ഇന്ത്യ – ഭൂതം ,വർത്തമാനം, ഭാവി ചില ചിന്തകൾ

ഋഷിദാസ്. എസ്സ്

പുരാതന ഇന്ത്യയിൽ ജനപഥങ്ങളുടെ എണ്ണം ആയിരക്കണക്കിനും മഹാജനപഥങ്ങളുടെ എണ്ണം മുപ്പതിനടുപ്പിച്ചും ആയിരുന്നിരിക്കാം. പല ജനപഥങ്ങളും അവ്യവസ്ഥയോടടുക്കുന്ന ജനാധിപത്യ സ്വഭാവം പുലർത്തുന്നവ ആയിരുന്നു എന്നുവേണം ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ വിശ്വസിക്കാൻ. പലവയിലും രാജഭരണവും നിലനിന്നിരുന്നു.

ഒരേകീകൃത ഭരണവ്യവസ്ഥയിലേക്ക് ഇന്ത്യയെ നയിക്കാനുള്ള ശ്രമങ്ങൾ ഇന്നത്തെ ബീഹാറിലെ മഗധയിലാണ് തുടങ്ങിയത്. മഗധയിലെ ഹരിയാങ്ക രാജവംശത്തിലെ ബിംബിസാരനും അദ്ദേഹത്തിന്റെ പുത്രൻ അജാത ശത്രുവും ആയിരുന്നിരിക്കാം ഇന്ത്യയുടെ രാഷ്ട്രീയ ഏകീകരണം ആദ്യമായി സ്വപ്നം കണ്ട ഭരണാധികാരികൾ.

പ്രായോഗിക രാഷ്‌ടീയത്തിന്റെ വക്താക്കളായിരുന്നു ഇവർ രണ്ടു പേരും. ബുദ്ധന്റെ സമകാലികനും ബൗദ്ധ ചിന്തകളുടെ ആരാധകനുമായിരുന്നു ബിംബിസാരൻ. പക്ഷെ അദ്ദേഹം ബൗദ്ധ ചിന്ത ഭരണത്തിൽ കടന്നു കയറാൻ അനുവദിച്ചില്ല. സൈന്യത്തിലെ ചില സൈനികർ സൈന്യ സേവനം വെടിഞ്ഞു ബുദ്ധ സന്യാസിമാരായപ്പോൾ അദ്ദേഹം സ്വീകരിച്ച നിലപാട് അതിനു ദൃഷ്ടാന്തമാണ്. അദ്ദേഹം ബുദ്ധനെ സന്ദർശിച്ച് ബുദ്ധന് തന്റെ രാജ്യത്ത് ലഭിക്കുന്ന ബഹുമാന്യത തന്റെ ഔദാര്യമാണെന്ന് ഓർമപ്പെടുത്തി.

ഉടൻ തന്നെ സൈനികർ ബുദ്ധഭിക്ഷുക്കൾ ആകുന്നത് വിലക്കിക്കൊണ്ട് ബുദ്ധൻ സന്ദേശവും നൽകി. ബുദ്ധ ഭിക്ഷുക്കൾ നിലനിൽക്കുന്നത് സൈനികർ പ്രദാനം ചെയ്യുന്ന ശാന്തിയുടെ നടുവിലാണെന്ന് ബുദ്ധനെ ഓർമ്മപ്പെടുത്തുകയാണ് ബിംബിസാരൻ ചെയ്തത്. ഗുരുക്കന്മാരുടെയും ആചാര്യന്മാരുടെയും ഉപദേശങ്ങൾ സ്വീകരിച്ചുകൊണ്ട് എന്നാൽ രാജ്യ താത്പര്യത്തിന് മുൻ‌തൂക്കം നൽകിക്കൊണ്ടുള്ള ബിംബിസാരന്റെ നടപടികൾ നമ്മുടെ രേഖപ്പെടുത്തപ്പെട്ട ചരിത്രത്തിലെ ഒരു നാഴികക്കല്ല് തന്നെയാണ്.

പിന്നീടുവന്ന മഹാപത്മനന്ദൻ ആണ് മഗധയെ വൻശക്തിയാക്കി ഭാരതത്തിന്റെ കേന്ദ്രബിന്ദുവാക്കിയത്.അതിശക്തമായ സൈനിക ശക്തിയും, വലിയ സമ്പത്തുമായിരുന്നു നന്ദരുടെ മുഖമുദ്ര. നന്ദരുടെ സമ്പത്തിനെ പറ്റി പ്രാചീന തമിഴ് കാവ്യങ്ങളിൽ പോലും വർണനയുണ്ട്. അതിൽനിന്നു തന്നെ നന്ദ സാമ്രാജ്യത്തിന്റെ ഖ്യാതിയും സ്വാധീനവും ദക്ഷിണേന്ത്യയിലും വ്യാപിച്ചിരുന്നു എന്ന് അനുമാനിക്കാം.

