‘ഇമ്മാതിരി ബാങ്ക് പോക്രിത്തരങ്ങൾക്ക് പൊലീസ് സഹായം അനുവദിക്കരുത്‌, അത്രയെങ്കിലും മന:സമാധാനം കടമെടുത്ത പാവങ്ങൾക്ക് ലഭിക്കും; കുറിപ്പ്‌

ജപ്തി ഭീഷണിയെ തുടര്‍ന്ന് നെയ്യാറ്റിന്‍കരയില്‍ അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി നടന്‍ ജോയ് മാത്യു. നടന്നത് കേരളത്തിലെ ഒരമ്മയുടേയും മകളുടേയും മാത്രം പ്രശ്‌നമല്ലെന്നും, പത്രവാര്‍ത്തകളില്‍ ഏതെങ്കിലുമൊരു മൂലയില്‍ ഒതുങ്ങിപ്പോകുന്ന കര്‍ഷക ആത്മഹത്യകള്‍ നിരവധിയാണെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

പൊലീസിന്റെ പിന്തുണയോടെ നടത്തുന്ന ജപ്തി നടപടിയെയും അദ്ദേഹം വിമര്‍ശിച്ചു. ‘ഭരിക്കുന്ന പാർട്ടിയിലുള്ളവരെ പോലീസ് സ്റ്റേഷനിൽ നിന്നും ഇറക്കി കൊണ്ടുവരാൻ കഴിയുന്നവരാണ് ഇപ്പോൾ ഭരണത്തിൽ ഇരിക്കുന്നത് എന്നതായിരുന്നു ഞങ്ങൾ ജനങ്ങൾക്ക് ഏറെ പ്രതീക്ഷ നൽകിയിരുന്ന കാര്യം.
അതിനാൽ ബഹുമാനപ്പെട്ട മന്ത്രി ഇടപെട്ട് ഇമ്മാതിരി ബാങ്ക് പോക്രിത്തരങ്ങൾക്ക് പോലീസിന്റെ സഹായം അനുവദിക്കില്ല എന്നൊന്ന് പറഞ്ഞാൽ തരക്കേടില്ലായിരുന്നു. അത്രയെങ്കിലും മന:സമാധാനം കടമെടുത്ത പാവങ്ങൾക്ക് ലഭിക്കുമല്ലോ !’ അദ്ദേഹം കുറിപ്പില്‍ കൂട്ടിച്ചേര്‍ത്തു.

