ഇന്ധനവില വര്‍ധന: ഫ്രാന്‍സില്‍ വന്‍ പ്രക്ഷോഭം; 400 പേര്‍ അറസ്റ്റില്‍

പാ​രീ​സ്:  ഫ്രാന്‍സില്‍ ഇന്ധനവില വര്‍ധനയ്ക്കെതിരായ പ്രക്ഷോഭം ശക്തിയാര്‍ജിക്കുന്നു. തെക്കന്‍ ഫ്രാന്‍സിലെ ടുലൂസ് നഗരത്തില്‍ കഴിഞ്ഞ ദിവസം നടന്ന പ്രതിഷേധ റാലിയാണ് വന്‍ പ്രക്ഷോഭത്തിലേക്ക് നീണ്ടത്. റോ‍ഡിലിറങ്ങിയ പ്രതിഷേധക്കാര്‍ കെട്ടിടങ്ങള്‍ക്കുനേരെ കല്ലെറിയുകയും വാഹനങ്ങള്‍ക്ക് തീയിടുകയും ചെയ്തു. പ്രതിഷേധക്കാരും പൊലീസും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ 57 പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ 48 പേര്‍ പൊലീസ് ഉദ്യോഗസ്ഥരാണ്. 400ഓളം പേര്‍ അറസ്റ്റിലായി.

രാ‍ജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചേക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും തല്‍കാലം വേണ്ടെന്നാണ് പ്രസി‍‍ഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ തീരുമാനം. പ്രസി‍ഡന്റ് വിളിച്ചുചേര്‍ത്തിയ ആഭ്യന്തരസുരക്ഷാ യോഗത്തില്‍ അടിയന്തരാവസ്ഥാ വിഷയം ചര്‍ച്ചയായില്ലെന്നാണ് സൂചന.