ഇന്ത്യയിലെ അവഗണിക്കപ്പെടുന്ന കർഷകരുടെ പ്രശ്നങ്ങൾ

വെള്ളാശേരി ജോസഫ്

പിള്ളേരെ വല്ല വഴിക്കും ഗൾഫിലോ അമേരിക്കയിലോ മറ്റു വിദേശ രാജ്യങ്ങളിലോ വിടാനേ നമ്മുടെ ഭൂരിപക്ഷം കർഷകരും ആഗ്രഹിക്കുകയുള്ളൂ. പാരമ്പര്യ ജോലികൾ ചെയ്യുന്ന മൽസ്യ തൊഴിലാളികളും, കരകൗശല വിദഗ്ധരും, നെയ്തു തൊഴിലാളികളും ഒക്കെ അവരുടെ കുട്ടികൾ ആ പാരമ്പര്യ തൊഴിലുകൾ ചെയ്യുന്നതിനോട് അനുകൂലിക്കുന്നത് കണ്ടിട്ടില്ല. നമ്മുടെ പാരമ്പര്യ തൊഴിലുകളിൽ ഏർപ്പെടുന്നവരിൽ ഏറ്റവും ദുരിതം പേറുന്ന ഒരു കൂട്ടരാണ് നമ്മുടെ ചെറുകിട കൃഷിക്കാർ. ലോകമെങ്ങും കൃഷിയിൽ നിന്നുള്ള വരുമാനം പരിമിതമായതുകൊണ്ട് ചെറുപ്പക്കാർ വ്യവസായിക രംഗത്തേക്ക് കുടിയേറിയ കഥകളാണുള്ളത്. ഇന്ത്യയിലും അത്തരം വ്യവസായിക രംഗത്തേക്ക് ഉള്ള കുടിയേറ്റവും, നഗരവൽക്കരണവും നടക്കുന്നുണ്ട്. പക്ഷെ കൃഷിയെ ആശ്രയിച്ച് ജീവിക്കുന്നവരുടെ എണ്ണം കുറച്ച് കാർഷികരാജ്യമെന്ന പദവിയിൽ നിന്ന് ഇന്ത്യയെ മോചിപ്പിക്കുക അത്ര എളുപ്പമല്ല; കാരണം രാജ്യത്തിൻറ്റെ നെടും തൂൺ എന്ന് പറയുന്നത് ചെറുകിട കർഷകരാണ്.

Image result for farmer pic

എങ്ങനെ ഈ ചെറുകിട കർഷകരെ സാമ്പത്തികമായി ഉദ്ധരിക്കാം??? ഒന്നാമതായി കർഷകനെ ആദരിക്കുന്ന ഒരു സമൂഹം അതല്ലെങ്കിൽ അങ്ങനെയൊരു മൂല്യബോധം ഉണ്ടാവേണ്ടതുണ്ട്. ചോറുരുട്ടി കഴിക്കുമ്പോൾ നാം നിലം ഒരുക്കി, വിത്ത് വിതച്ച്, കൊയ്ത്, അരിയാക്കി തരുന്ന കർഷകനെ ഓർമിക്കണം. മണ്ണിൽ അധ്വാനിക്കുന്ന കർഷകനോട് നന്ദി വേണം. കർഷകരെ കല്യാണം കഴിക്കാൻ ഇന്നത്തെ പല പെൺകുട്ടികളും തയാറാകുന്നില്ല. ആന്ധ്രയിൽ നിന്നുള്ള ഒരു സർവേ പറയുന്നത് അവിടുത്തെ കർഷകർക്ക് പെണ്ണ് കിട്ടുന്നില്ലെന്നാണ്. കഴിഞ്ഞ 20 വർഷങ്ങൾക്കുള്ളിൽ 2 ലക്ഷം കർഷകർ ആത്മഹത്യ ചെയ്തു എന്നാണ് നാഷണൽ ക്ര്യം റെക്കോർഡ്സ് ബ്യൂറോ പറയുന്നത്. റഷ്യൻ T. V. പോലും ഇന്ത്യൻ കർഷകരുടെ ദുരിത കഥകൾ പ്രക്ഷേപണം ചെയ്തു. എന്നിട്ടും നമ്മൾ ഇന്ത്യാക്കാർ അറിയുന്നില്ല. നാം രാജ്യത്തിൻറ്റെ നെടും തൂണായ ചെറുകിട കർഷകനെ വിസ്മരിക്കുകയാണ്.