കുറിപ്പിന്റെ പൂര്‍ണരൂപം

നെയ്യാറ്റിൻകരയിൽ ഒരമ്മയും ബിരുദവിദ്യാർത്ഥിയായ മകളും ബാങ്ക് ജപ്തി ഭയത്തെ തുടർന്ന് സ്വയം തീ കൊളുത്തി മരിച്ചു. ഇത് നമ്മൾ മലയാളികൾക്ക് ഒരു കുറ്റബോധവും ഉണ്ടാക്കുന്നില്ല എന്നത് എത്ര ഭീകരമാണ്. കാനറാ ബാങ്കിൽ നിന്നും വായ്പയെടുത്തത് തിരിച്ചടക്കാൻ കഴിയാതെവന്നപ്പോൾ സ്വാഭാവികമായും ബാങ്ക് കേസിനു പോവുകയും അവർക്ക് അനുകൂലമായ വിധി സമ്പാദിക്കുകയും ചെയ്തു. ബാങ്കിന്റെ ഈ ഭീഷണിയാണ് അമ്മയെയും മകളെയും ആത്മഹത്യ ചെയ്തൊടുങ്ങാൻ പ്രേരിപ്പിച്ചത് എന്നറിയുന്നു. ഇത് കേരളത്തിലെ ഒരമ്മയുടെയും മകളുടെയും മാത്രം പ്രശ്നമല്ല. പത്രവാർത്തകകളിൽ ഏതെങ്കിലും ഒരു മൂലയിൽ ഒതുങ്ങിപ്പോകുന്ന, നമ്മൾ ശ്രദ്ധിക്കാത്ത കർഷക ആത്മഹത്യകൾ നിരവധിയാണ്. നമുക്ക് പൂരവും, വിദേശ പഠന യാത്രകളും കള്ളവോട്ടുമാണല്ലോ പ്രിയവിഷയങ്ങൾ !
കാനറാ ബാങ്ക് ചെയ്തത് കടുത്ത അനീതിയാണെന്ന് സാമ്പത്തിക വിദഗ്ധനും ധനമന്ത്രിയുമായ ശ്രീ തോമസ് ഐസക് പ്രതിഷേധിച്ചു. 
അദ്ദേഹം പറഞ്ഞതൊക്കെ നല്ലത് തന്നെ. താങ്കളുടെ ഗവർമ്മെന്റിനു കാനറാ ബാങ്കിനെയെന്നല്ല ഒരു ബാങ്കിനെയും നിയമപരമായി തൊടാൻ പോലും സാധിക്കില്ല എന്ന് താങ്കൾക്ക് തന്നെ അറിയാം.പക്ഷെ താങ്കളുടെ പാർട്ടിക്ക് വേണമെങ്കിൽ ബാങ്കിന്റെ ശാഖകൾ തകർക്കാൻ ആയേക്കും.അതുകൊണ്ട് മരിച്ചു പോയവർക്ക് നീതി കിട്ടുമോ? അവർ തിരിച്ചു വരുമോ? ഇല്ല സാർ. 
ഒരു ചെറിയ കാര്യം അങ്ങയുടെ അറിവിലേക്ക് പറയട്ടെ. ബാങ്ക് ജപ്തി എന്ന് പറഞ്ഞാൽ ബാങ്ക് അധികൃതർ വായ്പയിൽ വീഴ്ച വരുമ്പോൾ മുന്തിയ വക്കീലിനെ വെച്ചു കേസ് നടത്തി വിധി സാബാദിച്ചു പോലീസിന്റെ സഹായത്തോടെ നടപ്പാക്കുന്ന ഒരു പ്രാകൃത നടപടിയാണ് ജപ്തി. പോലീസ് ആരുടെയാണെന്ന് ചോദിച്ചാൽ ഏത് കുഞ്ഞിനും അറിയാം അതു താങ്കൾ ഭരിക്കുന്ന സർക്കാരിന്റെ 
പോലീസാണെന്ന് . അപ്പോൾ താങ്കൾ കൂടി ഉൾക്കൊള്ളുന്ന സർക്കാർ വിചാരിച്ചാൽ താങ്കളുടെ പോലീസിന്റെ സഹായം ബാങ്കിനു ലഭിക്കാതിരുന്നാൽ പോരെ? അധികാരം ഇല്ലാത്തപ്പോൾ പോലും സ്വന്തം പാർട്ടിയിലുള്ളവരെ പോലീസ് സ്റ്റേഷനിൽ നിന്നും ഇറക്കി കൊണ്ടുവരാൻ കഴിയുന്നവരാണ് ഇപ്പോൾ ഭരണത്തിൽ ഇരിക്കുന്നത് എന്നതായിരുന്നു ഞങ്ങൾ ജനങ്ങൾക്ക് ഏറെ പ്രതീക്ഷ നൽകിയിരുന്ന കാര്യം. അതിനാൽ ബഹുമാനപ്പെട്ട മന്ത്രി ഇടപെട്ട് ഇമ്മാതിരി ബാങ്ക് പോക്രിത്തരങ്ങൾക്ക് പോലീസിന്റെ സഹായം അനുവദിക്കില്ല എന്നൊന്ന് പറഞ്ഞാൽ തരക്കേടില്ലായിരുന്നു. 
അത്രയെങ്കിലും മന:സമാധാനം കടമെടുത്ത പാവങ്ങൾക്ക് ലഭിക്കുമല്ലോ !
പറ്റില്ല അല്ലേ?