ഇന്ത്യയുടെ സമ്പത് വ്യവസ്ഥയുടെ വളർച്ചയ്ക്ക് വേണ്ട തൊഴിലധിഷ്ഠിത വിദ്യാഭ്യാസ സമ്പ്രദായം

വെള്ളാശേരി ജോസഫ്

ഇൻഡ്യാക്കാർക്ക് വിദ്യാഭ്യാസത്തെയും തൊഴിലിനേയും കുറിച്ച് പല മൂഢ സങ്കൽപ്പങ്ങളും ഉണ്ട് – ഇരുപത്തൊന്നാം നൂറ്റാണ്ടിൻറ്റെ വസ്തുതകളുമായി ഒട്ടും യോജിക്കാത്തതാണ് ഈ സങ്കൽപങ്ങൾ. വിദ്യാഭ്യാസ യോഗ്യതകൾ ഒക്കെ പ്രദർശിപ്പിക്കുന്നത് ഇൻഡ്യാക്കാരുടെ വലിയ ‘വീക്ക്നെസ്സ്’ ആണ്. തമിഴ്നാട്ടിൽ ആണെങ്കിൽ BA; MA – എന്നൊക്കെ പേരിൻറ്റെ കൂടെ എത്ര വേണമെങ്കിലും കാണാൻ സാധിക്കും. ഇരുപത്തൊന്നാം നൂറ്റാണ്ടിൽ ഓരോ തൊഴിലിനും വേണ്ട ‘സ്കിൽസ്’ അല്ലെങ്കിൽ പാടവമുണ്ടോ എന്നതാണ് മുഖ്യമായ വിഷയം – അല്ലാതെ വെറുതെ ഡിഗ്രി പ്രദർശിപ്പിക്കുന്നതിൽ കാര്യമില്ല.

തൊഴിൽ ദാതാക്കൾ ഓരോ തൊഴിലിനും വേണ്ട ‘സ്കിൽസ്’ ആണ് ഉദ്യോഗാർഥിയിൽ ഉറ്റു നോക്കുന്നത്. സാങ്കേതിക മേഖലയിൽ ഐ.ഐ.ടി., എൻ .ഐ.ടി. – എന്നീ സ്ഥാപനങ്ങളിൽ നിന്ന് വരുന്നവർക്ക് നല്ല ജോലി സാധ്യതയും, ശമ്പളവും മുൻപരിചയം ഒന്നും നോക്കാതെ ഇപ്പോഴും ഉണ്ട്. പോളിടെക്നിക്കുകളിൽ നിന്ന് വരുന്ന സൂപ്പർവൈസർമാർ ഐ.ടി.ഐ., ഐ.ടി.സി എന്നിവയിൽ നിന്ന് വരുന്ന ടെക്നീഷ്യന്മാർ/ക്രഫ്റ്റ്മാന്മാർ, എൻജിനീയറിംഗ് കോളേജുകളിൽ നിന്ന് വരുന്ന എൻജിനീയർമാർ, വൊക്കേഷനൽ ഡിഗ്രീ, ഡിപ്ലോമ നേടിയവർ എന്നീ വിവിധങ്ങളായ തട്ടിലുള്ളവരെയും ഇന്നത്തെ ലേബർ മാർക്കറ്റിൽ ആവശ്യമുള്ളതായി കണ്ടിട്ടുണ്ട്. പക്ഷെ പ്രശ്നം ഇവിടെയൊന്നും അല്ല. ഇനി ഇന്ത്യയിൽ ‘സ്കിൽസ്’ നേടുന്നതാണ് പ്രധാനം. ഇന്ത്യയിൽ ഇപ്പോൾ തന്നെ എൻജിനീയർമാർ ആവശ്യത്തിലധികം ആണ്. അഞ്ചു വർഷങ്ങൾക്ക് മുമ്പ് ഗ്രെയിറ്റർ നോയിഡയിലെ യമഹാ ഫാക്റ്ററിയിൽ ഇൻഡസ്ട്രിയൽ സർവേ നടത്തിയപ്പോൾ അവിടെ ‘സ്കിൽഡ് തൊഴിലാളിക്ക്’ തുടക്കത്തിൽ തന്നെ 40,000 രൂപയായിരുന്നു ശമ്പളം. ഇന്നിപ്പോൾ ഇന്ത്യയിലെ ഇൻഡസ്ട്രിയൽ ഏരിയകളിലെല്ലാം ഇത്തരത്തിൽ ശമ്പളം കൂടിയിട്ടുണ്ട്. കമ്പനികൾക്ക് ‘സ്കിൽഡ്’ തൊഴിലാളികൾ കൊഴിഞ്ഞു പോകുന്നതിലാണ് ഉൽക്കണ്ഠ മുഴുവനും. L&T ഒക്കെ ‘അപ്പ്രെൻറ്റിസ് ട്രെയിനിങ്’ കഴിയുന്ന എല്ലാവരെയും ജോലിക്കെടുക്കും. ഡൽഹി