ഇന്ധനത്തെ ജി.എസ്.ടി.യിൽ ഉൾപ്പെടുത്തി പെട്രോൾ നിരക്ക് 50 രൂപയാക്കി കുറയ്ക്കണം: ജോസഫ്.എം.പുതുശ്ശേരി

എം.മനോജ്‌ കുമാര്‍ 

തിരുവനന്തപുരം: ഉയര്‍ന്നു കൊണ്ടിരിക്കുന്ന ഇന്ധന വില കേരളീയ ജീവിതത്തെ പൂര്‍ണമായും
പ്രതിസന്ധിയിലാഴ്ത്തിയതായി കേരളാ കോൺഗ്രസ്(എം) ഉന്നതാധികാര സമിതിയംഗം ജോസഫ് എം.പുതുശ്ശേരി 24കേരളയോടു പറഞ്ഞു.

നിലവിലെ  സാഹചര്യത്തില്‍ വില നിര്‍ണയാവകാശം എണ്ണ കമ്പനികളെ ഏല്പിച്ച നടപടി റദ്ദാക്കി ആ ഉത്തരവാദിത്തം കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് പുതുശ്ശേരി ആവശ്യപ്പെട്ടു.

പെട്രോളിനും ഡീസലിനും ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കാണ് ഇപ്പോള്‍ ഇന്ത്യയില്‍. കേരളത്തിനെപ്പോലുള്ള ഒരു സംസ്ഥാനത്തിനു ഇത് താങ്ങാന്‍ കഴിയില്ല.
പെട്രോള്‍ വില ലിറ്ററിന് 80 രൂപയും കവിഞ്ഞിരിക്കുന്നു. ഡീസല്‍ വില 73 രൂപയ്ക്ക് മുകളിലും. ഇത് മാത്രം മതി സാധനങ്ങളുടെ വില കുത്തനെ കൂടാന്‍.

ഇന്ധന വിലയിലെ വര്‍ദ്ധനവ് കാരണം യാത്രാ നിരക്കുകളിലെ വര്‍ദ്ധനവും ഭക്ഷ്യോത്പന്നങ്ങളുടെ വില നിലവാരവും കുത്തനെ കൂടിക്കഴിഞ്ഞിട്ടുണ്ട്. ഇത് ഇനിയും കൂടാന്‍ പോവുകയാണ്. ഇന്ധന വില കുതിച്ചുയരുമ്പോള്‍ ജീവിതത്തിന്റെ സമസ്ത മേഖലകളേയും വിലക്കയറ്റം പിടിച്ചുകുലുക്കുകയാണ്.

ജനങ്ങള്‍ക്ക് ജീവിക്കാന്‍ കഴിയാത്ത അന്തരീക്ഷമാണ് സംജാതമാകുന്നത്. പെട്രോളിനും ഡീസലിനും ചരിത്രത്തിലെ ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തുമ്പോൾ ജനങ്ങള്‍ക്ക് ആശ്വാസം പകരാനുള്ള ബാധ്യത കേന്ദ്ര സർക്കാരിനുണ്ട്. കർണാടക തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഏപ്രിൽ 24 മുതൽ പോളിംഗ് തീയതി വരെ ദിനംപ്രതി വില നിര്‍ണയം വിലക്കിയ കേന്ദ്ര സർക്കാർ തിരഞ്ഞെടുപ്പ്‌ കഴിഞ്ഞ ഉടൻ അതിന്റെ കണക്ക് തീര്‍ക്കും വിധം വില കുത്തനെ കൂട്ടുകയാണ്. ഒരു തരം ‘പറ്റിക്കൽ’ പരിപാടിയാണിത്‌.

ക്രൂഡ് ഓയിൽ വില കുറഞ്ഞപ്പോൾ അതിന്റെ ആനുകൂല്യം ഉപഭോക്താക്കൾക്കു നൽകാതെ 12 തവണ എക്സൈസ് നികൂതി കൂട്ടുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്തത്.
ആ കവര്‍ന്നെടുക്കലിന്റെ ഭാഗമായി സംസ്ഥാനത്തിന് ലഭിച്ച അധിക നികുതിയുടെ വിഹിതം വേണ്ടെന്നുവെയ്ക്കാന്‍ സംസ്ഥാന സര്‍ക്കാരും തയ്യാറാകണം.

കേന്ദ്രത്തിന്റെ അതേ നിലപാട് ആവര്‍ത്തിച്ച്‌ നികുതി വിഹിതം വേണ്ടെന്നു വെയ്ക്കില്ലെന്ന സംസ്ഥാന ധനമന്ത്രിയുടെ നിലപാട് ആൾകൂട്ടത്തിലെ പോക്കറ്റടിക്കാരനു തുല്യമാണ്. ജീവിതത്തിന്റെ സമസ്ത മേഖലകളെയും ബാധിച്ചു ജനങ്ങളെ വരിഞ്ഞുമുറുക്കുന്ന വില വർദ്ധനയുടെ കാര്യത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ചക്കളത്തിപ്പോരാട്ടം നടത്തുന്നതിന് പകരം ജനങ്ങൾക്കു ആശ്വാസം
പകരുകയാണു വേണ്ടത്. എത്രയും പെട്ടെന്ന് അതിന് ആവശ്യമായ തീരുമാനങ്ങള്‍ കൈക്കൊള്ളാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാവണം.

ഇന്ധനത്തെ ജി.എസ്.ടി.യിൽ ഉൾപ്പെടുത്തി അതിന്റെ ഉയർന്ന സ്ലാബായ 28 ശതമാനം
നികുതി ചുമത്തിയാലും പെട്രോൾ 50 രൂപയ്ക്കു വില്‍ക്കാനാകും. ആ സ്ഥാനത്താണ്‌
80 രൂപ ഈടാക്കി ജനങ്ങളെ കൊളളയടിക്കുന്നത് – പുതുശ്ശേരി പറഞ്ഞു.