ഇന്ത്യയിലെ രാജ്ഞി , ഇസ്തംബൂളിലെ ദരിദ്ര.

അബ്ദുള്ള ബിൻ ഹുസൈൻ പട്ടാമ്പി

1856 ഓഗസ്റ്റിലെ ഒരു പ്രഭാതം. ബോംബെ തുറമുഖത്തു നിന്ന് ഒരു കപ്പൽ പുറപ്പെടുകയാണ്. അതിൽ യാത്രികരായി നിരവധി ബ്രിട്ടീഷുകാരുണ്ടായിരുന്നു. ചിലർ അവധിയാഘോഷിക്കാൻ തങ്ങളുടെ ജന്മനാട്ടിലേക്ക്‌ യാത്രതിരിക്കുന്നവർ, ചിലരാകട്ടെ തങ്ങളുടെ ഉൽപ്പന്നങ്ങൾ ഇന്ത്യയിൽ വിറ്റഴിച്ച ലാഭവും , ഇന്ത്യയിൽ നിന്ന് വാങ്ങിക്കൂട്ടിയ ചരക്കുകളും മറ്റും കൊണ്ടുപോവുന്ന വ്യാപാരികൾ.

പിന്നെ ‘സഹായക വ്യവസ്ഥയും’ ‘ദുർഭരണവും’ ‘ദത്തു പുത്രരുടെ’ പേര് പറഞ്ഞും റസിഡന്റുമാരായി ഇന്ത്യൻ നാട്ടുരാജാക്കന്മാരുടെ കൊട്ടാരങ്ങളിൽ കയറിക്കൂടി അവരുടെ ഖജനാവുകളിൽ നിന്ന് “സമ്മാനമായി സ്വീകരിച്ച” അമൂല്യ സമ്പത്തിന്റെ കലവറകളും ആ കപ്പലിന്റെ നിലവറകളിൽ ഭദ്രമായി സൂക്ഷിച്ചിട്ടുണ്ടായിരുന്നു.

അമൂല്യമായ ആ നിധികളിൽ പലതും സൂര്യനസ്തമിക്കാത്ത സാമ്രാജ്യാധിപന്റെ തൃക്കാൽക്കൽ സമർപ്പിക്കാനുളളവയായിരുന്നു.

ആ കപ്പലിൽ ഒരു ഇന്ത്യക്കാരിയുമുണ്ടായിരുന്നു. ഹതാശയായ അവരുടെ മുഖത്ത്‌ പ്രത്യാശയുടെ , പ്രതീക്ഷയുടെ കിരണങ്ങൾ മിന്നിമറഞ്ഞിരുന്നു. എന്തൊക്കെയോ പ്രതീക്ഷിച്ച്‌ അവർ കപ്പലിലെ തന്റെ മുറിയിലൂടെ അസ്വസ്തയായി അങ്ങോട്ടുമിങ്ങോട്ടും നടന്ന് കൊണ്ടിരുന്നു. അവർ ഒരു രാജ്യത്തിന്റെ , നാട്ടുരാജ്യത്തിന്റെ അവകാശിയായിരുന്നു. വാർദ്ദക്യത്തോടടുത്തിരുന്ന അവർ ബ്രിട്ടണിലേക്ക്‌ കപ്പൽ കയറിയത്‌ ബ്രിട്ടീഷ്‌ രാജന്റെ മുന്നിൽ ഒരു പരാതി ബോധിപ്പിക്കാൻ വേണ്ടിയായിരുന്നു.

ദത്താപഹാര നയമെന്ന ബ്രിട്ടീഷ്‌ കുതന്ത്രത്തിന്റെ ഇരയായിരുന്നു അവർ. നീതിക്ക്‌ വേണ്ടിയായിരുന്നു അവരുടെ യാത്ര. അതെ, തന്റെ ഭർത്താവിനെ സഹായക വ്യവസ്തയുടേയും പിന്നീട്‌ ദുർഭരണത്തിന്റേയും പേരുപറഞ്ഞ്‌ കൊട്ടാരത്തിൽ കയറിക്കൂടി ഖജനാവ്‌ കൈക്കലാക്കിയവർ അദ്ദേഹത്തെ പദവിയിൽ നിന്ന് പുറത്താക്കി. അനന്തരാവകാശിയായി തന്റെ പുത്രനെ വാഴിക്കാൻ നോക്കിയപ്പോൾ ബ്രിട്ടീഷുകാരൻ ആ സ്ത്രീയെ അല്ല , ആ രാജ്ഞിയെ അതിൽ നിന്ന് തടയുകയായിരുന്നു.