നന്ദരുമായി
സൗഹൃദത്തിൽ തന്നെ ആവണം ദക്ഷിണ ഇന്ത്യയിലെ ചോള, ചേര ,പാണ്ട്യ ശക്തികൾ കഴിഞ്ഞിരുന്നത് .
നന്ദരെ കീഴ്‌പ്പെടുത്തി മഗധയിൽ ആധിപത്യം സ്ഥാപിച്ച മൗര്യ ചക്രവർത്തിയായ ചന്ദ്ര ഗുപ്ത മൗര്യൻ തന്നെയാണ് നിസ്സംശയമായും ഇന്ത്യയെ രാഷ്ട്രീയമായി ഒരുമിപ്പിച്ചത്. ഇപ്പോഴത്തെ ഇന്ത്യയേക്കാൾ വലുതായിരുന്നു ചന്ദ്ര ഗുപ്ത മൗര്യന്റെ ഇന്ത്യ.

കലിംഗം ഒഴികെയുള്ള ഇന്ത്യ ഉപഭൂഖണ്ഡത്തിലെ എല്ലാ പ്രദേശവും ചന്ദ്രഗുപ്തനെ ചക്രവർത്തിയായി അംഗീകരിച്ചിരുന്നു. ദക്ഷിണ ഇന്ത്യയിലെ ചോള, ചേര ,പാണ്ട്യ ശക്തികൾ സ്വയം ഭരണ അവകാശമുള്ള പ്രവിശ്യകൾ ആയിരുന്നിരിക്കണം. ഒന്നര നൂറ്റാണ്ടു നീണ്ടുനിന്ന മൗര്യ കാലഘട്ടം തന്നെയാണ് ഇന്ത്യയുടെ പുരാതന സുവർണ്ണ കാലഘട്ടം .

വിജ്ഞാനത്തിന്റെയും ആശയങ്ങളുടെയും മഹാശക്തിയായ ഇന്ത്യ സൈനികമായും സാമ്പത്തികമായും ഒരു സൂപ്പർ പവർ ആയത് മൗര്യരുടെ കാലത്താണ്. ഇനി നമുക്ക് വന്നു ചേരാൻ പോകുന്ന സൂപ്പർ പവർ പദവി നമുക്ക് ആദ്യമായല്ല ലഭിക്കുന്നത്. നമ്മുടെ പുരാതനമായ സൂപ്പർ പവർ പദവി നാം തിരിച്ചുപിടിക്കാനാണ് പോകുന്നത്.

മതം രാജ്യതന്ത്രത്തിൽ അതിരുവിട്ടു കൈകടത്തിയത് തന്നെയാവണം മൗര്യ ഇന്ത്യയുടെ ശിഥിലീകരണത്തിനു വഴിതെളിച്ചത്. രാജ്യത്തിൽ നിന്നും വേർപെടുത്തി രാജ്യതാല്പര്യത്തിനു മേൽകൈ കൊടുത്ത ഹരിയാങ്ക ചക്രവത്തി ബിംബിസാരന്റെ പ്രായോഗിക രാജ്യതന്ത്രം അശോക മൗര്യൻ വിസ്മരിച്ചു. ചക്രവർത്തി തന്നെ മതപ്രചാരകനായി. ഏകീകൃത ഇന്ത്യയുടെ ശിഥിലീകരണമായിരുന്നു ഫലം. ഭൗതികതയെ അവഗണിച്ചു കൊണ്ട് പ്രായോഗികതയില്ലാത്ത ആത്മീയതയെ വളർത്തിയതിന്റെ ദുരന്തം അക്കാലത്തെ ലോകത്തിലെ സാമ്പത്തിക സൈനിക വൻശക്തിയായ ഇന്ത്യയെ തളർത്തി ശിഥിലീകരിച്ചു.

പിന്നീടുവന്ന ഗുപ്ത സാമ്രാജ്യം ഉൾപ്പെടെയുള്ള പല ഇന്ത്യൻ സാമ്രാജ്യങ്ങൾക്കും സാംസ്കാരികമായും ,സാമ്പത്തികമായും വളരെ ഔന്നിത്യം പ്രാപിക്കാനായെങ്കിലും ഒരു വൻശക്തിയുടെ പദവി അവക്കൊന്നും നേടാനായില്ല. മാത്രമല്ല രാജ്യത്തിലേക്കുള്ള വൈദേശിക ഛിദ്ര ശക്തികളുടെ കടന്നു കയറ്റം തടയാനും അവർക്കായില്ല.

