ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്‌ഥർക്ക്‌ കുൽഭൂഷൺ ജാദവിനെ സന്ദർശിക്കാൻ അനുമതി

മുൻ നാവികസേനാ കമാൻഡർ കുൽഭൂഷൻ ജാദവിനെ നാളെ ഇന്ത്യൻ നയതന്ത്രജ്ഞ ഉദ്യോഗസ്‌ഥർക്ക്‌ സന്ദർശിക്കാൻ അനുമതി ലഭിച്ചു.ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്‌ഥർക്ക്‌ നാളെ കുൽഭൂഷണിനെ സന്ദർശിക്കാനുള്ള അനുമതി ലഭ്യമാകുമെന്ന് പാക്കിസ്ഥാൻ വിദേശകാര്യ ഓഫീസാണ് അറിയിച്ചത്. വിയന്ന കൺവെൻഷനിൽ പാകിസ്ഥാന്റെ നിലപാടിനെ അന്താരാഷ്ട്ര നീതിന്യായ കോടതി (ഐസിജെ) വിമർശിച്ചിരുന്നു.ഇതിനു പിന്നാലെയാണ് പാകിസ്ഥാന്റെ പുതിയ തീരുമാനം.നേരത്തെ,ജൂലൈ 18 ന് അന്താരാഷ്ട്ര നീതിന്യായ കോടതി ജാദവിന്റെ വധശിക്ഷ താൽക്കാലികമായി നിർത്തിവച്ചിരുന്നു.പാക്കിസ്ഥാൻ ജാദവിന്റെ വധശിക്ഷ പുനഃപരിശോധിക്കണമെന്ന് അന്താരാഷ്ട്ര കോടതി പാകിസ്താനോട് ആവശ്യപ്പെട്ടിരുന്നു.

ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍ വിഘടനവാദം പ്രോത്സാഹിപ്പിക്കുകയും പാകിസ്ഥാനെ അസ്ഥിരപ്പെടുത്താനുള്ള ഭീകരാക്രമണ പദ്ധതികളില്‍ പങ്ക് വഹിച്ചു എന്നെല്ലാം ആരോപിച്ചാണ് മുന്‍ ഇന്ത്യന്‍ നാവികസേന ഉദ്യോഗസ്ഥനായ കുല്‍ഭൂഷണ്‍ ജാദവിനെ പാക്കിസ്ഥാൻ പട്ടാളക്കോടതി വധശിക്ഷയ്ക്ക് വിധിച്ചിരിക്കുന്നത്.

ഇറാനിൽ ചെറിയ രീതിയിലുള്ള വ്യാപാരവുമായി കഴിഞ്ഞിരുന്ന കുൽഭൂഷൺ പാകിസ്ഥാനിൽ എത്തിയതിന് ശേഷം ബലൂചിസ്ഥാനിലും പാകിസ്താനിലെ വിവിധയിടങ്ങളിലും സംഘർഷമുണ്ടാക്കാൻ ശ്രമിക്കുകയും പാകിസ്ഥാന്‍ – ചൈന സാമ്പത്തിക ഇടനാഴി പദ്ധതിയെ അട്ടിമറിക്കാൻ ശ്രമിച്ചു എന്നൊക്കെയാണ് പാക്കിസ്ഥാന്റെ ആരോപണം.