ഇന്ത്യയില്‍ പാക് തീവ്രവാദി ആക്രമണങ്ങള്‍ തുടരും: അമേരിക്ക

വാഷിങ്ടണ്‍: പാകിസ്ഥാന്റെ പിന്തുണയോടെയുള്ള തീവ്രവാദി ആക്രമണങ്ങള്‍ ഇന്ത്യയില്‍ തുടരുമെന്ന് അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗം. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ സങ്കീര്‍ണമാക്കുന്നതാണ് ഇപ്പോഴത്തെ സാഹചര്യമെന്നും രഹസ്യാന്വേഷണ വിഭാഗം തലവന്‍ ഡാന്‍ കോട്സ് വ്യക്തമാക്കി. സുന്‍ജുവാന്‍ സൈനിക കേന്ദ്രത്തിനു നേരെ ജെയ്ഷെ ഇ മുഹമ്മദ് തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ ഏഴുപേര്‍ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ വെളിപ്പെടുത്തല്‍.

നിയന്ത്രണരേഖയിലെ ഏറ്റുമുട്ടലുകള്‍ തുടരുമെന്നും കൂടുതല്‍ ശക്തമായ തീവ്രവാദ ആക്രമണങ്ങള്‍ ഉണ്ടായേക്കുമെന്നും ഡാന്‍ കോട്സ് ചൂണ്ടിക്കാട്ടി. തീവ്രവാദികളുമായി കൈകോര്‍ത്തുകൊണ്ട് മുന്നോട്ടുപോകുന്ന പാകിസ്ഥാന്‍, തീവ്രവാദ വിരുദ്ധ സഹകരണത്തിന് തയ്യാറാകാതെ ചൈനയുമായി കൂടുതല്‍ അടുത്തുകൊണ്ടിരിക്കുകയാണെന്നും അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ പ്രത്യേക പരിപാടിയില്‍ കോട്സ് വ്യക്തമാക്കി.

ഇന്ത്യയിലും അഫ്ഗാനിസ്താനിലും നടത്തുന്ന ആക്രമണങ്ങള്‍ ആസൂത്രണം ചെയ്യുന്നതും തയ്യാറെടുക്കുന്നതും പാകിസ്ഥാനിലെ സുരക്ഷിത കേന്ദ്രങ്ങളില്‍ വെച്ചാണ്. ഇരു രാജ്യങ്ങളിലും കൂടുതല്‍ സംഘര്‍ഷങ്ങള്‍ക്ക് ഇനിയും സാധ്യതയുണ്ടെന്നും കോട്സ് മുന്നറിയിപ്പു നല്‍കുന്നു.