ഇന്തോനേഷ്യയില്‍ വീണ്ടും ഭൂചലനം

ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ വീണ്ടും ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 5.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഇന്തോനേഷ്യയിലെ ബാലി ദ്വീപിലുണ്ടായത്. 91.6 കിലോമീറ്റര്‍ താഴെ ഭുമിക്കടിയിലായിരുന്നു ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് യുഎസ് ജിയോളജിക്കൽ സർവേ കണ്ടെത്തിയിട്ടുണ്ട്. ഭൂചലനത്തില്‍ നിരവധി കെട്ടിടങ്ങള്‍ക്കും വീടുകള്‍ക്കും നാശനഷ്ടമുണ്ടായി. ആളപായമൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സുനാമി മുന്നറിയിപ്പും നല്‍കിയിട്ടില്ല.

കഴിഞ്ഞ ദിവസവും ഇന്തോനേഷ്യയില്‍ ഭൂചലനം റിപ്പോര്‍ട്ട് ചെയ്തിരുന്നു. റിക്ടര്‍ സ്‌കെയിലില്‍ 7.3 രേഖപ്പെടുത്തിയ ഭൂകമ്പമാണ് കിഴക്കന്‍ ഇന്തോനേഷ്യയിലെ മൊളുക്ക ദ്വീപില്‍ കഴിഞ്ഞ ദിവസമുണ്ടായത് ഉണ്ടായത്. 2004 ഡിസംബറില്‍ പടിഞ്ഞാറന്‍ ഇന്തൊനേഷ്യയിലെ സുമാത്രയിലുണ്ടായ ഭൂകമ്പത്തെ തുടര്‍ന്നുണ്ടായ സുനാമിയില്‍ ഇന്ത്യയിലടക്കം 2,30,000 പേര്‍ കൊല്ലപ്പെട്ടിരുന്നു.

നിരവധി സജീവ അഗ്നി പര്‍വ്വതങ്ങളുള്ള മേഖലയായ പസഫിക് റിംഗ് ഓഫ് ഫയര്‍ മേഖലയിലാണ് ഇന്തോനേഷ്യ സ്ഥിതി ചെയ്യുന്നത്. തുടര്‍ച്ചയായി ഭൂചലനങ്ങള്‍ അനുഭവപ്പെടുന്ന മേഖലയാണിത്.