ഇന്റർനെറ്റിന്റെ മുത്തച്ഛൻ

ഋഷി ദാസ്. എസ്സ്

ഇന്റർനെറ്റ് ഇന്ന് ഒരാവശ്യ വസ്തുപോലെ ആയിരിക്കുകയാണ് . വിവരങ്ങൾ വിരൽത്തുമ്പിലാക്കാനും , മനുഷ്യജീവിതം കൂടുതൽ സുഗമമാക്കാനും ഇന്റെർനെറ്റിന് കഴിഞ്ഞിട്ടുണ്ട് എന്നത് നിസ്തർക്കമായ വസ്തുതയാണ് . മണിക്കൂറുകൾ കാത്തുനിന്നു ലഭ്യമാകു മായിരുന്നു പല സേവനങ്ങളും ഇന്റർനെറ്റിന്റെ സഹായത്തോടെ ഞൊടിയിടകളിൽ ലഭ്യമാകുന്നത് മനുഷ്യജീവിതത്തെ തെല്ലൊന്നുമല്ല സ്വാധീനിച്ചിട്ടുളളത് .

നാം ഇപ്പോൾ കാണുന്ന രീതിയിലുള്ള ഇന്റർനെറ്റ് നിലവിൽ വന്നിട്ട് കാൽനൂറ്റാണ്ടിലേറെക്കാലമായി . ഈ കാലയളവിൽ ഇന്റർനെറ്റിന്റെ വളർച്ച അതിദ്രുതഗതിയിൽ ആയിരുന്നു . സാങ്കേതികമായി രണ്ടു കണക്കുകൂട്ടൽ യന്ത്രങ്ങൾ ( കംപ്യൂട്ടറുകൾ ) തമ്മിലുള്ള വിവര വിനിമയമാണ് ഇന്റർനെറ്റിന്റെ അടിസ്ഥാന തത്വം . ഈ അടിസ്ഥാന തത്വത്തിലൂന്നിയ കംപ്യൂട്ടർ ശ്രിൻഖലകൾക്ക് അരനൂറ്റാണ്ടിലേറെ ചരിത്രം ഉണ്ട് .

കമ്പ്യൂട്ടറുകളെ കോർത്തിണക്കിയ വിവരവിനിമയ ശ്രിൻഖലകൾ അരനൂറ്റാണ്ട് മുൻപ് തന്നെ യു എസ് ലും സോവ്യറ്റ് യൂണിയനിലും ഫ്രാൻസിലുമൊക്കെ താത്വികമായും പ്രായോഗികമായും ഉരുത്തിരിഞ്ഞു . സോവ്യറ്റ് ഗണിതജ്ഞനായ വിക്റ്റർ ഗ്ലുഷ്കോവ് OGAS എന്ന പേരുള്ള രാജ്യവ്യാപകമായ ഒരു കംപ്യൂട്ടർ ശ്രിൻഖലയാണ് വിഭാവനം ചെയ്തത് . ഭാരിച്ച പണച്ചെലവും ,സാങ്കേതിക ബുദ്ധിമുട്ടുകളും കാരണം ഗ്ലുഷ്കോവിന്റെ പദ്ധതി പൂർണമായും നടപ്പാക്കപ്പെട്ടില്ല . പക്ഷെ ഇന്നത്തെ സോഷ്യൽ മീഡിയയുടെ പ്രാൿരൂപങ്ങൾ പോലും ചെറിയ സോവ്യറ്റ് കമ്പ്യൂട്ടർ ശ്രിൻഖലകളിൽ നിലനിന്നിരുന്നു . ഫ്രാൻസിലും സമാനമായ ഉദ്യമങ്ങൾ നടന്നിരുന്നു .

എന്നാൽ ഇപ്പോൾ കാണുന്ന ഇന്റർനെറ്റിന്റെ ശരിക്കുള്ള പിൻഗാമി അവതരിച്ചത് യു എസ് ലായിരുന്നു . ഇപ്പോഴത്തെ ഇന്റർനെറ്റിന്റെ ആധാരശിലകൾ പരീക്ഷിക്കപ്പെട്ട ARPANET ( Advanced Research Projects Agency Network ) ആയിരുന്നു ആ കംപ്യൂട്ടർ ശ്രിൻഖല.

ARPANET ( Advanced Research Projects Agency Network ) :