മെട്രോയും അങ്ങനെയാണെന്നാണ് കേട്ടിട്ടുള്ളത്. അതുകൊണ്ട് ഇനിയുള്ള കാലം ശരിക്കും ‘സ്കിൽഡ്’ ആകാൻ നമ്മുടെ ചെറുപ്പക്കാരും ഉദ്യോഗാർത്ഥികളും ശ്രമിക്കുകയാണ് വേണ്ടത്; അല്ലാതെ വെറുതെ എൻജിനീയർമാരെ സൃഷ്ടിച്ചിട്ട് കാര്യമൊന്നും ഇല്ലാ. ഓരോ തൊഴിലിനും വേണ്ട ‘സ്കിൽസ്’ ഉണ്ടെങ്കിൽ അവർക്കു നല്ല ‘നെഗോഷിയേറ്റിങ് പവറും’, നല്ല ജോലിയും, ശമ്പളവും ലഭിക്കും.

Image result for engineering skills

ഇന്ന് നമ്മുടെ ജനസംഖ്യയിൽ 50 ശതമാനത്തിൽ കൂടുതൽ യുവാക്കൾ ആണുള്ളത്. നമ്മുടെ രാജ്യത്തെ യുവത്ത്വവുമായി താരതമ്യപ്പെടുത്തുമ്പോൾ മറ്റു പല വികസിത രാജ്യങ്ങളും പിന്നിലാണ്. ഇന്ത്യൻ ജനസംഖ്യയിലെ ഈ യുവത്ത്വത്തെയാണ് ഇംഗ്ളീഷിൽ ‘ഡെമോഗ്രാഫിക് ഡിവിഡൻറ്റ്’ എന്ന് പറയുന്നത്. ചൈനയിൽ പോലും ഇത്ര വലിയ ഒരു യുവജനങ്ങളുടെ നിര അവരുടെ ജനസംഖ്യയിൽ കാണിച്ചു തരാനില്ലാ. അവിടെ ജോലി ചെയ്യുന്ന ആളുകൾ പ്രായമായി വരുന്നത് കൊണ്ട് അടുത്ത 15-20 വർഷം ഇന്ത്യയുടെ വളർച്ചയെ സംബന്ധിച്ച് നിർണായകമാണ്. പക്ഷെ യുവതീ-യുവാക്കളുടെ ഈ കർമശേഷിയെ രാജ്യത്തിനു വേണ്ടി പ്രയോജനപ്പെടുത്താൻ രാജ്യത്തെ നയിക്കാൻ ദീർഘ വീക്ഷണമുള്ളവർ ഉണ്ടാവണം. ഇന്ത്യക്ക് നിർഭാഗ്യവശാൽ അത്തരം നല്ല രാഷ്ട്ര ശിൽപികൾ ഇപ്പോൾ ഇല്ലാ. അതാണ് ഇന്നത്തെ ഇന്ത്യയുടെ ഏറ്റവും വലിയ പ്രശ്നവും. മോദിയാണെങ്കിൽ നോട്ട് നിരോധനം, ജി. എസ്. ടി. – മുതലായ സെൽഫ് ഗോളുകൾ അടിച്ച് ഒള്ള തൊഴിലും കൂടി നഷ്ടപ്പെടുത്തി. ‘ജോബ് ക്രീയേഷൻ’ രംഗത്ത് ഇപ്പോഴത്തെ കേന്ദ്ര സർക്കാർ വലിയ പരാജയമാണ്. ആ പരാജയം മൂടി വെക്കാനുള്ള ശ്രമമാണ് കേന്ദ്ര സർക്കാർ കുറച്ചു കാലമായി ചെയ്യുന്നത്. ഇന്ത്യയിൽ തൊഴിലിനെ കുറിച്ചുള്ള നാഷണൽ സാമ്പിൾ സർവേ റിപ്പോർട്ട് 2018 ഡിസംബറിൽ പൂർത്തിയായതായിരുന്നു. പക്ഷെ 2019 ജനുവരി അവസാനിക്കാറായിട്ടും മോഡി സർക്കാർ ആ റിപ്പോർട്ട് പുറത്തിറക്കിയില്ലാ. അതിൽ പ്രതിഷേധിച്ച് നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ കമ്മീഷനിലെ ആക്റ്റിങ് ചെയർമാൻ പി.സി. മോഹനൻ കുറെ നാൾ മുമ്പ് രാജി വെച്ചത് ഇതിനോട് ചേർത്തു വായിക്കണം.