ആചന്ദ്രതാരം വാഴേണ്ട ഒരു കുടുംബത്തെ ( അങ്ങിനെയായിരുന്നു എല്ലാ രാജകുടുംബങ്ങളുടേയും വിശ്വാസവും പ്രതീക്ഷയും ) ഭരണത്തിൽ നിന്നും , സ്വന്തം കൊട്ടാരങ്ങളിൽ നിന്ന് പോലും ബ്രിട്ടീഷുകാർ പുറത്താക്കി. പിന്നെ കൊട്ടാരങ്ങളിൽ സൂക്ഷിച്ചിരുന്ന വിലമതിക്കാനാവാത്ത സമ്പത്ത്‌ കൊളളയടിച്ചു കൊണ്ടുപോയി.

ഇങ്ങിനെ കൊളള ചെയ്ത്‌ കിട്ടുന്നതിനെ “പ്രൈസ്മണി കമ്മറ്റി”യെ നിയോഗിച്ച്‌ അവർ പരസ്പരം വീതം വെച്ചെടുത്തു. അതിലേറ്റവും അമൂല്യമെന്ന് കരുതുന്ന വസ്തുക്കൾ തങ്ങളുടെ രാജന്റെ തൃക്കാൽക്കൽ സമർപ്പിക്കാൻ വേണ്ടി ലണ്ടനിലേക്ക്‌ കടത്തിക്കൊണ്ടു പോകുമായിരുന്നു അവര്‍. അത്തരത്തിലുളളതായിരുന്നു ആ കപ്പലിന്റെ നിലവറകളിൽ സൂക്ഷിച്ചിരുന്ന നിധികൾ. ആ കപ്പലിൽ യാത്ര ചെയ്യുന്ന ഇന്ത്യൻ രാജ്ഞി , ബ്രിട്ടീഷുകാരന്റെ ഭാഷയിൽ ആ കറുത്ത തൊലിയുളള ഇന്ത്യക്കാരി , ആദ്യം പരാതിയുമായി ലക്നൗവിലെ റസിഡന്റിനെ സമീപ്പിച്ചു. പക്ഷെ നിരാശയായിരുന്നു ഫലം.

പിന്നീട്‌ വൈസ്രോയ്‌ സ്ഥാനത്തിരിക്കുന്ന പ്രഭുവിനെ കാണാൻ ദില്ലിയിലേക്ക്‌ പരിവാരസമേതയായി ഒരു യാത്ര നടത്തി. അതും നിഷ്ഫലമായി. വലിയൊരു ഭൂവിഭാഗത്തിന്റെ ഉടമയായിരുന്നു അവർ. അതാണ് കുതന്ത്രങ്ങൾ ഉപയോഗിച്ച്‌ വെളളക്കാരൻ തട്ടിയെടുത്തത്‌.

 

ഇതേ അടവുകൾ പ്രയോഗിച്ച്‌
കിത്തൂരിലെ റാണി ചെന്നമ്മയിൽ നിന്നും അവധിലെ ബീഗം ഹസ്രത്‌ മഹലിൽ നിന്നും ഝാൻസിയിലെ റാണി ലക്ഷ്മി ഭായിയിൽ നിന്നും മറ്റും അവർ അധികാരവും സമ്പത്തും തട്ടിയെടുത്തിരുന്നു. അതിനെതിരെ അവർ പ്രതികരിച്ചത്‌ വാൾ തലപ്പുകൾ കൊണ്ടായിരുന്നെങ്കിൽ ഈ രാജ്ഞി, നിയമ പോരാട്ടങ്ങളുടെ പാതയാണ് സ്വീകരിച്ചത്‌. അതിന്റെ അവസാന മാർഗ്ഗമായിരുന്ന ബ്രിട്ടീഷ്‌ അധിപനുമായി നേരിട്ട്‌ ചർച്ച നടത്താനുളള അവരുടെ ഈ യാത്ര. ആഴ്ച്ചകൾ നീണ്ടു നിന്ന ആ കപ്പൽ യാത്ര സതാപ്റ്റൺ തുറമുഖത്ത്‌ 1856 സെപ്റ്റംബർ 19 ന് അവസാനിച്ചു. കപ്പലിൽ നിന്നിറങ്ങി വരുന്ന ബ്രിട്ടീഷ്‌ യാത്രികർക്കിടയിൽ ഇന്ത്യൻ രാജകീയ വസ്ത്രമണിഞ്ഞ ആ സ്ത്രീയുമുണ്ടായിരുന്നു.

അവധ്‌ നാട്ടിലെ റാണിയായിരുന്ന മലിക്ക ഖൈസ്വർ ആയിരുന്നു ആ രാജ്ഞി. അവരുടെ യഥാർത്ഥ നാമം മലിക്ക ഖൈസ്വർ ബഹദൂർ ഫഖ്‌റുൽ സമാനി നവാബ്‌ താജ്‌ ബീഗം എന്നായിരുന്നു. മലിക്ക ഖൈസ്വർ, അവധിലെ നവാബായിരുന്ന നവാബ്‌ അംജദ്‌ അലി ഷായുടെ പത്നിയാണ്.

