ഇന്തോനീഷ്യൻ ഓപ്പണ്‍ ഫൈനലില്‍ പി.വി.സിന്ധുവിന് തോല്‍വി

ഇന്തോനീഷ്യൻ ഓപ്പണ്‍ ഫൈനലില്‍ ഇന്ത്യയുടെ പി.വി.സിന്ധുവിന് തോല്‍വി. ജപ്പാന്റെ അകാനെ യമാഗുച്ചിയോട് നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് സിന്ധു പരാജയപ്പെട്ടത്. സ്കോര്‍– 15–21, 16–21. ഈ വര്‍ഷത്തെ സിന്ധുവിന്റെ ആദ്യഫൈനലായിരുന്നു ഇത്. മാർച്ചിൽ ഇന്ത്യ ഓപ്പണിലും ഏപ്രിലിൽ സിംഗപ്പൂർ ഓപ്പണിലും സിന്ധു സെമിയില്‍ പുറത്തായിരുന്നു.

ലോക നാലാം നമ്പർ‌ താരമായ യമഗുച്ചിക്കെതിരെ ഏറ്റുമുട്ടിയ അഞ്ചിൽ‌ നാലു മൽസരങ്ങളിലും ജയം സിന്ധുവിനായിരുന്നു. ഓസ്ട്രേലിയ, സ്വിസ്, ഓൾ ഇംഗ്ലണ്ട് കിരീടങ്ങൾ നേടിയ ചൈനയുടെ ചെന്‍ യുഫെയിയെ സെമിയിൽ തോൽപിച്ചാണ് സിന്ധു ഇന്തൊനീഷ്യൻ ഓപ്പൺ ഫൈനലിലെത്തിയത്. ഈ മാസം തന്നെ നടക്കുന്ന ജപ്പാൻ ഓപ്പണിലും, ഓഗസ്റ്റിൽ തായ്‍ലൻഡ് ഓപ്പണിലും സിന്ധു മൽസരിക്കും.