Image result for unemployment

ഇന്ത്യക്കെതിരെ പാക്കിസ്ഥാൻറ്റെ തീവ്രവാദത്തെ അനുകൂലിക്കുന്ന ചൈനയെ തടയിടണമെങ്കിൽ ആദ്ദ്യമായി ഇരുപത്തൊന്നാം നൂറ്റാണ്ടിൻറ്റെ വസ്തുതകളുമായി ഒട്ടും യോജിക്കാത്ത വിദ്യാഭ്യാസത്തേയും തൊഴിലിനേയും കുറിച്ചുള്ള മൂഢ സങ്കൽപങ്ങൾ മാറ്റുക എന്നതാണ് വേണ്ടത്. ഷീ ജിങ് പിംഗ് ഓരോ ഇരുപത്തിനാല് മണിക്കൂറും അനേകായിയിരം പേർക്ക് തൊഴിൽ ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ മുന്നോട്ടു നീങ്ങുമ്പോൾ നമ്മൾ സർക്കാർ ജോലി, സംവരണം – എന്നൊക്കെ പറഞ്ഞു വെറുതെ വായിട്ടലച്ചു സമയം കളയുകയാണ്. ‘വൊക്കേഷനൽ എജുക്കേഷൻ’ എന്നത് ഇന്ത്യയിൽ സ്കൂൾ തലത്തിൽ തന്നെ പ്രോൽസാഹിപ്പിക്കേണ്ടിയിരിക്കുന്നു. ‘പ്ലസ് റ്റു’ തലത്തിൽ നിന്നെങ്കിലും തൊഴിലധിഷ്ഠിത വിദ്യാഭ്യാസ സമ്പ്രദായം ആണ് നമുക്ക് വേണ്ടത്. നേരത്തെ ‘വൊക്കേഷനൽ എജുക്കേഷൻ’ എന്നത് ഇന്ത്യയിൽ പ്രോൽസാഹിപ്പിക്കുവാൻ വേണ്ടി ഡോക്റ്റർ മൻമോഹൻ സിങ് പ്രധാന മന്ത്രി ആയപ്പോൾ മുതൽ ആസൂത്രണ കമ്മീഷൻ ധാരാളം പഠനങ്ങൾ നടത്തിയിരുന്നു. പഠനങ്ങളും ആസൂത്രണവും നടന്നതല്ലാതെ ‘ഇബ്ബ്ളിമെൻറ്റേഷൻ’ എന്ന തലത്തിലേക്ക് വന്നപ്പോൾ നാം പിന്നോക്കം പോയി. ‘ജാപ്പനീസ് മോഡലും’, ‘ജർമ്മൻ മോഡലും’ ഒക്കെ പറഞ്ഞു കേട്ടതല്ലാതെ ഒന്നും നടപ്പായില്ല. അതല്ലെങ്കിലും അങ്ങനെയാണല്ലോ. ഇൻഡ്യാക്കാർ എന്നും ‘ഇബ്ബ്ളിമെൻറ്റേഷൻ’ തലത്തിലാണല്ലോ എപ്പോഴും പിന്നോക്കം പായുന്നത്. ചുരുക്കം പറഞ്ഞാൽ തൊഴിലധിഷ്ഠിത വിദ്യാഭ്യാസ സമ്പ്രദായം ഇന്ത്യയിൽ നടപ്പിലാകുന്നില്ല. തൊഴിൽ ദാതാക്കൾ ഓരോ തൊഴിലിനും വേണ്ട ‘സ്കിൽസ്’ ആണ് ഉദ്യോഗാർഥിയിൽ ഉറ്റു നോക്കുന്നത്. ‘ആർട്ട്സ് ആൻഡ് സയൻസ്’ പാസായ ഇഷ്ടം പോലെ ഉദ്യോഗാർഥികൾ ഇന്ത്യയിൽ ഉള്ളപ്പോഴും തൊഴിലിനു