ഇന്റഗ്രേറ്റഡ് എയർ ഡിഫെൻസ് സിസ്റ്റം ഒരു കരുത്തുറ്റ വ്യോമ പ്രതിരോധം

ഋഷി ദാസ്. എസ്സ്.

വ്യോമ പ്രതിരോധം ആധുനിക കാലത്തെ സുപ്രധാനമായ ഒരു പ്രതിരോധമേഖലയാണ്. കര ,വ്യോമ , നാവിക സേനകളെപ്പോലെ സുപ്രധാനമാണ് ആധുനിക യുഗത്തിൽ വ്യോമപ്രതിരോധ സംവിധാനങ്ങളും . മിക്ക രാജ്യങ്ങളിലും ദീർഘദൂര വ്യോമ പ്രതിരോധം വ്യോമസേനയും ഹൃസ്വ ദൂര വ്യോമ പ്രതിരോധം കരസേനയുമാണ് നിറവേറ്റുന്നത്. പക്ഷെ വ്യോമ പ്രതിരോധങ്ങൾക്ക് സുശക്തമായ ഒരു കെട്ടുറപ്പുണ്ടാകണമെങ്കിൽ എല്ലാ വ്യോമ പ്രതിരോധ സംവിധാനങ്ങളും ഒരു പൊതു നിയന്ത്രണ , വാർത്താവിനിമയ സംവിധാനത്തിന് കീഴിൽ (command, control, communications and intelligence (C3I). )വരണം . അത്തരത്തിൽ പൂർണ്ണമായും നെറ്റ് വർക്ക് ചെയ്യപ്പെട്ട വ്യോമ പ്രതിരോധ സംവിധാനങ്ങളെയാണ് ഇന്റഗ്രേറ്റഡ് എയർ ഡിഫെൻസ് സിസ്റ്റംസ് ( Integrated air defense system) എന്ന് വിളിക്കുന്നത്.

ആക്രമണത്തിന് മുതിരുന്ന ശത്രു വിമാനങ്ങളെയും മിസൈലുകളെയും മറ്റു സംവിധാനങ്ങളെ യും കണ്ടെത്തുക , പ്രതിരോധ ആയുധങ്ങളെ ആക്രമിക്കാൻ വരുന്ന ശത്രു സംവിധാനങ്ങളിലേക്ക് കൃത്യമായി നയിക്കുക . ശത്രു സംവിധാനങ്ങളെ ആക്രമിക്കുക. നമ്മുടെ ആയുധങ്ങൾ നമ്മുടെ തന്നെ പ്രതിരോധ സംവിധാനങ്ങളെ ആക്രമിക്കാതെ നോക്കുക ഇവ നാലുമാണ് ഒരു ഇന്റഗ്രേറ്റഡ് എയർ ഡിഫെൻസ് സിസ്റ്റത്തിന്റെ പ്രധാന ചുമതലകൾ.

ഭൗമ , നാവിക , വ്യോമ റഡാറുകളും ഇലക്ട്രോ ഒപ്റ്റിക്കൽ സെൻസറുകളുമാണ് ഏതൊരു ഇന്റഗ്രേറ്റഡ് എയർ ഡിഫെൻസ് സിസ്റ്റത്തിന്റെയും കണ്ണുകളും കാതുകളും.

ഇവയിൽ നിന്നും ലഭിക്കുന്ന വിവരങ്ങൾ ഒരു വിപുലമായ കമാൻഡ് കണ്ട്രോൾ കമ്മ്യൂണിക്കേഷൻ സംവിധാനത്തിലൂടെ പ്രവഹിക്കുന്നു. ഈ പ്രവഹിക്കുന്ന അടിസ്ഥാന വിവരങ്ങളെ അപഗ്രഥിച്ചാണ് ഇന്റഗ്രേറ്റഡ് എയർ ഡിഫെൻസ് സിസ്റ്റത്തിലെ വ്യോമവേധ മിസൈൽ സംവിധാനങ്ങളും , വ്യോമവേധ തോക്ക്/പീരങ്കി സംവിധാനങ്ങളും പ്രവർത്തിക്കേണ്ടത്. ഇതേ അവസരത്തിൽ തന്നെ വ്യോമമേഖലകളിലെ നമ്മുടെ ആയുധങ്ങളുടെ വിന്യാസവും വ്യോമവേധ സംവിധാനങ്ങൾക്ക് അറിവ് ഉണ്ടാകണം. അല്ലെങ്കിൽ സ്വന്തം രാജ്യത്തിന്റെ പോർവിമാനങ്ങൾ വെടിവച്ചിടുന്ന ഫ്രണ്ട്‌ലി ഫയർ സംഭവങ്ങളുണ്ടാകും.

വ്യത്യസ്തങ്ങളായ വ്യോമവേധ സംവിധാനങ്ങൾ സജ്ജമാക്കുന്നതിനേക്കാൾ ലഭ്യമായ വ്യോമവേധ സംവിധാനങ്ങൾ ഒരു നിയന്ത്രണ സംവിധാനത്തിൽ കൊണ്ടുവന്ന് ഒരു ഇന്റഗ്രേറ്റഡ് എയർ ഡിഫെൻസ് സിസ്റ്റം പടുത്തുയർത്തുന്നതാണ് ഏറ്റവും ഫലപ്രദമായ വ്യോമ പ്രതിരോധ സമരതന്ത്രം.