ഇന്ത്യയിൽ 30% കുടിയന്മാർ, 1.5% കുടിച്ചികൾ

ഇന്ത്യയിലെ 120 കോടി ജനങ്ങളിൽ 30% പുരുഷന്മാരും 1.5% സ്ത്രീകളും മദ്യാസക്തിയുള്ളവർ. അവരുടെ മദ്യപാനശീലം മൂലം നശിക്കുന്ന ആരോഗ്യത്തിന്റെ വില മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ 1.45%. രാജ്യത്തെ ആകെ ജനങ്ങളുടെ  ആരോഗ്യത്തിനായി കേന്ദ്രസർക്കാർ പ്രതിവർഷം ചിലവഴിക്കുന്ന തുകയെക്കാളേറെ. 

നിലവിൽ ആഭ്യന്തര ഉത്പാദന(ജിഡിപി)ത്തിന്റെ 1.1% തുകയാണ് ആരോഗ്യസംരക്ഷണത്തിനായി കേന്ദ്ര സർക്കാർ വിനിയോഗിക്കുന്നത്. മദ്യ ഉപഭോഗം മൂലമുണ്ടാകുന്ന ചികിത്സാ ചിലവും, ജീവഹാനിയും, ഉത്പാദനക്ഷമതാ നഷ്ടവും കണക്കാക്കിയാൽ 250 ദശലക്ഷം ജീവവർഷങ്ങൾ 2011നും 2050നും ഇടയിൽ നഷ്ടമാകുമെന്നാണ് ഇന്റർനാഷണൽ ജേർണൽ ഓഫ് ഡ്രഗ് പോളിസിയിൽ പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ട് പറയുന്നത്.

ഒരു ജീവവർഷം എന്നാൽ ഒരു വ്യക്തി അകാലത്ത് മൃതിയടഞ്ഞാൽ ഉണ്ടാവുന്ന ആയുസ്സിന്റെ നഷ്ടമാണ്. ഉദാഹരണത്തിന്, 70 വയസ് വരെ ആയുർദൈർഘ്യം സാധാരണഗതിയിൽ ഉണ്ടാകേണ്ട ഒരാൾ 45 വയസിൽ മദ്യപാനം മൂലം മരണമടഞ്ഞാൽ നഷ്ടമാകുന്നത് 30 ജീവവർഷങ്ങളാവും.

ഇന്നത്തെ സ്ഥിതി തുടർന്നാൽ 2050 ആകുമ്പോഴേക്കും മദ്യപാനവുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്‌നങ്ങള്‍ പരിഹരിക്കാൻ രാജ്യത്തിന് 3,228 ബില്ല്യൺ ഡോളർ ചിലവഴിക്കേണ്ടി വരും. ഇത് 2018ൽ ഇന്ത്യയ്ക്കുണ്ടായിരുന്ന മൊത്തം  ആഭ്യന്തര ഉൽപ്പാദനത്തേക്കാൾ കൂടുതലായിരിക്കും. 

ഛണ്ഡിഗഡ് ആസ്ഥാനമായുള്ള പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എജ്യുക്കേഷൻ റിസേർച്ച്, ഡൽഹിയിലെ  ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് എന്നിവയിലെ ഗവേഷകരാണ് പഠനം നടത്തിയത്‌. ”രാജ്യത്ത്‌ മദ്യത്തിന്റെ നികുതി വരുമാനം ഒരു പ്രധാന സ്രോതസ്സാണെങ്കിലും, പഠനത്തിന്റെ കണ്ടെത്തലുകൾ കാട്ടുന്നത് മദ്യ ഉപഭോഗം  വ്യക്തികൾക്കും സമ്പദ്‌വസ്ഥയ്ക്കും സാരമായ ദോഷം ചെയ്യുന്നതാണ്,” ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.