വേണ്ട ‘സ്കിൽ’ അതല്ലെങ്കിൽ ‘പാടവം സിദ്ധിച്ച’ ഉദ്യോഗാർഥികൾ ഇന്ത്യയിൽ ഇപ്പോഴും നന്നേ ചുരുക്കം. മോദിയുടെ ഇന്ത്യയിൽ തൊഴിലിൻറ്റെ കാര്യത്തിലും, തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിൻറ്റെ കാര്യത്തിലും ‘വഞ്ചി ഇപ്പോഴും തിരുനക്കര തന്നെ’ എന്ന മട്ടിലാണ്. നോട്ട് നിരോധനം മൂലം പല അസംഘടിത മേഖലകളിലെയും വിപണി സാധ്യത നഷ്ടപ്പെട്ടു; പലർക്കും ജോലി നഷ്ടപ്പെട്ടു. അതുകൊണ്ട് 1972 – 73 കാലഘട്ടത്തിനു ശേഷം രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന തൊഴിലില്ലായ്മാ നിരക്കാണ് നോട്ടു നിരോധനത്തിനു ശേഷം ഉണ്ടായത്. 2017 -18 കാലഘട്ടത്തിൽ 45 വർഷത്തെ ഏറ്റവും വലിയ തൊഴിലില്ലായ്മ നിരക്കാണ് ഉണ്ടായിരിക്കുന്നതെന്നാണ് രണ്ടു മാസം കേന്ദ്ര സർക്കാർ പൂഴ്ത്തിവെച്ച നാഷണൽ സാമ്പിൾ സർവേ റിപ്പോർട്ട് വ്യക്തമാക്കുന്നത്. നേരത്തേ സെൻറ്റർ ഫോർ മോണിറ്ററിങ് ഇന്ത്യൻ ഇക്കോണമി (CMIE) തൊഴിലുണ്ടാക്കുന്നതിൽ രാജ്യത്ത് വളരെ മോശം അവസ്ഥയാണെന്ന് ചൂണ്ടി കാണിച്ചിരുന്നു. 2018 – ൽ ഏതാണ്ട് 11 മില്യൺ അതല്ലെങ്കിൽ 1 കോടി 10 ലക്ഷം തൊഴിലവസരങ്ങൾ നഷ്ടപ്പെടും എന്ന് CMIE പ്രവചിച്ചിരുന്നു.

തൊഴിൽ സൃഷ്ടിക്കുന്നതിൽ നിന്നും, ചൈനയുടെ വികസനത്തിൽ നിന്നും നമുക്ക് പലതും പഠിക്കാനുണ്ട്. ചൈനയെ അപേക്ഷിച്ചു നോക്കുമ്പോൾ ഇന്ത്യയുടെ ഏറ്റവും വലിയ വെല്ലുവിളി അടിസ്ഥാന സൗകര്യ വികസനത്തിലാണ്. അടിസ്ഥാന സൗകര്യ വികസനത്തിൻറ്റെ കാര്യത്തിൽ നാം ഇനി ഒട്ടും അമാന്തിച്ചു കൂടാ. അത് പോലെ തന്നെ ഇൻഫ്രാസ്ട്രക്ചർ. ഇൻഫ്രാസ്ട്രക്ചർ ഇല്ലെങ്കിൽ വ്യവസായവും, വാണിജ്യവും ഒന്നും പുഷ്ടിപ്പെട്ടില്ല. അതുപോലെ നമ്മൾ ഉണ്ടാക്കുന്ന ഉൽപന്നങ്ങളുടെ ക്വാളിറ്റിയും, വിലക്കുറവും നിലനിർത്തിയില്ലെങ്കിൽ ചൈനീസ് ഉൽപന്നങ്ങളോട് മൽസരിക്കുവാൻ നമുക്ക് ആവില്ല. നമ്മുടെ എച്.