ഒരു പക്ഷെ ചൈനക്കുണ്ടായിരുന്നതുപോലുള്ള ഒരു വന്മതിൽ നാം പടുത്തുയർത്തിയിരുന്നെങ്കിൽ ഏതാണ്ട് ഒരു സഹസ്രാബ്ദം നീണ്ടുനിന്ന വൈദേശിക തേർവാഴ്ച ഇവിടെ ഉണ്ടാകുമായിരുന്നില്ല

വിശ്രുത സാമ്പത്തിക ശാസ്ത്രജ്ഞനായ അംഗസ്‌ മാഡിസന്റെ( Angus Maddison ) പഠനങ്ങൾ വ്യകതമാക്കുന്നത് ഒന്നാം ശതകം മുതൽ പത്താം ശതകം വരെ ലോക സാമ്പത്തിക ഉത്പാദനത്തിന്റെ ഏതാണ്ട് 40% ഇന്ത്യയിൽ നിന്നായിരുന്നു എന്നാണ്. ഒരു സഹസ്രാബ്ദം നീണ്ടുനിന്ന വൈദേശിക ആധിപത്യം 1947 ആയപ്പോഴേക്കും ലോക സമ്പദ്‌വ്യവസ്ഥയിൽ നമ്മുടെ ഓഹരി 2% നും താഴെ എത്തിച്ചു. അത്ര കൊടിയ ചൂഷണമാണ് വൈദേശിക അധിനിവേശ ശക്തികൾ ഈ ഉപഭൂഖണ്ഡത്തിൽ നടത്തിയത്.

ഒരു സഹസ്രാബ്ദത്തിന്റെ അധിനിവേശത്തിൽ നിന്നും ചൂഷണത്തിൽനിന്നും മോചനം നേടുക എന്നത് അത്ര എളുപ്പമുള്ള ഒന്നല്ല. എന്നാലും കഴിഞ്ഞ 70 വർഷങ്ങൾ നമുക്ക് പ്രത്യാശ തന്നെയാണ് നൽകുന്നത്. ലോക സാമ്പത്തിക ഉൽപ്പാദനത്തിന്റെ ഏതാണ്ട് 5%ത്തിലേക്ക് നാം വളർന്നു കഴിഞ്ഞു. വരാൻപോകുന്ന മൂന്ന് ദശാബ്ദങ്ങളിൽ നമ്മുടെ സമ്പദ് വ്യവസ്ഥ ലോക ഉത്പാദനത്തിന്റെ 15%ത്തിലേക്ക് ഉയരും എന്നാണ് കരുതപ്പെടുന്നത്.

ആയിരം വർഷങ്ങൾ കൊണ്ട് നമ്മിൽ നിന്നും കവർന്നെടുത്ത സമ്പത്തിന്റെ നാലിൽ ഒന്നെങ്കിലും സ്വാതന്ത്ര്യത്തിന്റെ നൂറാം വർഷത്തിൽ നമുക്ക് തിരിച്ചു പിടിക്കാൻ കഴിഞ്ഞാൽ പ്രചണ്ഡമായ ഒരു നേട്ടം തന്നെയാകും അത്. ഛിദ്ര ശക്തികളും , വ്യാജ പ്രചാരണക്കാരും ഇരിക്കുന്ന കൊമ്പു മുറിക്കാൻ ശ്രമിക്കുന്ന അധമരും എല്ലാക്കാലത്തും ഇവിടെ ഉണ്ടായിട്ടുണ്ട്. അവർ ഇപ്പോഴും അതിശക്തമായിത്തന്നെ ഈ നാടിനെതിരെ പ്രവർത്തിക്കുന്നുണ്ട്. പക്ഷെ അവരുടെ ദുഷ്പ്രവർത്തികളെ അതിജീവിക്കാനുള്ള കരുത്ത് നമ്മുടെ മഹാരാജ്യം ആർജ്ജിച്ചിട്ടുണ്ട് എന്ന് തന്നെയാണ് സമീപകാല സംഭവ പരമ്പരകൾ വ്യക്തമാക്കുന്നത്.

ഇന്ത്യൻ സംസ്കാരത്തെ തകർക്കാൻ കഴിയാത്തതിൽ അതീവ ഖിന്നരായ പല ശക്തികളും ലോകത്തുണ്ട് . അവരുടെയൊക്കെ കണ്ണിലെ കരടാണ് ഇന്ത്യൻ നാഗരികത. ഇനി ഈ മഹാ സംസ്കാരത്തെ പുറത്തുനിന്നും തകർക്കാൻ കഴിയില്ല എന്ന സത്യം അവരും മനസിലാക്കുന്നു എന്നുവേണം കരുതാൻ. അതിനാൽ തന്നെ അവർ നമ്മെ തുരങ്കം വക്കാൻ ഈ നാട്ടിൽത്തന്നെയുള്ള ഛിദ്രശക്തികളെ ചെല്ലും ചെലവും കൊടുത്തു വളർത്തുന്നതിലെ ബുദ്ധി മനസിലാക്കാവുന്നതേയുളൂ.

