ഇന്ധന വില വര്‍ധനവിനെ സൈക്കിള്‍ യാത്ര കൊണ്ട് നേരിടും ഈ ചെറുപ്പക്കാര്‍

അനൂപ് കൈലാസനാഥ ഗിരി

ദിനംപ്രതി ഉണ്ടാകുന്ന ഇന്ധന വില വര്‍ധനവിനെതിരെ പ്രതിഷേധാത്മക ബോധവല്‍ക്കരണ സൈക്കിള്‍ യാത്രയുമായി രംഗത്തെത്തിയിരിക്കുകയാണ് തിരുവന്തപുരത്തെ മൂന്ന് എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍.

തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനീയറിംഗിലെ സൈക്ലിംഗ് ക്ലബ്ബിനെ പ്രതിനിധീകരിച്ച് മലപ്പുറം സ്വദേശി അബ്ദുൽ റഷീദ്‌, തൃശൂർ സ്വദേശി മുഹമ്മദ്‌ ഹബീബ്‌, കോഴിക്കോട്‌ സ്വദേശി മുഫിൽ റഹ്മാൻ എന്നിവരാണ് 1000 കിലോമീറ്റർ ലക്ഷ്യമിട്ടു കൊണ്ട് തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ പ്രതിഷേധാത്മക ബോധവൽക്കരണ സൈക്കിൾ യാത്ര നടത്തുന്നത്‌. റമദാൻ വ്രതം അനുഷ്ടിച്ച്‌ കൊണ്ടാണ് മൂവരുടേയും യാത്രയെന്നതും ശ്രദ്ധേയമാണ്.

വര്‍ഷങ്ങള്‍ക്കു മുന്‍പ് വരെ നമ്മുടെ നിരത്തുകളും ഇടവഴികളും കീഴടക്കിയിരുന്ന സൈക്കിളുകള്‍ ഇരുചക്രവാഹനങ്ങളുടെ കടന്നുകയറ്റത്തോടെ അപ്രത്യക്ഷമായിരുന്നു. എന്നാല്‍ അതേ സൈക്കിളുകള്‍ പുതിയ രൂപത്തിലും ഭാവത്തിലും തിരിച്ചെത്തിയത് ഈയടുത്ത കാലത്താണ്. പുതുതലമുറ സൈക്കിള്‍ പ്രിയരായി മാറുകയും ചെയ്തു. ഈ സാഹചര്യത്തില്‍ സൈക്കിള്‍ യാത്രയുടെ പ്രാധാന്യം പൊതുജനങ്ങളിലെത്തിക്കുവാനും ഇവര്‍ മുന്‍തൂക്കം നല്‍കുന്നു.

‘ജൈവ, പരിസ്ഥിതി സൗഹൃദ  ഗതാഗത രീതിയാണ് സൈക്ലിംഗ്. അടിക്കടി
പെട്രോൾ വില ഉയരുന്ന സാഹചര്യത്തിൽ , സൈക്കിളിനെ ഗതാഗത മാർഗ്ഗമായി ഉപയോഗിക്കുന്നതിന് കൂടുതൽ ആളുകളെ പ്രോത്സാഹിപ്പിക്കുവാൻ ഞങ്ങൾ ഉദ്ദേശിക്കുന്നു’- ക്ലബ്ബംഗം  മുഹമ്മദ്‌ ഹബീബ്‌  24 കേരളയോട് പറഞ്ഞു.

മെയ്‌ 27ന് തിരുവനന്തപുരം സി.ഇ.ടി കോളേജിൽ നിന്നാരംഭിച്ച റൈഡ്‌ കാസർഗോഡ് വഴി തിരിച്ച്‌ തിരുവനന്തപുരത്ത്‌ സമാപിക്കും. കേരളത്തിലെ ജനങ്ങളെ സൈക്കിൾ സംസ്കാരത്തിലേക്കെത്തിക്കുവാന്‍ ഇത്തരത്തില്‍ നിരവധി പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌ക്കരിക്കുവാന്‍ തയ്യാറെടുക്കുകയാണ് സി.ഇ.ടി സൈക്കിള്‍ ക്ലബ്ബ്‌.