ഇന്ത്യ- ന്യൂസിലന്‍ഡ് ടി20; സ്റ്റേഡിയത്തില്‍ മീടു പോസ്റ്ററുകളും

ഓക്‌ലന്‍ഡ്: ഇന്ത്യ- ന്യൂസീലന്‍ഡ് ടി20 പരമ്ബരയ്ക്കിടെ മീ ടു വിവാദവും. ഒന്നാം ടി20 നടന്ന വെല്ലിങ്ടന്‍ വെസ്റ്റ്പാക് സ്റ്റേഡിയത്തിനു പിന്നാലെ രണ്ടാം ടി20ക്കു വേദിയായ ഓക്‌ലന്‍ഡ് ഈഡന്‍ പാര്‍ക്കിലും സമാനമായ മീ ടു പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. ന്യൂസിലന്‍ഡ് ക്രിക്കറ്റ് ടീമില്‍ അംഗമായ ഓള്‍റൗണ്ടര്‍ സ്കോട്ട് കുഗ്ഗെലെയ്നെ ഉന്നമിട്ടുള്ളതാണ് ഈ പോസ്റ്ററുകളെന്നാണ് സൂചന. 2015ല്‍ കുഗ്ഗെലെയ്നെതിരെ മാനഭംഗക്കേസ് ചുമത്തിയിരുന്നു. എന്നാല്‍, നീണ്ട വിചാരണയ്ക്കു ശേഷം താരം കുറ്റക്കാരനല്ലെന്ന് കോടതി കണ്ടെത്തി.

വെല്ലിങ്ടന്‍ വെസ്റ്റ്പാക് സ്റ്റേഡിയത്തില്‍ അരങ്ങേറിയ ഒന്നാം ടി20 മത്സരത്തിനിടെ പ്രത്യക്ഷപ്പെട്ട ‘മിടൂ’ പോസ്റ്ററുകള്‍ ന്യൂസിലന്‍ഡ് ക്രിക്കറ്റ് അധികൃതരും സ്റ്റേഡിയം അധികൃതരും ഇടപെട്ട് നീക്കം ചെയ്തിരുന്നു. ബാനറുമായെത്തിയ യുവതിയെ സ്റ്റേഡിയത്തില്‍ നിന്നു പുറത്താക്കുകയും ചെയ്തു. എന്നാല്‍, സംഭവം വിവാദമായതോടെ ന്യൂസിലന്‍ഡ് ക്രിക്കറ്റ് മാപ്പപേക്ഷയുമായി രംഗത്തെത്തുകയും ചെയ്തു. വ്യക്തികളെ ഉന്നമിടുന്ന ഇത്തരം പോസ്റ്ററുകള്‍ സ്റ്റേഡിയത്തില്‍ അനുവദനീയമല്ലെന്ന ചട്ടപ്രകാരമാണ് ഇവ നീക്കിയതെന്നായിരുന്നു വിശദീകരണം. പിന്നീട് പിടിച്ചെടുത്ത ബാനറും തിരികെ നല്‍കി.

ഓക്‌ലന്‍ഡില്‍ നടന്ന രണ്ടാം ടി20യ്ക്കിടയിലും സ്റ്റേഡിയത്തില്‍ ‘മിടൂ’ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത് നാണക്കേടായി. ന്യൂസിലന്‍ഡ് ക്രിക്കറ്റ് ഉണരൂ… #മിടൂ’ എന്നെഴുതിയ പോസ്റ്ററാണ് രണ്ടാം മത്സരത്തിനിടെ സ്റ്റേ‍ഡിയത്തില്‍ പ്രത്യക്ഷപ്പെട്ടത്. ഇത് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ കടുത്ത സമ്മര്‍ദ്ദത്തിലായിരിക്കുകയാണ് ന്യൂസിലന്‍ഡ് ക്രിക്കറ്റ്.

ന്യൂസിലന്‍ഡിലെ നോര്‍ത്തേണ്‍ ഡിസ്ട്രിക്റ്റ്സിന്റെ താരമായ ഇരുപത്തേഴുകാരന്‍ സ്കോട്ട് കുഗ്ഗെലെയ്നെതിരെ 2015ലാണ് മാനഭംഗ ആരോപണം ഉയര്‍ന്നത്. രണ്ട് വര്‍ഷനത്തോളം നീണ്ട വിചാരണയ്ക്കുമശേഷം കുഗ്ഗെലെയ്ന്‍ കുറ്റക്കാരനല്ലെന്ന് ന്യൂസീലന്‍ഡിലെ കോടതി കണ്ടെത്തിയിരുന്നു. എന്നാല്‍, വിവാദങ്ങള്‍ അടങ്ങിയിട്ടില്ലെന്നതിന്റെ സൂചന നല്‍കിയാണ് താരം കളിക്കുന്ന സ്റ്റേഡിയങ്ങളിലും പ്രതിഷേധക്കാര്‍ ‘മിടൂ’ ബാനറുകളുമായി എത്തുന്നത്.

മാനഭംഗക്കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ട ശേഷം 2017 മേയ് 14നാണ് കുഗ്ഗെലെയ്ന്‍ ന്യൂസിന്‍ഡിനായി രാജ്യാന്തര ക്രിക്കറ്റില്‍ അരങ്ങേറിയത്. അയര്‍ലന്‍ഡിനെതിരായ ഏകദിന പരമ്ബരയിലായിരുന്നു ഇത്. ഈ വര്‍ഷം ആദ്യം ശ്രീലങ്കയ്ക്കെതിരെ സ്വന്തം നാട്ടില്‍ നടന്ന പരമ്ബരയില്‍ ടി20 അരങ്ങേറ്റവും കുറിച്ചു.