ഈ രാജ്യം ഒരേ മനസോടെ മുന്നേറിയാൽ രണ്ടോ മൂന്നോ ദശാബ്ദങ്ങൾക്കുള്ളിൽ നാം ഒരു സഹസ്രാബ്ദത്തിന്റെ അടിമത്തത്തിലൂടെ നഷ്ടപ്പെട്ടുപോയ നമ്മുടെ ഭൗതിക സമ്പത്തു തിരികെ പിടിക്കുമെന്ന് ഇപ്പോൾ ഒരുമാതിരി വെളിവുള്ള എല്ലാ സാമ്പത്തിക ശാസ്തജ്ഞന്മാരും അംഗീകരിക്കുന്നുണ്ട് . രാജ്യത്തിന് വെളിയിലുള്ള ആർക്കും അത് തടയാനാവില്ല എന്നും നമ്മുടെ ശത്രുക്കൾക്ക് നല്ലവണ്ണം അറിയാം. അതിനാലാണ് അവർ നമ്മെ തമ്മിൽ തല്ലിക്കാൻ പഠിച്ച പണി പതിനെട്ടും നോക്കുന്നത്.

ഇന്ത്യ എന്ന മഹാരാജ്യത്തിനുള്ളിൽ നാം സുരക്ഷിതരായിരിക്കും. മറിച്ച്‌, രണ്ടു നൂറ്റാണ്ടുമുമ്പുള്ള വേണാട്, ചെന്പകശേരി ,കായംകുളം , ആറ്റിങ്ങൽ ,ആർക്കോട്ട് ,ആൽവാർ, അജ്മീർ ,…… തുടങ്ങിയ അനേകായിരം ഖണ്ഡങ്ങളായി വിഘടിച്ചു പോയാൽ പിന്നെ ദൈവത്തിനു പോലും നമ്മെ സഹായിക്കാനാവില്ല .
വരാനിരിക്കുന്ന പത്തു വർഷം ഇന്ത്യയെ സംബന്ധിച്ച് അതി പ്രധാനമാണ്. 8% ശരാശരി സാമ്പത്തിക വളർച്ച കൈവരിച്ചാൽ തന്നെ 2019 ൽ ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനം( സ്ഥിര നാണയ മൂല്യത്തിൽ ) 7000 ബില്യൺ ഡോളറിൽ അധികമാവും . US നും ,ചൈനക്കും പിറകിൽ ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തി. നമ്മുടെ ഒളിഞ്ഞിരിക്കുന്ന ബുദ്ധിയും, കഴിവുകളും , സമ്പത്തും, കാര്യക്ഷമമായി വിനിയോഗിച്ചാൽ. അതിനു ശേഷം വരാനിരിക്കുന്ന രണ്ട് ദശകങ്ങളിലും നമുക്ക് 8% ശരാശരി സാമ്പത്തിക വളർച്ച കൈവരിക്കാനാകും.

ഈ കാലയളവിൽ US നും , ചൈനക്കും രണ്ടോ മൂന്നോ ശതമാനത്തിൽ കവിഞ്ഞ നിരക്കിൽ വളരാനാവില്ല. അതിനാൽ തന്നെ 2050 ആകുന്നതോടെ നമ്മുടെ ആഭ്യന്തര ഉത്പാദനം( സ്ഥിര നാണയ മൂല്യത്തിൽ ) 30000 ബില്യൺ ഡോളർ കവിയും. ഈ നൂറ്റാണ്ടിന്റെ പകുതിയാവുമ്പോൾ ഇപ്പോൾ കാണുന്നതിലും തികച്ചും ഭിന്നമായ ഒരു ലോക ക്രമമാകും നമുക്ക് കാണാൻ കഴിയുക. ആ ലോക ക്രമത്തിലെ ഒരു സൂപ്പർ പവർ തന്നെയാകും നമ്മുടെ രാജ്യം.
പിന്നീട് വരാൻ പോകു ന്നത് ഇന്ത്യയുടെ നൂറ്റാണ്ടുകൾ ആകുമെന്നാണ് പല സാമ്പത്തിക രാഷ്ട്രീയ വിദഗ്ധരും അഭിപ്രായപ്പെടുന്നത്.

സംഭവ്യതകൾ പലതാണ്. പക്ഷെ നമ്മുടെ രാജ്യം എത്ര വേഗം നമ്മുടെ പഴയ സാമ്പത്തിക , സൈനിക , സാങ്കേതിക, ജ്ഞാന ഔന്നിത്യം തിരിച്ചു പിടിക്കും എന്നത് ഇനി വരാനിരിക്കുന്ന ദശാബ്ദം തീരുമാനിക്കും. അതിലേക്കുള്ള ഒരു ചവിട്ടുപടിയാണ്‌ 2019 .