ഇന്ന് വനിതാദിനം; സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളില്‍ വനിതാ ഉദ്യോഗസ്ഥര്‍ പ്രധാന ചുമതലകള്‍ നിര്‍വഹിക്കും

Image result for woman police keralaതിരുവനന്തപുരം: അന്തര്‍ദേശീയ വനിതാ ദിനമായ ഇന്ന് സംസ്ഥാനത്തെ പരമാവധി പൊലീസ് സ്റ്റേഷനുകളില്‍ വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍ പ്രധാന ചുമതലകള്‍ നിര്‍വഹിക്കും. എസ്ഐ റാങ്കിലോ അതിന് മുകളിലോ ഉള്ള വനിതകള്‍ ആയിരിക്കും സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍മാരുടെ ചുമതല നിര്‍വഹിക്കുന്നത്. ഇത് സംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവി ലോകനാഥ് ബെഹ്റ ഇന്നലെ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു.

പൊലീസ് സ്റ്റേഷനുകളില്‍ പൊതുജനങ്ങളുമായി ഇടപഴകുന്ന എല്ലാ പ്രവര്‍ത്തനങ്ങളും വനിതാ പൊലീസ് ഉദ്യോഗസ്ഥരായിരിക്കും നിര്‍വഹിക്കുകയെന്ന് പൊലീസ് ഇൻഫർമേഷൻ സെന്‍റർ വാർത്താക്കുറിപ്പിൽ അറിയിച്ചു. ഒന്നിലധികം വനിതാ എസ്ഐമാര്‍ ഉള്ള സ്റ്റേഷനുകളില്‍ നിന്ന് അധികം ഉള്ളവരെ സമീപ സ്റ്റേഷനുകളിലെ സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍മാരുടെ ചുമതലയിലേക്ക് നിയോഗിക്കും.

വനിതാ പൊലീസ് ഓഫിസര്‍മാര്‍ ഇല്ലാത്ത സ്റ്റേഷനുകളില്‍ വനിതാ സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരെയും  സിവില്‍ പൊലീസ് ഓഫിസര്‍മാരെയും പെതുജനങ്ങളുമായി ഇടപഴകുന്നതിനായുള്ള ചുമതലകളിൽ നിയോഗിക്കും. ഇതിനുള്ള നിർദ്ദേശം ജില്ലാ പൊലീസ് മേധാവിമാര്‍ അവരവരുടെ അധികാര പരിധിയിലുള്ള പൊലീസ് സ്റ്റേഷനുകൾക്ക് നൽകി. വനിതാദിനാചരണവുമായി ബന്ധപ്പെട്ട് മറ്റു വകുപ്പുകളും സ്ഥാപനങ്ങളും നടത്തുന്ന പരിപാടികളുമായി സഹകരിക്കാനും ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സംസ്ഥാന പൊലീസ് മേധാവി നിര്‍ദ്ദേശം നല്കിയിട്ടുണ്ട്.