അവർ അടുത്ത ദിവസം തന്നെ ചക്രവർത്തിയെ കണ്ട്‌ തന്റെ പരാതികൾ ബോധിപ്പിക്കാനുളള ശ്രമങ്ങൾ ആരംഭിച്ചു. മാസങ്ങളോളം ലണ്ടനിൽ തങ്ങിയ അവർക്ക്‌ മുഖം നൽകാൻ പക്ഷെ അദ്ദേഹം കൂട്ടാക്കിയില്ല. ബ്രിട്ടീഷ്‌ പ്രധാനമന്ത്രിയുമായി ഒരു കൂടിക്കാഴ്ച്ചക്ക്‌ അവർ പിന്നീട്‌ ശ്രമിച്ചെങ്കിലും അതും പരാചയപ്പെടുകയായിരുന്നു.

അവസാനം നിരാശയായ അവർ കടുത്ത ദു:ഖ ഭാരവുമായി തിരികെ മറ്റൊരു കപ്പലിൽ കയറി യാത്ര തുടങ്ങി. ആ യാത്ര പക്ഷെ ഇന്ത്യയിലേക്കായിരുന്നില്ലെന്ന് മാത്രം. അധികാരവും ചെങ്കോലും നാടും നാട്ടാരും നഷ്ടപ്പെട്ട ആ ഇന്ത്യൻ രാജ്ഞി നേരെ പോയത്‌ തുർക്കിയിലെ ഇസ്തംബൂളിലേക്കായിരുന്നു. ആ വലിയ നഗരത്തിൽ അവർ തന്റെ ദു:ഖഭാരവും പേറി ഒരു ഭ്രാന്തിയെ പോലെ അലഞ്ഞ്‌ നടന്നു.

ഒരിക്കൽ ഒരു നാടിന്റെ അധിപയായി വാണ അവർ ഒരു ദരിദ്രവാസിയായി ഇസ്തംബൂൾ നഗരത്തിലെ ഒരു തെരുവിൽ പിടഞ്ഞു വീണു. ആരും തിരിച്ചറിയപ്പെടാത്ത അനാഥ പ്രേതമായി.

അവർ ലണ്ടനിൽ കപ്പലിറങ്ങിയ വാർത്ത അന്നത്തെ ബ്രിട്ടീഷ്‌ പത്രങ്ങളൊക്കെ വലിയ സംഭവമായി റിപ്പോർട്ട്‌ ചെയ്തിട്ടുണ്ടായിരുന്നു. 1856 സെപ്റ്റംബർ 21 ന് “ന്യൂസ്‌ ഓഫ്‌ ദ വേൾഡ്‌” എന്ന പത്രത്തിൽ വന്ന ആ വാർത്തയുടെ തലക്കെട്ട്‌ “നമ്മുടെ കറുത്ത സന്ദർശ്ശക” എന്നായിരുന്നു.

“അവധിലെ രാജ്ഞി നീതിക്ക്‌ വേണ്ടിയുളള ഒരപ്പീൽ നടത്തുവാൻ നമ്മുടെ കരയിൽ എത്തിയിരിക്കുന്നു. ഒരിക്കലും അവർ കാണാത്ത ഒരു സമുദ്രം , അത്‌ കടന്ന് വരുംബോൾ മാത്രം കണ്ടിട്ടുളള അവർ ഒരു വൻകരയുടെ ഏതോ ഉൾപ്രദേശത്തു നിന്നും ബ്രിട്ടീഷ്‌ സിംഹാസനത്തിന്റെ കാൽക്കൽ നീതിക്കപേക്ഷിച്ചു കൊണ്ട്‌ വന്നിരിക്കുന്നു. പതിതയായ ഈ രാജ്ഞിയിൽ സ്പഷ്ടമായ ഒരു ധൈര്യത്തിന്റെ വശമുണ്ട്‌………..”.
( ന്യൂസ്‌ ഓഫ്‌ ദ വേൾഡ്‌ 1856 സെപ്റ്റംബർ 21 ).

തന്റെ രാജ്യം തിരിച്ചു നൽകണമെന്നുളള ആ രാജ്ഞിയുടെ അഭ്യർത്ഥന പക്ഷെ അവരുടെ ചക്രവർത്തി ചെവികൊണ്ടില്ലെന്നുളളത്‌ ബാക്കിപത്രം.

അവധില മറ്റൊരു ബീഗമാണ് ഹസ്രത്‌ മഹൽ. അവധിലെ നവാബായിരുന്ന വാജിദ്‌ അലി ഷായുടെ പത്നിയും പ്രസിദ്ദ സ്വാതന്ത്ര്യസമര നായികയുമായിരുന്നു ഹസ്രത്‌ മഹൽ. അവർ മരണപ്പെട്ടത്‌ നേപ്പാളിൽ വെച്ചാണ്. നേപ്പാളിലെ കാട്മണ്ഡുവിലാണ് ഹസ്രത്‌ മഹലിന്റെ ഖബർ സ്ഥിതി ചെയ്യുന്നത്.