ഇന്ത്യ -നേപ്പാൾ ട്രെയിൻ യാത്ര ഉടൻ യാഥാർഥ്യമാകും

ന്യൂഡൽഹി:ഇന്ത്യ-നേപ്പാൾ ട്രെയിൻ സർവീസുകൾ ഉടൻ ആരംഭിക്കും.ഏറെ നാളെത്തെ സ്വപ്ന പദ്ധതിയാണ് ഇതോടെ യാഥാർഥ്യമാകാൻ പോകുന്നത്.ഇന്ത്യയില്‍ നിന്ന് നേപ്പാളിലേക്കുള്ള രാജ്യത്തെ ആദ്യത്തെ അത്യാധുനിക റെയില്‍ പാതയായിരിക്കും ഇത്.പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ സഞ്ചാരികള്‍ക്ക് നേപ്പാളിലെ പ്രധാന ടൂറിസം സ്‌പോട്ടുകളിലെത്താന്‍ എളുപ്പത്തില്‍ സാധിക്കും.

ഉത്തര്‍പ്രദേശിലെ ബര്‍ഹിനിയും നേപ്പാളിലെ കാഠ്മണ്ഡുവുമായി ബന്ധിപ്പിക്കുന്ന നിര്‍ദ്ദിഷ്ട റെയില്‍വേ പദ്ധതി വേഗത്തിലാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ആരംഭിച്ചതായി ഫിനാന്‍ഷ്യല്‍ എക്‌സ്പ്രസ്‌ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.റെയില്‍വേ പദ്ധതിയുടെ നടപടികള്‍ വേഗത്തിലാക്കാന്‍ ശ്രമിക്കുകയാണെന്നും വിദേശകാര്യ മന്ത്രാലയം ഇതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും റെയില്‍വേ മന്ത്രി സുരേഷ് അങ്കടി പറഞ്ഞു.ഇതിനായി ഇന്ത്യന്‍ പ്രദേശത്തെ അഞ്ച് കിലോമീറ്റര്‍ ലൈനിനായുള്ള സര്‍വേ പൂര്‍ത്തിയായതായും അദ്ദേഹം പറഞ്ഞു.

കാഠ്മണ്ഡുവിനെ ഇന്ത്യന്‍ അതിര്‍ത്തിയായ റക്‌സൗലുമായും ചൈനീസ് അതിര്‍ത്തിയായായ കീറംഗുമായും ബന്ധിപ്പിക്കാനുള്ള പദ്ധതി ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ഇതിന്റെ പ്രവര്‍ത്തനം ആരംഭിക്കുമെന്നും പറയുന്നു.ഇരു രാജ്യങ്ങൾ തമ്മിലുള്ള ബന്ധം ദൃഢപ്പെടുത്താനും ഇതോടെ സാധിക്കും എന്നാണ് പ്രതീക്ഷ.