‘ഇനിയും പാര്‍വതിയെ പരിഹസിക്കുന്നവരെ വിഡ്ഢികളെന്ന് മാത്രമേ വിശേഷിപ്പിക്കാനാകൂ’; കുറിപ്പ്‌

കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി വലിയ തോതില്‍ സൈബര്‍ ആക്രമണം നേരിട്ടുകൊണ്ടിരിക്കുകയാണ് നടി പാര്‍വതി തിരുവോത്ത്. എന്നാല്‍ പാര്‍വതിയുടെ നന്മകള്‍ കാണാതെ അവരെ വിമര്‍ശിക്കുന്നവര്‍ക്കെതിരെ പ്രതികരിച്ചിരിക്കുകയാണ് സന്ദീപ് ദാസ് എന്ന യുവാവ്.

നഴ്‌സ് ലിനി മരിച്ചതിന്റെ മൂന്നാം ദിവസം പാര്‍വതി ഫോണില്‍ വിളിച്ച് ആശ്വസിപ്പിച്ചിരുന്നെന്നും, മക്കളുടെ പഠനച്ചെലവ് ഏറ്റെടുക്കാന്‍ തയാറായെന്നും ലിനിയുടെ ഭര്‍ത്താവ് സജീഷ് പറഞ്ഞത് വലിയ വാര്‍ത്തയായിരുന്നു. എന്നാല്‍ ഇക്കാര്യം സജീഷ് പറഞ്ഞപ്പോള്‍ മാത്രമാണ് അറിഞ്ഞതെന്നും ഇങ്ങനെയൊരു നന്മ ചെയ്തുവെന്ന് പാര്‍വതി എവിടെയും വെളിപ്പെടുത്തിയില്ലെന്നും സന്ദീപ് കുറിപ്പില്‍ പറയുന്നു.

”മമ്മൂട്ടിയേയാണോ മോഹൻലാലിനെയാണോ കൂടുതൽ ഇഷ്ടം” എന്ന ചോദ്യത്തിന് ”അയ്യോ എനിക്ക് രണ്ടുപേരെയും ഇഷ്ടമാണ്…” എന്ന മട്ടിലുള്ള ക്ലീഷേ മറുപടികൾ നൽകി ഒതുങ്ങിക്കൂടിയിരുന്നുവെങ്കിൽ പാര്‍വതിയ്ക്ക് വിരോധികൾ ഉണ്ടാവുകയില്ലായിരുന്നു. പക്ഷേ അങ്ങനെ സകലരെയും പ്രീതിപ്പെടുത്തുന്ന നയതന്ത്രജ്ഞത പാർവ്വതിയിൽ നിന്ന് പ്രതീക്ഷിക്കാനാവില്ല. അതുകൊണ്ടാണല്ലോ അവർ വേറിട്ടുനിൽക്കുന്നതും. സന്ദീപ് കുറിപ്പില്‍ കൂട്ടിച്ചേര്‍ത്തു.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

എനിക്ക് ഒരുപാട് ഇഷ്ടമുള്ള അഭിനേത്രിയാണ് പാർവ്വതി തിരുവോത്ത്.ഇപ്പോൾ അവരോടുള്ള സ്നേഹവും ബഹുമാനവും വർദ്ധിച്ചിരിക്കുന്നു.നിപ വൈറസിനോട് പടപൊരുതി മരണംവരിച്ച ലിനി സിസ്റ്ററുടെ ഭർത്താവ് സജീഷ്, പാർവ്വതിയെക്കുറിച്ച് ചില കാര്യങ്ങൾ തുറന്നുപറഞ്ഞിട്ടുണ്ട്.

ലിനി മരിച്ചതിൻ്റെ മൂന്നാം ദിവസം പാർവ്വതി ഫോണിൽ വിളിച്ച് ആശ്വസിപ്പിച്ചുവെന്നും, മക്കളുടെ പഠനച്ചെലവ് ഏറ്റെടുക്കാൻ തയ്യാറാണെന്ന് അറിയിച്ചുവെന്നും സജീഷ് പറയുന്നു.എന്നാൽ ചില സൈബർ ഗുണ്ടകൾക്ക് ഇപ്പോഴും നേരം വെളുത്തിട്ടില്ല.അവർ തെറിവിളി തുടരുകയാണ്.പാർവ്വതിയുടെ ലക്ഷ്യം പബ്ലിസിറ്റി മാത്രമാണെത്രേ !