എം.ടി. വാച്ചും, അംബാസിഡർ കാറും ഒക്കെ ക്വാളിറ്റിയിൽ മോശക്കാരല്ലായിരുന്നു. പക്ഷെ കാലത്തിൻറ്റെ കുത്തൊഴുക്കിൽ പുതിയ പരിഷ്കാരങ്ങൾ ഉൾക്കൊണ്ടില്ല എന്നു മാത്രം. ചൈന തൊഴിൽ സൃഷ്ടിക്കുന്ന കാര്യം പറയുമ്പോൾ ചൈനീസ് തൊഴിൽ മേഖലയിൽ നിലനിന്നിരുന്ന ചൂഷണം പലരും ചൂണ്ടി കാട്ടും. ഇങ്ങനെ ചൂണ്ടി കാട്ടുന്നവർക്ക് ഇന്ത്യയിലെ അസംഘടിത മേഖലയിൽ നിലനിൽക്കുന്ന ചൂഷണത്തെ കുറിച്ച് ഒരു രൂപവുമില്ല. 8-10 വർഷങ്ങൾക്ക് മുമ്പ് ഞാൻ ‘മെറ്റൽ ഇൻഡസ്ട്ട്രിയിൽ’ ഒരു സർവേ നടത്തിയിരുന്നു അന്ന് 2000-3000 രൂപയായിരുന്നു ഡ്രിൽ മെഷീനും, വെൽഡിങ് മെഷീനും ഉപയോഗിച്ച് ജോലി ചെയ്തിരുന്ന മിക്ക തൊഴിലാളികൾക്കും ശമ്പളം. ഇന്ത്യയിലെ തുകൽ, ടെക്സ്റ്റയിൽ മേഖലയിലും ചൂഷണത്തിന് ഒരു കുറവും ഇല്ലാ. അസംഘടിത മേഖലയാണ് ഇന്ത്യൻ സമ്പത് വ്യവസ്ഥയുടെ ഗതി നിർണയിക്കുന്ന പ്രധാന ചാലക ശക്തി. ഇന്ന് നമ്മുടെ ജനസംഖ്യയിൽ 50 ശതമാനത്തിൽ കൂടുതൽ യുവാക്കൾ ആണുള്ളത്. നമ്മുടെ രാജ്യത്തെ യുവത്ത്വവുമായി താരതമ്യപ്പെടുത്തുമ്പോൾ മറ്റു പല വികസിത രാജ്യങ്ങളും പിന്നിലാണ്. ഇന്ത്യയിൽ ഈ ‘ഡെമോഗ്രാഫിക് ഡിവിഡൻറ്റ്’ നാം വേണ്ട രീതിയിൽ പ്രയോജനപ്പെടുത്തണം. ചൈനയിൽ പോലും ഇത്ര വലിയ ഒരു യുവജനങ്ങളുടെ നിര അവരുടെ ജനസംഖ്യയിൽ കാണിച്ചു തരാനില്ലാ. അവിടെ ജോലി ചെയ്യുന്ന ആളുകൾ പ്രായമായി വരുന്നത് കൊണ്ട് അടുത്ത 15-20 വർഷം ഇന്ത്യയുടെ വളർച്ചയെ സംബന്ധിച്ച് നിർണായകമാണ്. യുവതീ-യുവാക്കളുടെ ഈ കർമശേഷിയെ അസംഘടിത മേഖലയിലെ ആവശ്യങ്ങൾക്കനുസൃതമായി പ്രയോജനപ്പെടുത്തിയാൽ മാത്രമേ ഇന്ത്യയിൽ തൊഴിലവസരങ്ങൾ കൂടുകയുള്ളൂ. അപ്പോഴേ ഇന്ത്യൻ സമ്പത് വ്യവസ്ഥയും ശക്തി പ്രാപിക്കുകയുള്ളൂ.

