ഇന്ത്യയില്‍ ഓരോ വര്‍ഷവും ജനിച്ച് 28 ദിവസത്തിനുള്ളില്‍ മരിക്കുന്നത്‌ ആറ് ലക്ഷം നവജാതശിശുക്കള്‍

ഇന്ത്യയില്‍ ഓരോ വര്‍ഷവും ആറ് ലക്ഷത്തോളം നവജാതശിശുക്കള്‍, ജനിച്ച് 28 ദിവസത്തിനുള്ളില്‍ മരിക്കുന്നുവെന്ന്‌ യൂണിസെഫിന്റെ കണക്കുകള്‍. ലോകത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ നവജാതശിശുക്കള്‍ മരിക്കുന്നത് ഇന്ത്യയിലാണ്. ഇതില്‍ 80 ശതമാനം മരണകാരണങ്ങളെയും ചികില്‍സിച്ച് ഭേദപ്പെടുത്താവുന്നതാണ്.

അതേസമയം, അഞ്ച് വയസിന് താഴെയുള്ള കുട്ടികളിലെ മരണനിരക്ക് ഇന്ത്യയില്‍ കുറഞ്ഞിട്ടുള്ളതായാണ് കണക്കുകള്‍. യൂണിസെഫ് പ്രസിദ്ധീകരിച്ച നവജാതശിശുമരണനിരക്കിനെ കുറിച്ചുള്ള ആഗോള റിപ്പോര്‍ട്ടിലാണ് ഇന്ത്യയിലെ നവജാതശിശുമരണനിരക്കിനെ കുറിച്ച് സൂചിപ്പിക്കുന്നത്.

184 രാജ്യങ്ങളിലായി നടത്തിയ സര്‍വെയില്‍ ഇന്ത്യ 31ാം സ്ഥാനത്താണുള്ളത്. 25.4 ശതമാനമാണ്‌ ഇന്ത്യയിലെ ശിശുമരണനിരക്ക്.

കുഞ്ഞ് ജനിച്ച് കഴിഞ്ഞുള്ള 28 ദിവസങ്ങള്‍ കുഞ്ഞിന് അതിജീവിക്കാന്‍ വളരെ പ്രയാസമുള്ള കാലഘട്ടമാണ്. ആഗോളതലത്തില്‍ തന്നെ മരണനിരക്ക് 1000 കുഞ്ഞുങ്ങള്‍ ജനിക്കുമ്പോള്‍ അതില്‍ 19 കുഞ്ഞുങ്ങള്‍ മരിക്കുന്നുണ്ട്.

‘മാസം തികയാതെയുള്ള പ്രസവം, പ്രസവ സമയത്ത് ഉണ്ടാകുന്ന ചില സങ്കീര്‍ണതകള്‍, അണുബാധ, സെപ്‌സിസ്, ന്യുമോണിയ എന്നിവയാലാണ് 80 ശതമാനത്തോളം മരണങ്ങളും സംഭവിക്കുന്നത് ‘ യുഎന്‍ ചില്‍ഡ്രന്‍സ് ഏജന്‍സി പറഞ്ഞു.

അമ്മയ്ക്കും കുഞ്ഞിനും ഗുണനിലവാരമുള്ള ചികില്‍സയാണ് ലഭ്യമാക്കേണ്ടത്. ശുദ്ധമായ ജലം, വൈദ്യുതി, പരിശീലനം ലഭിച്ച നഴ്‌സ് എന്നീ സൗകര്യങ്ങള്‍ ആരോഗ്യപരിപാലന കേന്ദ്രങ്ങളില്‍ ഉണ്ടാകേണ്ടതാണ്. ജനിച്ച് ഒരു മണിക്കൂറിനുള്ളില്‍ തന്നെ പൊക്കിള്‍ക്കൊടി മുറിക്കുക, മുലപ്പാല്‍ നല്‍കുക, അമ്മയുടെ ശരീരത്തോട്‌ ചേര്‍ത്ത് കിടത്തുക എന്നിവയും കൃത്യമായി ചെയ്യേണ്ടതാണ്.