ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെതിരെ

കൊളംബോ: നിദാഹസ് ത്രിരാഷ്ട്ര ട്വന്‌റി 20 പരമ്പരയില്‍ ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെ നേരിടും. ഫൈനല്‍ എറേക്കുറേ ഉറപ്പിച്ച ഇന്ത്യ വിജയം തുടരുകയെന്ന ലക്ഷ്യത്തോടെയാണ് ഇന്ന് കളത്തിലിറങ്ങുന്നത്. അതേസമയം ഇന്ന് ജയിച്ചാല്‍ ബംഗ്ലാദേശിന് ഫൈനല്‍ പ്രതീക്ഷ നിലനിര്‍ത്താം.

പരമ്പരയിലെ ആദ്യ മത്സരം ശ്രീലങ്കയോട് പരാജയപ്പെട്ട് തുടങ്ങിയ ഇന്ത്യ പിന്നീടുള്ള രണ്ടു മത്സരങ്ങളിലും ആധികാരിക വിജയം നേടിയാണ് തിരിച്ചു വരവ് നടത്തിയത്.

ഒരു അട്ടിമറിക്കുള്ള കരുത്തുണ്ട് ബംഗ്ലാദേശിന്. ശ്രീലങ്ക ഉയര്‍ത്തിയ 215 റണ്‍സ് 5 വിക്കറ്റ് നഷ്ടത്തില്‍ മറികടന്നാണ് അവരുടെ വരവ്. ബംഗ്ലാദേശ് പരമ്പരയിലെ ആദ്യ മത്സരം ഇന്ത്യയോട് തോറ്റിരുന്നു.

ബാറ്റിംഗില്‍ രണ്ട് അര്‍ദ്ധ സെഞ്ച്വറികള്‍ നേടിയ ശിഖര്‍ ധവാന്റെ ഫോമാണ് ഇന്ത്യയ്ക്ക് മേല്‍ക്കൈ നല്‍കുന്നത്. ഒപ്പം മനീഷ് പാണ്ഡെ, ദിനേശ് കാര്‍ത്തിക് എന്നിവരും പ്രതീക്ഷയ്ക്കൊത്ത് ഉയരുന്നുണ്ട്. എന്നാല്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ, റെയ്ന, ലോകേഷ് രാഹുല്‍ എന്നിവര്‍ക്ക് താളം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.