ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ 2019 മുതൽ 2024 വരെ ഒരു ഊഹ അവലോകനം

ഋഷി ദാസ്. എസ്സ്.

ഇന്ത്യൻ സമ്പദ് വ്യവസ്ഥ, പർച്ചേസിംഗ് പവർ പാരിറ്റിയുടെ ( purchasing power parity ) അടിസ്ഥാനത്തിൽ നോക്കിയാൽ ലോകത്തെ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാണ് . ഏകദേശം 12 ട്രില്യൺ ഡോളർ ആണ് പർച്ചേസിംഗ് പവർ പാരിറ്റിയുടെ അടിസ്ഥാനത്തിൽ നമ്മുടെ മൊത്ത ആഭ്യന്തര ഉത്പാദനം . അന്താരാഷ്‌ട്ര എക്സ്ചേഞ്ച് നിരക്കുകളുടെ അടിസ്ഥാനത്തിൽ നാം ലോകത്തെ അഞ്ചാമത്തെ വലിയ വലിയ സമ്പദ് വ്യവസ്ഥയാണ്. 2.8 ട്രില്യൺ ഡോളർ ആണ് അന്താരാഷ്‌ട്ര എക്സ്ചേഞ്ച് നിരക്കുകളുടെ അടിസ്ഥാനത്തിൽ നമ്മുടെ മൊത്ത ആഭ്യന്തര ഉത്പാദനം .

പ്രതിശീർഷ വരുമാനത്തിന്റെ അടിസ്ഥാനത്തിൽ നോക്കിയാൽ പോലും ഇന്ത്യ ഇന്നൊരു ദരിദ്ര രാജ്യം അല്ല . ഇക്കൊല്ലം അന്താരാഷ്‌ട്ര എക്സ്ചേഞ്ച് നിരക്കുകളുടെ അടിസ്ഥാനത്തിൽ നമ്മുടെ പ്രതിശീർഷ വരുമാനം 1800 ഡോളറിൽ അധികമാണ് . ഇത് ലോവർ മിഡിൽ ഇൻകം രാജ്യങ്ങളുടെ ( lower middle income nation) വരുമാനത്തിൽ പെടും .

Image result for gdp india

ചുരുക്കത്തിൽ ചില തല്പര കക്ഷികൾ പ്രചരിപ്പിക്കുന്നത് പോലെ ഇന്ത്യ ഇന്നൊരു ദരിദ്ര രാജ്യം അല്ല . ഏതാണ്ട് 30 കോടി ദരിദ്രർ ഉണ്ടെങ്കിലും ഒരു രാജ്യം എന്ന നിലയിൽ ഇന്ത്യ ഒരു മിഡിൽ ഇൻകം രാജ്യമാണ് . ലോകത്തെ സാമ്പത്തികമായി നിയന്ത്രിക്കുന്ന അമേരിക്കയിൽ പോലും 2 കോടിയിലധികം പരമ ദരിദ്രരുണ്ട് . ദരിദ്രരുടെ എണ്ണം കുറക്കുകയും രാജ്യത്തു സാമ്പത്തിക വളർച്ചയോടൊപ്പം സമ്പന്നരും ദരിദ്രരും തമ്മിലുള്ള അന്തരം കുറക്കുകയുമാവണം അടുത്ത അഞ്ചു വർഷത്തെ സാമ്പത്തിക നയത്തിന്റെ കാതൽ .

നികുതി ഘടനയാണ് ഏതൊരു സമ്പദ്‌വ്യവസ്ഥയുടെയും മുന്നോട്ടുള്ള പോക്കിനെ നിയന്ത്രിക്കുന്നത് . നികുതികൾ സാധാരണക്കാരന് താങ്ങാവുന്നതും വലിയ ചെലവില്ലാതെ പിരിച്ചെടുക്കപ്പെടാവുന്നതും ആവണം . പ്രത്യക്ഷ നികുതികളായ കോർപ്പറേറ്റ് നികുതിയും വ്യക്തിഗത ആദായ നികുതിയുമാണ് കേന്ദ്ര സർക്കാരിന്റെ ഏറ്റവും വലിയ നികുതി സ്രോതസ്സുകൾ. ഏതാണ്ട് ആറു ലക്ഷം കോടിയിലധികമാണ് ഈ രണ്ടിനത്തിലെയും പ്രതിവർഷ വരുമാനം . കോർപറേറ്റ് നികുതികൾ ക്രമേണ കുറച്ചുകൊണ്ടുവരികയാണ് കഴിഞ്ഞ ഇരുപതു വർഷത്തിലെ സർക്കാരുകൾ .