Image result for indian economy

തൊഴിലധിഷ്ഠിത വിദ്യാഭ്യാസ സമ്പ്രദായം പോലെ തന്നെ ഇന്ത്യയിൽ ഗവേഷണവും ശക്തി പെടുത്തേണ്ടതുണ്ട്. ഇതിലും ചൈനയിൽ നിന്ന് പഠിക്കേണ്ടതുണ്ട്. ചൈനയുടെ പോലെ ഒരു ഇലക്രോണിക്സ്-ഡിജിറ്റൽ-ആർട്ടിഫിഷ്യൽ ഇൻറ്റെലിജെൻസ് മേഖലയിലെ വളർച്ച ആധുനിക രാഷ്ട്ര നിർമാണ പ്രക്രിയയിൽ ഇന്ന് വളരെ അത്യന്താപേക്ഷിതമാണ്. മോഡി വലിയ വാചകമടിക്കുന്നതല്ലാതെ ഇന്ത്യയിൽ അതൊന്നും ഉണ്ടാക്കിയെടുക്കാൻ ശ്രമിക്കുന്നില്ല. കഴിഞ്ഞ ബഡ്ജറ്റിൽ മാത്രമാണ് ആർട്ടിഫിഷ്യൽ ഇൻറ്റെലിജെൻസ് മേഖലക്ക് ഇന്ത്യയിൽ വൻ തുക മാറ്റിവെച്ചത്. ചൈനയിൽ ഇതു നേരത്തെ തന്നെ സംഭവിച്ചു കഴിഞ്ഞു. റിസേർച് ആൻഡ് ഡെവലപ്പ്മെൻറ്റിൽ ചൈന അവരുടെ GDP – യുടെ 2.1 ശതമാനം ഉപയോഗിക്കുമ്പോൾ ഇന്ത്യ റിസേർച് ആൻഡ് ഡെവലപ്പ്മെൻറ്റിന് മുടക്കുന്ന തുക GDP- യുടെ കേവലം 0.65 ശതമാനം മാത്രമാണ്. ഡിജിറ്റൽ ടെക്നോളജി കുതിച്ചുയർന്നപ്പോൾ ഗൂഗിൾ, യാഹൂ, ഫെയിസ്ബുക്ക് – മുതലായ സംരഭങ്ങളിലൂടെ അമേരിക്കയാണ് ആദ്യം മുന്നിൽ വന്നത്. പക്ഷെ ഇപ്പോൾ ചൈന അവരുടെ GDP – യുടെ 2.1 ശതമാനം റിസേർച് ആൻഡ് ഡെവലപ്പ്മെൻറ്റിൽ ഉപയോഗിക്കുകയാണ്. 2030 ആകുമ്പോൾ ആർട്ടിഫിഷ്യൽ ഇൻറ്റെലിജെൻസ് മേഖലയിൽ ലോകത്തിലെ ‘സൂപ്പർ പവർ’ ആകാനുള്ള ദീർഘ കാല ശ്രമങ്ങളാണ് ഇപ്പോൾ ചൈനയിൽ നടക്കുന്നത്. 150 ബില്യൺ ഡോളറിൻറ്റെ വൻ നിക്ഷേപമാണ് ആർട്ടിഫിഷ്യൽ ഇൻറ്റെലിജെൻസ് മേഖലക്ക് വേണ്ടി 2030 ലക്ഷ്യം വെച്ച് ചൈന ഒരുക്കുന്നത്. ഇങ്ങനെ 11 വർഷങ്ങൾക്കപ്പുറം ലക്ഷ്യം കണ്ടുകൊണ്ട് ദീർഘ കാല ആസൂത്രണ പ്രക്രിയ ചൈനയിൽ നടക്കുന്നു. ഇപ്പോൾ ഏറ്റവും കൂടുതൽ ശാസ്ത്ര ലേഖനങ്ങൾ വരുന്നതും ചൈനയിൽ നിന്ന് തന്നെ. ലോകത്തിലെ ഏറ്റവും മുന്തിയ രണ്ടു ‘സ്റ്റാർട്ട്-അപ്പുകൾ’ ചൈനയിൽ നിന്നാണ്. 15000 ബിസിനെസ്സ് സംരഭങ്ങളാണ് ഓരോ വർഷവും ചൈനയിൽ രെജിസ്റ്റർ ചെയ്യപ്പെടുന്നത്. 