ഇന്ത്യന്‍ ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്ന നടപടിയാണ് കര്‍ണാടക ഗവര്‍ണര്‍ സ്വീകരിച്ചിരിക്കുന്നത്; എ.കെ ആന്റണി

ന്യൂഡല്‍ഹി: കര്‍ണാടക ഗവര്‍ണര്‍ വാജുഭായ് വാലയ്‌ക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ ആന്റണി. ഇന്ത്യന്‍ ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്ന നടപടിയാണ് കര്‍ണാടക ഗവര്‍ണര്‍ സ്വീകരിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. യെദ്യൂരപ്പയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിച്ച ഗവര്‍ണറുടെ നടപടി അപലപനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജനാധിപത്യത്തിലെ സാമാന്യ മര്യാദ പോലും ഗവര്‍ണര്‍ പാലിച്ചില്ല. ഗവര്‍ണറുടെ നടപടിക്കെതിരെ കോണ്‍ഗ്രസ് ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും അതിന്റെ തുടക്കമാണ് വിധാന്‍ സൗധയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയ പ്രതിഷേധമെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ് – ജെഡിഎസ് സഖ്യം 117 പേരുടെ പിന്തുണ കത്ത് ഗവര്‍ണര്‍ക്ക് നല്‍കിയിരുന്നെന്നും, എന്നിട്ടും 104 പേരുടെ പിന്തുണ മാത്രമുള്ള യെദ്യൂരപ്പയെയാണ് ഗവര്‍ണര്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ വിളിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഇന്നലെ വൈകുന്നേരം ഗവര്‍ണറെ സന്ദര്‍ശിച്ച കോണ്‍ഗ്രസ്, ജെഡിഎസ് നേതാക്കന്മാരോട് ഗവര്‍ണര്‍ പറഞ്ഞത് തിടുക്കത്തില്‍ തീരുമാനമെടുക്കില്ലെന്നും നിയമജ്ഞരുമായി ആലോചിച്ച് മാത്രമേ തീരുമാനമെടുക്കൂമെന്നുമാണ്. എന്നാല്‍, 104 എംഎല്‍എമാര്‍ മാത്രമുള്ള ബിജെപിയെ സര്‍ക്കാരുണ്ടാക്കാന്‍ ഗവര്‍ണര്‍ ക്ഷണിക്കുകയാണ് ചെയ്തത്. ഇത് തികച്ചും അധാര്‍മികവും ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്നതുമാണെന്ന് ആന്റണി പറഞ്ഞു.