Related image

വ്യവസായങ്ങൾക്ക് നിലനിൽക്കാനും പുഷ്ടിപ്പെടാനുമുള്ള ഭൗതിക , നിയമ സാഹചര്യങ്ങൾ അനുകൂലമാക്കിയാൽ അടുത്ത അഞ്ചു കൊല്ലത്തിനുള്ളിൽ കോർപറേറ്റ് നികുതി പിരിവ് 12 ലക്ഷം കോടി കവിയും .

വ്യക്തിഗത ആദായ നികുതി ഒരു രാജ്യത്തിലെ ജനങ്ങൾക്ക് ലഭിക്കുന്ന വരുമാനത്തിന്റെ ഒരു ദിശാസൂചികയാണ് . ദൗർഭാഗ്യവശാൽ നമ്മുടെ രാജ്യത്ത് പല മേഖലകളിലെയും സമ്പന്നർ വ്യക്തിഗത ആദായ നികുതി അടക്കുന്നുണ്ടോ എന്ന കാര്യം സംശയമാണ് . കോടികളുടെ സമ്പത്തുളളവർ നികുതി അടക്കാത്ത ഒരു സ്ഥിതി വിശേഷം ഇവിടെ നിലനിൽക്കുന്നുണ്ട് എന്ന് വ്യക്തം . ചുറ്റും നോക്കിയാൽ ഇക്കാര്യം നമുക്ക് വ്യക്തമാവും .

ഓരോ വ്യക്തിയുടെയും കൈയിലുള്ള സമ്പത്ത് കൃത്യമായി അളന്ന് അവരുടെ വരുമാനം കണ്ടെത്തി അവരിൽ നിന്നും നികുതി പിരിക്കുക അതീവ ദുഷ്കരം തന്നെയാണ് . സ്ഥിരമായി നികുതി അടക്കുന്നവർക്ക് അവർ അടക്കുന്ന നികുതിയുടെ ഒരു ശതമാനം ഉപയോഗിച്ച് ഒരു പെൻഷൻ പദ്ധതി ആവിഷ്കരിക്കണം .

വലിയ മൂല്യമുളള എല്ലാ പണമിടപാടുകളും നിരീക്ഷിച്ചു ആ ഇടപാടുകളിൽനിന്നും നികുതി ഈടാക്കാനുളള ഒരു സംവിധാനം കൊണ്ടുവരണം . നമ്മുടെ സാഹചര്യത്തിൽ അതീവ ദുഷ്കരമാണെങ്കിലും നടപ്പാക്കാനായാൽ നികുതി വരുമാനം വലിയ തോതിൽ വർധിക്കും .

Image result for gst

ജി. എസ. ടി യാണ് നമ്മുടെ പ്രധാന പരോക്ഷ നികുതി വരുമാനം . പ്രതിവർഷം 12 ലക്ഷം കോടിയാണ് ഇപ്പോഴത്തെ ജി. എസ. ടി പിരിവ് . ജി. എസ് . ടി സ്ളാബുകളുടെ റാഷണലൈസേഷൻ വലിയ താമസമില്ലാതെ നടപ്പാക്കണം . 40 -50 ശതമാനം ജി. എസ്സ് . ടി ചുമത്തി ഇന്ധനങ്ങൾ ജി. എസ്സ്. ടി യുടെ പരിധിയിൽ കൊണ്ടുവരണം .

പരിഷ്കരണങ്ങൾ നടപ്പിലാക്കിയാൽ ജി. എസ്സ്. ടി വരുമാനവും 5 കൊല്ലം കൊണ്ട് ഇരട്ടിക്കും .

നികുതി വരുമാനത്തിൽ അഞ്ചുകൊല്ലം കൊണ്ട് നൂറു ശതമാനം വർധന ഉണ്ടായാൽ പബ്ലിക്ക് സ്‌പെൻഡിങ്ങിൽ അതിന് അനുസൃതമായ വർധന ഉണ്ടാകും . ദാരിദ്ര്യ നിർമാർജന പ്രവർത്തനങ്ങളിൽ കൂടുതൽ പണം മുടക്കിയാൽ മുടക്കുന്ന പണം ഇരട്ടിയായി ഏതാനും വർഷങ്ങൾക്കകം തിരിച്ചെത്തും . കഴിഞ്ഞ ഏതാനും വര്ഷങ്ങളായി ധന കമ്മി ( fiscal deficit )നിയന്ത്രണം സർക്കാരിന്റെ ഒരു പ്രഥമ പരിഗണനയായിരുന്നു .

Image result for gst

ധന കമ്മി ഇന്ത്യ പോലെ ഒരു രാജ്യത്ത് 3 % എന്ന താഴ്ന്ന നിലയിൽ നിർത്തുന്നത് അഭികാമ്യമാണോ എന്നത് ഒരു തർക്കവിഷയമാണ് . ദാരിദ്ര്യ നിർമാർജനത്തിലും അടിസ്ഥാന മേഖലയിലെ മുതൽ മുടക്കിനുംവേണ്ടിയാണെങ്കിൽ ധനകമ്മി നാലുശതമായാലും അത് സമ്പദ് വ്യവസ്ഥയെ ഒരു തരത്തിലും ബാധിക്കില്ല .