Image result for diversification

ഞാൻ ഹരിത വിപ്ലവം നടന്ന ഉത്തർ പ്രദേശ്, ഹരിയാന, പഞ്ചാബ് – ഈ സംസ്ഥാനങ്ങളിലെ ഒരുപാട് കൃഷിക്കാരെ കണ്ടിട്ടുണ്ട്; അവരോട് സംസാരിച്ചിട്ടുമുണ്ട്. ആ അനുഭവത്തിൻറ്റെ വെളിച്ചത്തിൽ പറഞ്ഞാൽ ‘ഡൈവേഴ്സിഫിക്കേഷൻ’ ആണ് രാജ്യത്തിൻറ്റെ നെടും തൂണായ ചെറുകിട കർഷകനെ ഉദ്ധരിക്കുവാൻ ഏറ്റവും നല്ല മാർഗം. ഹരിത വിപ്ലവം നടന്ന ഉത്തരേന്ത്യയിലെ സംസ്ഥാനങ്ങളിൽ മറ്റൊന്ന് കൂടി നടന്നു – അതായിരുന്നു ധവള വിപ്ലവം. കാലാവസ്ഥാ വ്യതിയാനം കൊണ്ടോ, പ്രകൃതി ക്ഷോഭം കൊണ്ടോ കൃഷി നാശം സംഭവിച്ചാലും അതുകൊണ്ടു തന്നെ കർഷകർ പിടിച്ചു നിൽക്കും. ഉത്തരേന്ത്യയിലെ കർഷകർ ഉണ്ടാക്കുന്ന പാലും, പാലുൽപന്നങ്ങളും കണ്ടാൽ കേരളത്തിലെ പലരും അന്തിച്ചു പോകും – തൈര്, മോര്, പനീർ, ബർഫി പോലുള്ള പലഹാരങ്ങൾ, വെണ്ണ, നെയ്യ് – ഇങ്ങനെ പലതരം. ആറും എട്ടും ലിറ്റർ പാൽ കിട്ടുന്നവർ പലരും പാൽ പുറത്തു കൊടുക്കുന്നില്ല എന്ന് പറഞ്ഞാലും പലരും അത്ഭുതപ്പെടും. പക്ഷെ സത്യമാണത്. നെയ്യ് എണ്ണയ്ക്ക് പകരം പാചകത്തിന് ഉപയോഗിക്കുന്നു. പാലിൽ നിന്നും പാൽ ഉൽപന്നങ്ങളിൽ നിന്നും നല്ല വരുമാനം ഉണ്ടാക്കുന്ന കൃഷിക്കാർ ഇഷ്ടം പോലെ ഉത്തരേന്ത്യയിൽ ഉണ്ട്.

Related image

ഈ ‘ഡൈവേഴ്സിഫിക്കേഷൻ’ കേരളത്തിന് ഒരു വലിയ പാഠമാണ്. പ്രകൃതി ഇത്ര കനിഞ്ഞനുഗ്രഹിച്ചിട്ടും നാം നമ്മുടെ ഉൾനാടൻ മത്സ്യകൃഷി വികസിപ്പിച്ചിട്ടില്ല. അതെ സമയം പൻജാബിലും, ഹരിയാനയിലും വരെ അവർ ഉൾനാടൻ മത്സ്യകൃഷി വികസിപ്പിച്ചു. അവരൊക്കെ കാർഷിക രംഗത്ത് വൻ തോതിലുള്ള യന്ത്രവൽക്കരണം കൊണ്ടുവന്നു. ഉൾനാടൻ മത്സ്യകൃഷിയോടപ്പം താറാവ് കൃഷിയും നടത്താനുള്ള സൗകര്യങ്ങൾ കേരളത്തിൻറ്റെ പല ഭാഗങ്ങളിലും ഉണ്ട്. കോഴി, പന്നി, മുയൽ – ഈ കൃഷികളും കൂടി കേരളത്തിലെ കർഷകർക്ക് ആധുനിക രീതിയിൽ പരിശീലിക്കാം. അത് പോലെ തന്നെ ഇന്ന് വ്യാപകമായിക്കൊണ്ടിരിക്കുന്ന ഒന്നാണ് കൂൺ കൃഷി. കൂണിനോടനുബന്ധിച്ചുള്ള പല ഭക്ഷണങ്ങളും, കറികളും ഇന്നുണ്ട്.

Image result for different agriculture farmers

ഇനിയങ്ങോട്ട് കൃഷിക്ക് തൊഴിലാളികളെ കിട്ടാതാകുമ്പോൾ അല്ലെങ്കിൽ കൂലി കൂടുതലാകുമ്പോൾ യന്ത്ര വൽക്കരണത്തെ ആശയിക്കാതെ നിവൃത്തിയില്ല. കൂലിയെ കുറിച്ചും, കൃഷിയിലെ നഷ്ടത്തെ കുറിച്ച് പരാതി പറയുന്നതിന് പകരം യന്ത്രവൽക്കരണത്തിലൂടെ പരിഹാരം ഉണ്ടാക്കാനാണ് നോക്കേണ്ടത്. എല്ലാ വികസിത രാജ്യങ്ങളും കാർഷിക രംഗത്ത് വൻതോതിലുള്ള യന്ത്ര വൽക്കരണം കൊണ്ടുവന്നിട്ടുണ്ട്. തെങ്ങു കയറാനുള്ള യന്ത്രം, മണ്ണ് കുഴിക്കാനുള്ള യന്ത്രം, പാൽ കറക്കാനുള്ള യന്ത്രം, മരം മുറിക്കാനുള്ള യന്ത്രം – ഇങ്ങനെ യന്ത്ര വൽക്കരണത്തെ ആശ്രയിക്കാവുന്ന മേഖലകൾ കണ്ടെത്തി മുന്നേറിയാൽ മാത്രമേ ഭാവിയിൽ കൃഷി ലാഭകരമാക്കുവാൻ സാധിക്കുകയുള്ളൂ. യന്ത്രങ്ങൾ സ്വയം പ്രവർത്തിപ്പിക്കുവാനും അല്ലെങ്കിൽ കുടുംബത്തിലെ മാറ്റങ്ങങ്ങളെ കൂടെ കൂട്ടി പ്രവർത്തിപ്പിക്കുവാനാണ് നോക്കേണ്ടത്. കുടുംബാധിഷ്ഠിതമായ യന്ത്രവൽക്കരണത്തിലൂടെ ഒരുപക്ഷെ ഭാവിയിൽ കൃഷി ലാഭകരമാക്കാം. ‘ഡൈവേഴ്സിഫിക്കേഷൻ’ പ്രാക്റ്റിക്കലായി നടപ്പാക്കാൻ സാധിച്ചാൽ കൃഷി ലാഭകരമാകും – തീർച്ച.