പാക്കറ്റ് സ്വിച്ചിങ് സാങ്കേതിക വിദ്യ ആദ്യമായി വിജയകരമായി പ്രാവർത്തികമാക്കിയ കംപ്യൂട്ടർ ശ്രിൻഖലകളിൽ ഒന്നാണ്ARPANET ( Advanced Research Projects Agency Network ). ഒരു എലെക്ട്രോണിക് ഉപകരണ നെറ്റ് വർക്കിലൂടെ വിവരങ്ങൾ ഒരിടത്തുനിന്നും മറ്റൊരിടത്തേക്ക് എത്തിക്കുന്നതിന് രണ്ടു രീതികൾ അവലംബിക്കാം . സർകൂട്ട് സ്വിച്ചിങ് , പാക്കറ്റ് സ്വിച്ചിങ് എന്നിവയാണ് അവ . സർകൂട്ട് സ്വിച്ചിങ് ൽ ഒരു വിവരം ഒരിടത്തുനിന്നും മറ്റൊരിടത്തേക്ക് എത്തിക്കാൻ ആ രണ്ടിടങ്ങളും തമ്മിൽ സ്ഥിരമായ ഒരു വിനിമയ പഥം ,വിവരവിനിമയം നടക്കുന്ന സമയത്തു നിലനിൽക്കണം . പാക്കറ്റ് സ്വിച്ചിങിലാവട്ടെ വിവരത്തെ വിവര പാക്കെറ്റുകളായി വിഭജിച്ച ശേഷം എത്തേണ്ട ഉപകരണത്തിന്റെ വിവരങ്ങളും കൂടി ഉൾപ്പെടുത്തി ( അഡ്രസ് ) അയക്കുകയാണ് ചെയുന്നത് . ഈ പാക്കെറ്റുകൾ പല പഥങ്ങളിലൂടെ സഞ്ചരിച് ഒടുവിൽ എത്തേണ്ട ഉപകരണത്തിൽ എത്തിച്ചേരുകയും അവിടെവച്ചു കൂട്ടിച്ചേർക്കപ്പെട്ട് അയക്കപ്പെട്ട വിവരത്തെ പുനഃ സൃഷ്ടിക്കുകയും ചെയ്യുന്നു . പാക്കറ്റ് സ്വിച്ചിങ് തത്വം അവലംബിക്കുന്നത് കൊണ്ട് മാത്രമാണ് കോടിക്കണക്കിനു കമ്പ്യൂട്ടറുകളും മറ്റു വിനിമയ ഉപകരണങ്ങളും ഉണ്ടായിട്ടുപോലും ഇന്റർനെറ്റിലൂടെ പ്രായോഗികമായ വിവരവിനിമയം സാധ്യമാകുന്നത് . ഇത് ഒരു ബെസ്ററ് എഫേർട്ട് (BEST EFFORT )രീതിയാണ് .

പാക്കറ്റുകൾ ലക്ഷ്യത്തിലെത്തിക്കാൻ സംവിധാനം അതിനു കഴിയുന്ന രീതിയിൽ ശ്രമിക്കും . പക്ഷെ അയച്ച പാക്കറ്റുകൾ എത്തേണ്ടിടത് എത്തുമെന്ന് 100% ഉറപ്പു നൽകുന്നില്ല .

ഒരു സങ്കീർണമായ പ്രക്രിയ നടക്കണമെങ്കിൽ കൃത്യമായ നിയമങ്ങൾ വേണം . അത്തരം നിയമങ്ങളുടെ കൂട്ടത്തെയാണ് പ്രോട്ടോകോൾ (Protocol ) എന്ന് പറയുന്നത് . ഇന്റർനെറ്റ് പ്രവർത്തിക്കുന്നത് TCP/IP ( Transmission Control Protocol (TCP) and the Internet Protocol (IP)) എന്ന പ്രോട്ടോക്കോളിന്റെ ആധാരമാക്കിയാണ് . ഈ പ്രോട്ടോകോൾ ആദ്യമായി പ്രാവർത്തികമാക്കപ്പെട്ടത് അർപ്പനെറ്റിൽ ആണ്. ഇന്റർനെറ്റിന്റെ ആധാര ശിലകളായ പാക്കെറ്റ് സ്വിച്ചിങ് തത്വവും TCP/IP പ്രോട്ടോക്കോളും സമന്വയിച്ചിട്ടാണ് ARPANET നിർമ്മിക്കപ്പെട്ടത് . അതിനാൽ തന്നെയാണ് ARPANETനെ ഇപ്പോൾ കാണുന്ന ഇന്റർനെറ്റിന്റെ പിൻഗാമി ആയി കരുതുന്നത് .

യു എസ് പ്രതിരോധ വകുപ്പിന് കീഴിലുള്ള അഡ്വാൻസ്ഡ് റിസർച്ച് പ്രോജെക്ടസ് ഏജൻസി ( Advanced Research Projects Agency (ARPA) ) ആണ് ARPANET ഇന്റെ തത്വങ്ങൾ ആവിഷ്കരിക്കുകയും പ്രായോഗിക തലത്തിൽ കൊണ്ടുവരികയും ചെയ്തത് .ലിയോണിഡ് ക്ലെയിൻറോക്ക് ( Leonard Kleinrock ) പോൾ ബാരൻ ( Paul Baran ) എന്നിവരാണ് പാക്കറ്റ് സ്വിച്ചിങ്ങിന്റെ തത്വങ്ങൾ ആവിഷ്കരിച്ചത് .റോബർട്ട് കഹാൻ ( Robert Kahn ), വിൻഡ് സെർഫ് ( Vint Cerf)എന്നിവരാണ് TCP/IP പ്രൊട്ടോക്കോളിന്റെ ശിൽപ്പികൾ .ഫ്രഞ്ചുകാർ വികസിപ്പിച്ചുകൊണ്ടിരുന്ന സൈക്ലാഡ്സ് ( CYCLADES ) എന്ന കമ്പ്യൂട്ടർ ശ്രിൻഖലയുടെ പ്രവർത്തന തത്വങ്ങളും TCP/IP പ്രൊട്ടോക്കോളിന്റെ വികസനത്തിൽ പങ്കു വഹിച്ചു . ഇന്നേക്ക് നാല്പത്തി ഒൻപതു വര്ഷങ്ങള്ക്കു മുൻപ് 1969 ൽ ARPANET പ്രവർത്തന സജ്ജമായി . യു എസ് സർവകലാശാലകളെയും ഗവേഷണ സ്ഥാപനങ്ങളെയും പ്രതിരോധ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളെയും കോർത്തിണക്കി രണ്ടു പതിറ്റാണ്ട് ARPANET നിലനിന്നു . തൊണ്ണൂറുകളുടെ ആദ്യം നാം ഇപ്പോൾ കാണുന്ന ഇന്റർനെറ്റ് ഉദയം ചെയ്തു തുടങ്ങിയപ്പോൾ ARPANETപ്രവർത്തനം അവസാനിപ്പിച്ചു .