ഇങ്ങനെയൊരു നന്മ ചെയ്തുവെന്ന് പാർവ്വതി എവിടെയും വെളിപ്പെടുത്തിയിട്ടില്ല. സജീഷ് പറഞ്ഞപ്പോഴാണ് അക്കാര്യം ലോകം അറിഞ്ഞതുതന്നെ.എന്നിട്ടും പാർവ്വതിയെ പരിഹസിക്കുന്നവരെ വിഡ്ഢികൾ എന്നുമാത്രമേ വിശേഷിപ്പിക്കാനാകൂ.

കഴിഞ്ഞ ഏതാനും വർഷങ്ങളായി പാർവ്വതി നേരിട്ടുകൊണ്ടിരിക്കുന്ന സൈബർ ആക്രമണത്തിന് സമാനതകളില്ല.അതിൻ്റെ കാരണം ലളിതമാണ്.നട്ടെല്ലുള്ള ഒരു സ്ത്രീയാണ് അവർ.വ്യക്തമായ നിലപാടുകളുള്ള ഒരു പെണ്ണിനെ സമൂഹത്തിന് എപ്പോഴും ഭയമാണ്.

പാർവ്വതിയുടെ അഭിമുഖങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ? വളരെ ശക്തമായ ഭാഷയിലാണ് അവർ സംസാരിക്കുക.ആ സ്വരത്തിൽ വിധേയത്വത്തിൻ്റെ സൂചന പോലും ഉണ്ടാകാറില്ല.അതുകൊണ്ടാണ് ചിലർ അവരെ ‘ഫെമിനിച്ചി ‘ എന്ന് വിളിച്ച് നിർവൃതിയടയുന്നത്.

പൊതുവെ സിനിമാക്കാർക്ക് അത്ര വലിയ സാമൂഹികപ്രതിബദ്ധതയൊന്നും ഉണ്ടാകാറില്ല.അതീവ പ്രധാനമായ വിഷയങ്ങളെക്കുറിച്ച് പ്രതികരിക്കാൻ പോലും അവരിൽ പലരും തയ്യാറാകാറില്ല.പാർവ്വതി അങ്ങനെയല്ല.വിഷയം ഏതായാലും അവർക്ക് കൃത്യമായ അഭിപ്രായമുണ്ട്.

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയതിനുശേഷം, ‘The worst illiterate is the political illiterate…’ എന്ന വരി പാർവ്വതി ഫേസ്ബുക്കിൽ കുറിച്ചിരുന്നു.ഇതുപോലെയൊ­ക്കെ ചിന്തിക്കുന്ന എത്ര നടിമാരെ നാം കണ്ടിട്ടുണ്ട്?

ഇന്ന് മലയാളസിനിമയിൽ പാർവ്വതിയ്ക്കുള്ള സ്ഥാനം ആരും തങ്കത്തളികയിൽ വെച്ചുനൽകിയതല്ല.അവർക്ക് സിനിമാ പാരമ്പര്യമൊന്നുമില്ല.2006ലായിരുന്നു പാർവ്വതിയുടെ അരങ്ങേറ്റം.നോട്ട്ബുക്ക്,വിനോദയാത്ര തുടങ്ങിയ സിനിമകളിൽ വേഷമിട്ടുവെങ്കിലും അക്കാലത്തൊന്നും പാർവ്വതി എന്ന നടിയെ ആരും കാര്യമായി ശ്രദ്ധിച്ചിരുന്നില്ല എന്നതാണ് വാസ്തവം.

