്നിവരാണ് ജൂറിയിലെ മറ്റ് അംഗങ്ങളാകും. ജൂറി ഫിലിംസ് വിഭാഗത്തില്‍ വെട്രിമാരന്റെ ‘വടാചെന്നൈ’, ഉമേഷ് കുല്‍ക്കര്‍ണിയുടെ’ ഹൈവേ’, അഡോല്‍ഫോ അലിക്സ് ജൂനിയറിന്റെ ‘ഡാര്‍ക്ക് ഈസ് ദ നൈറ്റ്’ എന്നീ ചിത്രങ്ങളും പ്രദര്‍ശിപ്പിക്കും. മേളയുടെ മുഖ്യാതിഥികളായെത്തുന്നത് ബംഗാളി സംവിധായകന്‍ ബുദ്ധദേവ് ദാസ്ഗുപ്തയും, നടിയും സംവിധായകയുമായ നന്ദിതാ ദാസുമാണ്.