അടുത്ത അഞ്ചു വർഷത്തിൽ നാം ഏതാനും നാഷണൽ പ്രോജക്ടുകൾ കണ്ടെത്തി അവയിലേക്ക് വലിയ തോതിൽ ഇൻവെസ്റ്റ്മെന്റ്റ് നടത്തുക തന്നെ വേണം . ഊർജ്ജ സ്രോതസ്സുകളുടെ പര്യവേക്ഷണം , ജലവിഭവ മാനേജ്‌മെന്റ് , റെയിൽവെ ഉൾപ്പെടെയുള്ള ഗതാഗത സൗകര്യങ്ങളുടെ ആധുനിക വൽക്കരണം എന്നിവയിൽ വൻതോതിൽ മൂലധന നിക്ഷേപം നടത്താതെ നമുക്ക് സാമ്പത്തിക ഉന്നതി കൈവരിക്കാനാവില്ല . തൊഴിലവസരങ്ങളുടെ വർദ്ധിച്ച തോതിലുളള ഉത്പാദനം യുദ്ധകാല അടിസ്ഥാനത്തിൽ തന്നെ നടത്തേണ്ടി വരും .

ഇന്ത്യ പോലെ ഒരു രാജ്യത്ത് സർക്കാരിന് ഈ കാര്യങ്ങളിൽ എല്ലാം നായകസ്ഥാനം വഹിക്കേണ്ടി വരുക തന്നെ ചെയ്യും . എല്ലാം വിപണിക്കു വിട്ടുകൊടുക്കുക എന്ന തത്വം ഇന്ത്യ പോലെ ഒരു രാജ്യത്ത് തികച്ചും പ്രായോഗികം അല്ല .

ഷോക്ക് റിഫോംസ് ( shock reforms) കൊണ്ട് ഇന്ത്യ പോലെ വൈവിധ്യമാർന്ന ഒരു രാജ്യത്ത് സമൂലമായ മാറ്റങ്ങൾ കൊണ്ടുവരാനാകില്ല എന്ന് പകൽ പോലെ ബോധ്യമായ കാര്യമാണ് . സാവധാനത്തിൽ ഉരുത്തിരിയുന്ന ദിശാബോധമുളള പരിഷ്കരണങ്ങൾക്കാണ്( gradually evolving reforms) ഇന്ത്യയിൽ പ്രസക്തിയുള്ളത് .സാവധാനത്തിൽ ഉരുത്തിരിയുന്ന ദിശാബോധമുളള പരിഷ്കരണങ്ങൾ കൃത്യതയോടെ നടപ്പിലാക്കിയാൽ അടുത്ത അഞ്ചു വര്ഷം കൊണ്ട് ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനം അന്താരാഷ്‌ട്ര എക്സ്ചേഞ്ച് നിരക്കുകളുടെ അടിസ്ഥാനത്തിൽ 5 ട്രില്യൺ ഡോളർ കവിയും . പ്രതിശീർഷാവരുമാനം 3500 ഡോളർ കവിയും. ഇതൊക്കെ സംഭവിക്കുകയും സമ്പത്തിലെ വിതരണത്തിലെ അന്തരം കുറക്കുകയും ചെയ്‌താൽ ഇന്ത്യയിലെ ദരിദ്രരുടെ എണ്ണം 10 കോടിയിൽ താഴെ എത്തിക്കാനുമാവും.

ഇപ്പോൾ നിലവിൽ വന്നിരിക്കുന്നതുപോലുളള വ്യക്തമായ ഭൂരിപക്ഷം ഉള്ള സുസ്ഥിരമായ , ബാഹ്യ ശക്തികളോട് കടപ്പാടില്ലാത്ത ഒരു സർക്കാരിന് മാത്രമേ മേല്പറഞ്ഞ രീതിയിൽ ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ മുന്നോട്ട് നയിക്കാനാവൂ . കോടിക്കണക്കിനു മനുഷ്യരെ ഇല്ലായ്മയുടെ ഇരുളിൽനിന്നും പുറത്തേക്ക് നയിക്കാൻ കഴിയുന്ന ഒരു സുവർണാവസരമാണ് ഇന്ത്യക്ക് ലഭിച്ചിരിക്കുന്നത് .കാര്യങ്ങൾ സുഗമമായി മുന്നേറിയാൽ നമ്മുടെ ശോഭനമായ സാമ്പത്തിക ഭാവിയുടെ അടിസ്ഥാനമാകും അടുത്ത അഞ്ചു വർഷങ്ങളിൽ സൃഷ്ടിക്കപ്പെടുക .