ഇന്ത്യക്കെതിരായ ഏകദിന പരമ്പര: ന്യൂസിലന്‍ഡ് ടീമിനെ പ്രഖ്യാപിച്ചു

വെല്ലിങ്ടണ്‍: ഇന്ത്യക്കെതിരെ ഏകദിന പരമ്പരയ്ക്കുള്ള ന്യൂസിലന്‍ഡ് ടീമിനെ പ്രഖ്യാപിച്ചു. അഞ്ച് ഏകദിനങ്ങളില്‍ ആദ്യ മൂന്ന് ഏകദിനങ്ങള്‍ക്കുള്ള ടീമിനെയാണ് പ്രഖ്യാപിച്ചത്. മിച്ചല്‍ സാന്റ്‌നര്‍, കോളിന്‍ ഡി ഗ്രാന്‍ഡ്‌ഹോം, ടോം ലാഥം എന്നിവരെ ടീമില്‍ മടങ്ങിയെത്തി. പരിക്ക് കാരണം ടോഡ് ആസ്റ്റല്‍, ജയിംസ് നീഷാം എന്നിവരെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. നേപ്പിയറില്‍ ഈമാസം 23നാണ് ആദ്യ ഏകദിനം.

കഴിഞ്ഞ മാര്‍ച്ചിലാണ് സാന്റ്‌നര്‍ കിവീസിന് അവസാനമായി ഒരു ഏകദിനം കളിച്ചത്. പിന്നീട് ദീര്‍ഘകാലം പരിക്കിന്റെ പിടിയിലായിരുന്നു താരം. കഴിഞ്ഞ ആഴ്ച ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി20 സാന്റ്‌നര്‍ കളിച്ചിരുന്നു. പിന്നാലെ ഏകദിന ടീമിലേക്കും തിരികെ വിളിക്കുകയായിരുന്നു. ലാഥവും ഗ്രാന്‍ഡ്‌ഹോം ലങ്കയ്‌ക്കെതിരെ നിശ്ചിത ഓവര്‍ ക്രിക്കറ്റ് കളിച്ചിരുന്നില്ല.

കിവീസ് ടീം: കെയ്ന്‍ വില്യംസണ്‍ (ക്യാപ്റ്റന്‍), ട്രന്റ് ബൗള്‍ട്ട്, ഡഗ് ബ്രേസ്‌വെല്‍, കോളിന്‍ ഡി ഗ്രാന്‍ഡ്‌ഹോം, ലോക്ക് ഫെര്‍ഗൂസണ്‍, മാര്‍ട്ടിന്‍ ഗപ്റ്റില്‍, മാറ്റ് ഹെന്റി, ടോം ലാഥം, കോളിന്‍ മണ്‍റോ, ഹെന്റി നിക്കോള്‍സ്, മിച്ചല്‍ സാന്റ്‌നര്‍, ഇഷ് സോധി, ടിം സൗത്തി,. റോസ് ടെയ്‌ലര്‍.