ഇന്ത്യ അമിത് ഷായുടെ അച്ഛന്റെ സ്വത്തല്ല ; തുറന്നടിച്ച്‌ നടന്‍ പ്രകാശ് രാജ്

കോഴിക്കോട് : ബി.ജെ.പി ജയിച്ചാല്‍ പിന്നെ അടുത്ത 50 വര്‍ഷം ആര്‍ക്കും താഴെയിറക്കാന്‍ സാധിക്കില്ലെന്ന അമിത്ഷായുടെ പ്രസ്താവനക്കെതിരെ നടന്‍ പ്രകാശ് രാജ്.

തന്റെ അച്ഛന്റെ സ്വത്താണ് ഇന്ത്യ എന്നത് പോലെയാണ് അമിത് ഷാ സംസാരിക്കുന്നത്, ആര് അധികാരത്തില്‍ വരണമെന്ന് നിങ്ങളല്ല, ജനം തീരുമാനിക്കുമെന്ന് പ്രകാശ് രാജ് പ്രതികരിച്ചു.

തെരഞ്ഞെടുപ്പ് അടുക്കുമ്ബോള്‍ കേന്ദ്ര സര്‍ക്കാര്‍ ഓരോ ഗിമ്മിക്കുകള്‍ പുറത്തേക്ക് എടുക്കുകയാണ് എന്നും പ്രകാശ് രാജ് പറഞ്ഞു. മുന്നോക്ക വിഭാഗത്തിന് ഏര്‍പ്പെടുത്തിയ സാമ്ബത്തിക സംവരണത്തിന് നോട്ട് നിരോധനത്തിന്റെയും ജിഎസ്ടിയുടേയും ഭാവിയേ ഉളളൂ, മുന്നോക്ക സംവരണം നടപ്പിലാക്കപ്പെടുമെന്ന് താന്‍ കരുതുന്നില്ലെന്നും പ്രകാശ് രാജ് കൂട്ടിച്ചേര്‍ത്തു.

ഈ രാജ്യത്ത് മനുഷ്യനേക്കാള്‍ വില പശുവിന് ആണോ എന്ന് പ്രകാശ് രാജ് ചോദിച്ചു. പശുവിനും ഗോമൂത്രത്തിനും ചാണകത്തിനും വരെ അമിത പ്രാധാന്യം നല്‍കുന്ന നേതാക്കളുടെ തലയിലും ചാണകമാണ്. എന്തുകൊണ്ട് ഇവര്‍ മൂന്ന് നേരെ ഗോമൂത്രം കുടിക്കുന്നില്ലെന്നും പ്രകാശ് രാജ് പരിഹസിച്ചു. താന്‍ പ്രസംഗിക്കുന്ന ഇടങ്ങളിലെല്ലാം ശുദ്ധി കര്‍മ്മം നടത്തുകയാണ് എങ്കില്‍ അങ്ങനെയെങ്കിലും സ്വച്ഛ് ഭാരത് നടപ്പിലാകട്ടെ എന്നും പ്രകാശ് രാജ് പറഞ്ഞു.

സ്ത്രീകള്‍ കയറിയത് കൊണ്ട് ശുദ്ധികര്‍മ്മം നടത്തിയവരുടെ മനസ്സാണ് ശുദ്ധീകരിക്കേണ്ടത്. പ്രളയകാലത്ത് ഒന്നായി നിന്ന മനുഷ്യര്‍ ശബരിമല വിഷയത്തില്‍ തമ്മിലടിക്കുകയാണ്. ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ദൈവത്തിന്റെ പേരില്‍ തമ്മിലടിക്കുന്നു. സ്ത്രീകളെ ബഹുമാനിക്കാത്ത ഒരു ആചാരത്തെ എങ്ങനെയാണ് മലയാളികള്‍ക്ക് അംഗീകരിക്കാന്‍ സാധിക്കുകയെന്നും പ്രകാശ് രാജ് വ്യക്തമാക്കി.