ഇന്ദ്രന്‍സിനെപ്പോലുള്ള നടനെയാണോ കോമാളി വേഷം കെട്ടിപ്പിക്കുന്നത് എന്ന് തോന്നിയിട്ടുണ്ട്‌: അലന്‍സിയര്‍

എം.മനോജ്‌ കുമാര്‍ 

തിരുവനന്തപുരം: സംസ്ഥാന പുരസ്ക്കാരം തന്നെ തേടിവരുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് നടന്‍ അലന്‍സിയര്‍. ‘തൊണ്ടിമുതലും ദൃക്സാക്ഷിയും’ എന്ന സിനിമയിലെ അഭിനയത്തിനു മികച്ച സ്വഭാവ നടനുള്ള സംസ്ഥാന
പുരസ്ക്കാരം നേടിയ ശേഷം  24 കേരളയോട് സംസാരിക്കുകയായിരുന്നു അലന്‍സിയര്‍.

തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന സിനിമയില്‍ അലന്‍സിയര്‍ പൊലീസുകാരനായി ജീവിച്ചുവെന്ന ജൂറി പരാമര്‍ശത്തില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതേ ചിത്രത്തിലെ അഭിനയത്തിന്‌ ഒട്ടനവധി പുരസ്‌കാരങ്ങള്‍ എനിക്ക് ലഭിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ സംസ്ഥാന പുരസ്‌കാരവും ചിലപ്പോള്‍ ലഭിച്ചേക്കാം എന്ന് തോന്നിയിരുന്നു.

അവാര്‍ഡ് ലഭിച്ചപ്പോള്‍ സന്തോഷം തോന്നി. മുന്നോട്ടുള്ള അഭിനയ ജീവിതത്തിനു പ്രചോദനമാകും ഇപ്പോള്‍ ലഭിച്ച പുരസ്ക്കാരം. അവാര്‍ഡ് ഏര്‍പ്പെടുത്തിയിരിക്കുന്നത്‌
തന്നെ പ്രചോദനമുണ്ടാക്കാന്‍
വേണ്ടിയാണ്. അതുകൊണ്ട് തന്നെ സിനിമാ രംഗത്തുള്ളവര്‍ക്ക്, കലാരംഗത്തുള്ളവര്‍ക്ക് പുരസ്ക്കാരങ്ങള്‍ തേടിവരുമ്പോള്‍ അത് ആഹ്ളാദിക്കാനുള്ള അവസരം കൂടിയാണ്. അംഗീകാരവും പ്രചോദനവുമാണ് അവാര്‍ഡുകള്‍.

മികച്ച നടന്‍ എന്ന അവാര്‍ഡ് ഇന്ദ്രന്‍സിന് നേടിക്കൊടുത്ത ആളൊരുക്കം എന്ന സിനിമ താന്‍ ഇനിയും കണ്ടിട്ടില്ലെന്നു അലന്‍സിയര്‍ പറഞ്ഞു. അടുത്ത് തന്നെ ആ സിനിമ കാണണം. പല തവണ പുരസ്ക്കാരങ്ങള്‍ നഷ്ടപ്പെട്ടുപോയ നടനാണ്‌ ഇന്ദ്രന്‍സ് ചേട്ടന്‍. പലപ്പോഴും
എനിക്ക് തോന്നിയ കാര്യമാണിത്. അതുകൊണ്ട് തന്നെ ഇത്തവണ ഇന്ദ്രന്‍സിനു അവാര്‍ഡ് കിട്ടിയപ്പോള്‍ അത് വ്യക്തിപരമായ സന്തോഷം കൂടിയാകുന്നു.

നടനെന്ന രീതിയില്‍ എനിക്ക് ആദ്യം ഇന്ദ്രന്‍സിനെ ഇഷ്ടമായിരുന്നില്ല. ഇന്ദ്രന്‍സിന്റെ സിനിമകള്‍ ആദ്യം കണ്ടപ്പോള്‍ കാണുമ്പോള്‍ എനിക്ക് തോന്നിയ വികാരമാണ് ഞാന്‍ പറഞ്ഞത്. പക്ഷെ ഇന്ദ്രന്‍സിനോട് ഒരുമിച്ച് അഭിനയിക്കാന്‍ തുടങ്ങിയപ്പോള്‍ കഥ മാറി. എം.പി.സുകുമാരന്‍ നായരുടെ സിനിമകളില്‍ ഇന്ദ്രന്‍സിനൊപ്പം ഞാന്‍ അഭിനയിക്കുമ്പോള്‍ അദ്ദേഹത്തിന്റെ അഭിനയം കണ്ടു ഞെട്ടിപ്പോയിട്ടുണ്ട്.

ഇത്ര റേഞ്ചുള്ള നടനെയാണോ മലയാള സിനിമ കോമാളി വേഷം കെട്ടി കൊണ്ട് നടന്നത് എന്ന് എനിക്ക് തോന്നിപ്പോയിട്ടുണ്ട്. എനിക്ക് വലിയ ആദരവ് തോന്നി. അന്നൊക്കെ അദ്ദേഹത്തിനു കിട്ടാതെപോയ പുരസ്‌കാരമാണ് ഇത്തവണ ലഭിച്ചതെന്ന്‌ എനിക്ക് തോന്നുന്നു.

