ഇന്ത്യക്കെതിരെ ആഞ്ഞടിച്ച് ട്രംപ്

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി ജി20 സമ്മേളനവേദിയിൽ കൂടി കാണുന്നതിന് മണിക്കൂറുകൾ മുൻപ് അമേരിക്കൻ ഉത്പന്നങ്ങൾക്ക് ഇന്ത്യ ചുമത്തിയിട്ടുള്ള ഉയർന്ന ഇറക്കുമതി തീരുവകൾക്കെതിരെ ആഞ്ഞടിച്ച്‌ പ്രസിഡന്റ് ഡോണൾഡ് ട്രംപ്.

ഇന്ത്യ ഉയർന്ന തീരുവകൾ പിൻവലിച്ചേ തീരൂവെന്ന് ഒരു ട്വീറ്റിലൂടെ വ്യക്തമാക്കി. “ഏറെക്കാലമായി അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് ഉയർന്ന തോതിൽ തീരുവകൾ ഏർപ്പെടുത്തിയിട്ടുള്ള ഇന്ത്യ സമീപകാലത്ത് തീരുവകൾ വീണ്ടും ഉയർത്തിയിരിക്കുകയാണ്. ഇത് അംഗീകരിക്കാനാവില്ല. ഉയർന്ന നിരക്കുകൾ പിൻവലിച്ചേ പറ്റൂ. ഇതേക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായിട്ടുള്ള ചർച്ചകളിലേക്ക് ഞാൻ ഉറ്റുനോക്കുകയാണ്,” വ്യാഴാഴ്ച രാവിലെ ജപ്പാനിലെത്തിയ ട്രംപ് തന്റെ ട്വീറ്റിൽ പറഞ്ഞു.

ട്രംപിന്റെ വാക്കുകൾ ഇന്ത്യ-അമേരിക്ക ബന്ധങ്ങൾ വഷളാക്കിയേക്കുമെന്ന തോന്നൽ വ്യാപകമാണ്. രാജ്യസുരക്ഷ സംബന്ധിയായ കാര്യങ്ങളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങൾ ശക്തമായി വരുന്ന സന്ദർഭത്തിലാണ് വ്യാപാര ബന്ധങ്ങൾ സങ്കീർണമാകുന്നത്.

ബുധനാഴ്ച ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിയടക്കമുള്ളവരുമായി ചർച്ച നടത്തിയ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ഇന്ത്യ-അമേരിക്ക വ്യാപാര ബന്ധങ്ങൾ വഷളാകുന്നില്ലെന്ന് ഉറപ്പ് വരുത്താൻ തങ്ങൾ പ്രതിജ്ഞാബദ്ധ രാണെന്ന് പ്രസ്താവിച്ചിരുന്നു. എന്നാൽ അതെങ്ങിനെ സാധിക്കും എന്നതിന്റെ വിശദാംശങ്ങൾ ഒന്നും തന്നെ അദ്ദേഹം നൽകിയില്ല.