ഒരുമിച്ച് മുന്നേറാം; ഒഴിവാക്കാം അര്‍ബുദത്തെ

 

 

ഗ്രീഷ്മ.ജി.നായര്‍

ഇന്ന് ലോക അര്‍ബുദ ദിനം. മനുഷ്യരാശിയെ കാര്‍ന്നുതിന്നുന്ന മാരകരോഗമായി അര്‍ബുദം മാറികൊണ്ടിരിക്കുന്നു. ദിനംപ്രതി അര്‍ബുദ രോഗികളുടെ എണ്ണം നാമറിയാതെ നമുക്കിടയില്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്നു.

നിലവിലുള്ള ജീവിത സാഹചര്യങ്ങളും ആഹാരക്രമവുമാണ് അര്‍ബുദം പോലുള്ള മാരക രോഗങ്ങളെ മനുഷ്യനിലേക്ക് എത്തിക്കുന്നത്. ആരോഗ്യത്തെ കുറിച്ച് ബോധവാന്‍മാരാണെങ്കില്‍ പോലും പലപ്പോഴും നാം അതെല്ലാം മറക്കുന്നു. പുകവലി, പാന്‍മസാല എന്നിവയുടെ ഉപയോഗം തന്നെ ഉദാഹരണം. ഇത്തരം വസ്തുക്കളുടെ ഉപയോഗം ശരീരത്തിന് ദോഷമാണെന്ന് തിരിച്ചറിവുള്ള മനുഷ്യന്‍ അറിഞ്ഞുകൊണ്ട് ആപത്ത് ക്ഷണിച്ചു വരുത്തുന്ന രീതിയാണ് ഇപ്പോഴുള്ളത്.

രക്താര്‍ബുദം, സ്തനാര്‍ബുദം, ഗര്‍ഭാശയമുഖ അര്‍ബുദം, ആമാശയ അര്‍ബുദം, തലയിലും കഴുത്തിലുമുണ്ടാകുന്നതരം അര്‍ബുദങ്ങള്‍, വായിലുണ്ടാകുന്ന അര്‍ബുദം, തൈറോയ്ഡിനെ ബാധിക്കുന്ന അര്‍ബുദം, ശ്വാസകോശ അര്‍ബുദം എന്നിവയാണ് സാധാരണയായി കണ്ടുവരുന്ന അര്‍ബുദങ്ങള്‍.

സംസ്ഥാനത്ത് ഒരു ലക്ഷം പേരില്‍ 161 പുരുഷന്‍മാരും 165 സ്ത്രീകളും അര്‍ബുദ ബാധിതരാണെന്നാണ് തിരുവനന്തപുരം ആര്‍.സി.സിയുടെ കണക്ക്. അതുപോലെ രോഗനിര്‍ണയവും ചികില്‍സയും വൈകുന്നത് മരണനിരക്ക് കൂടാന്‍ കാരണമാകുന്നു.

ഒറ്റയ്ക്കും കൂട്ടായും ബോധവല്‍ക്കരണത്തിലൂടെയും പ്രാരംഭഘട്ടത്തിലുള്ള ചികില്‍സയിലൂടെയും അര്‍ബുദത്തെ പ്രതിരോധിക്കാന്‍ കഴിയുമെന്നാണ് ഈ വര്‍ഷത്തെ അര്‍ബുദ ദിന സന്ദേശം.

ശരിയായ ജീവിതചര്യയിലൂടെയും മുന്നൊരുക്കത്തിലൂടെയും അര്‍ബുദം എന്ന മഹാവിപത്തിനെ തുടച്ചു നീക്കാന്‍ കഴിയട്ടെ. വരും തലമുറയെങ്കിലും അര്‍ബുദത്തില്‍ നിന്ന് മോചിതരാകട്ടെ.