20-30 വർഷങ്ങൾക്ക് മുമ്പ് ഇന്ത്യക്ക് ചൈനയുമായി കിടപിടിക്കാം എന്ന തോന്നലുണ്ടായിരുന്നു. ഇന്ത്യ ഉദാരവൽക്കരണം നടപ്പിലാക്കിയ 1990-കളിൽ പലരും ഇതു സ്വപ്നം കണ്ടിരുന്നു. ഇന്നിപ്പോൾ അത്തരം സ്വപ്നങ്ങൾക്കൊന്നും ഒരു സ്ഥാനവുമില്ലാത്ത സ്ഥിതി കൈവന്നിരിക്കയാണ്. റിസേർച് ആൻഡ് ഡെവലപ്പ്മെൻറ്റിലും, ആർട്ടിഫിഷ്യൽ ഇൻറ്റെലിജെൻസിലും, ഇൻഫ്രാആസ്ട്രക്ച്ചറിലും ഒക്കെ ചൈന നേടിയ നേട്ടം തന്നെ കാരണം. ചൈന ‘മെരിറ്റോക്രസിക്ക്’ സ്ഥാനം കൊടുത്തു. ചൈനയുടെ ‘മെരിറ്റോക്രസിയിൽ’ നിന്ന് വ്യത്യസ്തമായി ബഡായികളിലൂടെ മനുഷ്യനെ വടിയാക്കുന്ന രാഷ്ട്രീയ നെത്ര്വത്ത്വവും ആ രാഷ്ട്രീയ നെത്ര്വത്ത്വത്തിന് ചുറ്റുമുള്ള സ്തുതി പാഠക വൃന്ദവും ആണ് ഇന്ന് ഈ രാജ്യത്തുള്ളത്.

Image result for gst

തൊഴിലിനേയും, സമ്പത് വ്യവസ്ഥയുടെ വളർച്ചയെയും കുറിച്ച് പറയുമ്പോൾ ഇപ്പോഴത്തെ മോഡി സർക്കാർ ഉള്ളതും കൂടി കുളമാക്കിയത് കാണാതിരിക്കരുത്. മൻമോഹൻ സിങ് സർക്കാരിനെ കുത്തുപാളയെടുപ്പിച്ചത് അന്തരാഷ്ട്ര മാർക്കറ്റിലുള്ള ക്രൂഡ് ഓയിലിൻറ്റെ വില കയറ്റമായിരുന്നു. തദനുസൃതമായി ഇന്ത്യയിൽ പെട്രോളിനും ഡീസലിനും വില ഉയർന്നു; അവശ്യ സാധനങ്ങൾക്ക് വില വർധിച്ചു. മോഡി വന്നപ്പോൾ അന്തരാഷ്ട്ര മാർക്കറ്റിൽ ക്രൂഡ് ഓയിലിൻറ്റെ വില ഗണ്യമായി താഴ്ന്നു. അടിക്കടി പെട്രോളിനും, പാചക വാതകത്തിനും വില വർധിപ്പിക്കേണ്ട സാഹചര്യം ഇല്ലാതെ ആയി. ഇങ്ങനെ നോക്കുമ്പോൾ മോഡി സർക്കാരിന് ഒരു സുവർണാവസരം ആണ് വീണു കിട്ടിയത്; എല്ലാ അർത്ഥത്തിലും അതൊരു ‘ബംമ്ബർ ലോട്ടറി’ ആയിരുന്നു. ശരിക്കും സമ്പത് വ്യവസ്ഥയിലും ഇന്ത്യയുടെ എല്ലാ മേഖലകളിലും ഒരു ‘ക്വാൺഡം ജംപ്പ്’ വേണമെങ്കിൽ മോദിക്ക് നടത്താമായിരുന്നു. പക്ഷെ നോട്ട് നിരോധനം, ജി. എസ്. ടി. – മുതലായ സെൽഫ് ഗോളുകൾ അടിച്ച് ഒള്ളതും കൂടി മോഡി സർക്കാർ നഷ്ടപ്പെടുത്തി. ആ വകുപ്പിൽ തൊഴിൽ രംഗത്തുണ്ടായ മാന്ദ്യത്തിൽ നിന്നും, സമ്പദ് വ്യവസ്ഥക്കേറ്റ തിരിച്ചടിയിൽ നിന്നും കര കേറാൻ ഇൻഡ്യാ മഹാരാജ്യം ഇനിയും പല വർഷങ്ങൾ എടുക്കും.