മണ്‍റോ തുരുത്തിലെ അഭിനയം നോക്കൂ. ഇന്ദ്രന്‍സിന്റെ അഭിനയ മികവ് വ്യക്തമാകും. ഇത്തവണയും ഇന്ദ്രന്‍സിനു പുരസ്ക്കാരം നിഷേധിച്ചിരുന്നെങ്കില്‍ സിനിമാവേദിയ്ക്ക് അതൊരു ശാപമായേനെ – അലന്‍സിയര്‍ പറഞ്ഞു.

ഇന്ദ്രന്‍സ് ചേട്ടന് അവാര്‍ഡ് ലഭിച്ചപ്പോള്‍ തോന്നിയ സന്തോഷം ഒരു സങ്കടത്തിനും കാരണമാകുന്നുണ്ട്. ഫഹദ് ഫാസിലിനു സംസ്ഥാന അവാര്‍ഡ് തുടര്‍ച്ചയായി നിഷേധിക്കപ്പെടുന്ന ഒരു സാഹചര്യം. അത് വേദനിപ്പിക്കുന്നു.

ഇന്ദ്രന്‍സിനു തുടര്‍ച്ചയായി അവാര്‍ഡ് നിഷേധിക്കപ്പെടുന്ന അനുഭവം ഫഹദ് ഫാസിലിന്റെ കാര്യത്തിലും ആവര്‍ത്തിക്കുന്നു. മലയാളത്തിലെ മികച്ച നടന്മാരില്‍ ഒരാളാണ് ഫഹദ് ഫാസില്‍.

വളരെ ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ ആണ് ഫഹദ് അവതരിപ്പിച്ചത്. വളരെ വളരെ വ്യത്യസ്ത കഥാപാത്രങ്ങള്‍ കൂടിയാണത്. സിനിമ പരാജയപ്പെട്ടാലും ഫഹദ് വേഷങ്ങള്‍ ശ്രദ്ധ പിടിച്ചുപറ്റുന്നു. അഭിനയത്തിന്റെ സൂക്ഷ്മാംശങ്ങളിലേയ്ക്ക്‌ പോകുന്ന അഭിനയരീതിയാണ് ഫഹദിന്റേത്. അവാര്‍ഡിന്റെ കാര്യത്തില്‍ ദൗര്‍ഭാഗ്യം ഫഹദിനെ വേട്ടയാടുന്നതായി തോന്നുന്നു – അലന്‍സിയര്‍ പറഞ്ഞു.

പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റിയ തന്റെ ഒറ്റയാള്‍ പ്രതിരോധങ്ങള്‍ ഇനിയും തുടരുമെന്ന് അലന്‍സിയര്‍ പറഞ്ഞു. സമകാലിക പ്രശ്നങ്ങളോട് ഒരു നടന്‍ എന്ന രീതിയിലുള്ള തന്റെ പ്രതികരണങ്ങളാണത്. അലന്‍സിയര്‍ ഒരു സിനിമാ താരം ആയതുകൊണ്ട് മാത്രമാണ് ഒറ്റയാള്‍ പ്രതിഷേധങ്ങള്‍ ശ്രദ്ധ പിടിച്ചുപറ്റുന്നത്.

ഒരു നാടകക്കാരന്‍ ആയിരുന്ന വേളയില്‍ നടത്തിയ പ്രതിഷേധങ്ങള്‍ അങ്ങിനെ ശ്രദ്ധ പിടിച്ചുപറ്റിയിട്ടില്ല. അത്തരം പരിശ്രമങ്ങളും പ്രതിഷേധങ്ങളും നാടക വേദി തുടരുന്നുണ്ട്. മുന്‍പ് പെണ്‍കുട്ടികളും സ്ത്രീകളും നാടകത്തില്‍ അഭിനയിക്കുന്നതിനെക്കുറിച്ച്‌ ചിന്തിക്കാന്‍ പോലും കഴിയാന്‍ കഴിയാത്ത അവസ്ഥയായിരുന്നു. അങ്ങിനെ പ്രതിഷേധങ്ങള്‍ കൂസാതെ വന്നവര്‍ മികച്ച സിനിമാ താരങ്ങളായി മാറി.

ഇപ്പോള്‍ പെണ്‍കുട്ടികള്‍ നാടകം കളിക്കുന്നത് തെറ്റായി ആരും കാണുന്നില്ല. ഇപ്പോള്‍ ഏതെങ്കിലും പ്രൊഫഷണല്‍ കോഴ്സ് പഠിക്കുന്ന പഠിക്കുന്നതുപോലെത്തന്നെ കേരളത്തിലോ ഡല്‍ഹിയിലോ പോണ്ടിച്ചേരിയിലോ ഒക്കെ പെണ്‍കുട്ടികള്‍ അഭിനയം പഠിക്കുന്നുണ്ട് – അലന്‍സിയര്‍ ചൂണ്ടിക്കാട്ടി.