ഇന്ത്യ ലോകത്തിലെ ഏറ്റവും ദൈർഘ്യമുള്ള എല്‍പിജി പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നു

ഇന്ത്യയിലെ ഏറ്റവും വലിയ ഇന്ധന വിതരണ കമ്പനിയായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനും മറ്റു രണ്ടു വിതരണ കമ്പനികളായ ഭാരത് പെട്രോളിയവും ഹിന്ദുസ്ഥാന്‍ പെട്രോളിയവുംകൂടി ചേര്‍ന്ന് ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ലിക്യുഫൈഡ് പെട്രോളിയം ഗ്യാസ് (എല്‍പിജി) പൈപ്പ് ലൈന്‍ സ്ഥാപിക്കും. 

ഗുജറാത്തിലെ കാന്‍ഡ്‌ലയില്‍ നിന്നും ഉത്തര്‍ പ്രദേശിലെ ഗോരഖ്‌പൂർ വരെ നീളുന്ന പൈപ്പ് ലൈനിനു 2,757  കിലോ മീറ്ററായിരിക്കും നീളം. മൂന്നു എണ്ണ വിപണന കമ്പനികള്‍ക്കും കൂടി ഈ റൂട്ടിലുള്ള 22 ബോട്ടിലിംഗ് പ്ലാന്റുകള്‍ കൂട്ടിയിണക്കിയാകും അത് കടന്നു പോകുക. 

സംയുക്ത സംരംഭത്തില്‍ 50% ഓഹരി വിഹിതം ഐഒസിയുടേതാകും. മറ്റു രണ്ടു കമ്പനികള്‍ക്കും 25% വീതമായിരിക്കും ഓഹരി വിഹിതം. പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ ഒരു വര്‍ഷം 8.25  മില്യണ്‍ ടണ്‍ എല്‍പിജി കടത്തിക്കൊണ്ടു പോകുന്നതിനുള്ള ശേഷി അതിനുണ്ടാകും.

ഇന്ത്യയുടെ എല്‍പിജി ആവശ്യത്തിന്റെ 25% വരുമിത്. എല്‍പിജി ഇറക്കുമതി ചെയ്യുന്ന കേന്ദ്രത്തില്‍ നിന്നും പശ്ചിമ തീരത്തുള്ള കൊയാലി, ബിനാ എന്നീ  രണ്ടു ശുദ്ധീകരണശാലകളില്‍ നിന്നും ശേഖരിക്കുന്ന എല്‍പിജി മൂന്നു കമ്പനികള്‍ക്കും ഈ റൂട്ടിലുള്ള 22  ബോട്ടിലിംഗ് പ്ലാന്റുകളില്‍ വിതരണം ചെയ്യും. അവയില്‍ മൂന്നെണ്ണം ഗുജറാത്തിലും ആറെണ്ണം മധ്യ പ്രദേശിലും 13 എണ്ണം യുപിയിലുമാണ്. 

കാന്‍ഡ്‌ല-ഗോരഖ്‌പൂർ പൈപ്പ് ലൈനില്‍ നിന്നും രാജസ്ഥാന്‍, ഗുജറാത്ത്, മധ്യപ്രദേശ്,  മഹാരാഷ്ട്ര, യുപി എന്നീ സംസ്ഥാനങ്ങളിലെ 21  ബോട്ടിലിംഗ് പ്ലാന്റുകളിലേക്കു കൂടി റോഡ് മാര്‍ഗം എല്‍പിജി എത്തിക്കും.