2014ൽ പുറത്തിറങ്ങിയ ‘ബാംഗ്ലൂർ ഡെയ്സ് ‘ എന്ന സിനിമയാണ് പാർവ്വതിയ്ക്ക് മലയാള സിനിമയിൽ ഒരു മേൽവിലാസമുണ്ടാക്കിയത്.താൻ ആഗ്രഹിച്ചത് സ്വന്തമാക്കാൻ അവർ കാത്തിരുന്നത് എട്ടുവർഷങ്ങളാണ് ! പാർവ്വതിയുടെ സ്ഥാനത്ത് വേറെ ആരെങ്കിലും ആയിരുന്നുവെങ്കിൽ, കഷ്ടപ്പെട്ടുനേടിയ സിംഹാസനം ഏതുവിധേനയും നിലനിർത്താനുള്ള വഴികൾ സ്വീകരിക്കുമായിരുന്നു.പക്ഷേ മനുഷ്യത്വം ഉള്ളതുകൊണ്ടും തലച്ചോറ് ആർക്കും പണയംവെച്ചിട്ടില്ലാത്തതുകൊണ്ടും പാർവ്വതി സേഫ് സോൺ വിട്ട് പുറത്തിറങ്ങി.

വിമർശിച്ചവരെയെല്ലാം ഒതുക്കിയ ചരിത്രമാണ് ‘അമ്മ’ എന്ന സംഘടനയ്ക്കുള്ളത്.എന്നിട്ടും മലയാളസിനിമയിലെ ദുഷ്പ്രവണതകളെ പാർവ്വതി ശക്തമായി എതിർത്തു.സ്വന്തം കരിയർ പണയം വെച്ച് സുഹൃത്തുക്കളോടൊപ്പം നിന്നു !നമ്മളിൽ എത്ര പേർക്ക് സാധിക്കും ഇതെല്ലാം?

‘കസബ’ എന്ന സിനിമയെ വിമർശിച്ചതിനാണ് പാർവ്വതി ഏറ്റവും കൂടുതൽ തെറികൾ കേട്ടത്.സ്ത്രീവിരുദ്ധത ആഘോഷമാക്കുന്ന സീനുകളെ പ്രോത്സാഹിപ്പിക്കരുത് എന്നാണ് അവർ അഭിപ്രായപ്പെട്ടത്.മമ്മൂട്ടി എന്ന നടനെ അധിക്ഷേപിക്കാൻ താൻ ആഗ്രഹിച്ചിരുന്നില്ല എന്ന് പാർവ്വതി പലതവണ വ്യക്തമാക്കിയിരുന്നു.മമ്മൂട്ടിയാണെങ്കിൽ വളരെയേറെ സ്നേഹത്തോടെയാണ് പാർവ്വതിയോട് ഇടപെടുന്നതും.എന്നിട്ടും ചില ആരാധകരുടെ രോഷം തീരുന്നില്ല.

മലയാളസിനിമയിൽ നടിമാർ അനുഭവിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് എല്ലാവർക്കുമറിയാം.താരസംഘടനയുടെ പത്രസമ്മേളനം നടക്കുമ്പോൾ ഒരു കസേര പോലും കിട്ടാതെ, മണിക്കൂറുകളോളം നിൽക്കേണ്ടിവരുന്ന അഭിനേത്രിമാരെ നാം ഒത്തിരി കണ്ടിട്ടുണ്ട്.അങ്ങനെയാണ് ഡബ്ല്യു.സി.സി രൂപം കൊള്ളുന്നത്.പൈശാചികമായ രീതിയിൽ ആക്രമിക്കപ്പെട്ട യുവനടിയെ ആത്മാർത്ഥമായി പിന്തുണച്ചത് അവർ മാത്രമാണ്.

സ്ത്രീകളെ മാത്രമല്ല,ട്രാൻസ്ജെൻ്റേഴ്സിനെയും സ്നേഹത്തോടെ ചേർത്തുനിർത്തുന്ന ഒരു സംഘടനയാണ് ഡബ്ല്യു.സി.സി.മലയാള സിനിമ ട്രാൻസ്ജെൻ്റർ കമ്മ്യൂണിറ്റിയോട് വലിയ ദ്രോഹം ചെയ്തിട്ടുണ്ട്.’ആണും പെണ്ണും കെട്ടവൻ’ എന്ന പ്രയോഗം ഈയടുത്ത കാലം വരെ മലയാളസിനിമയിലെ മാസ് ഡയലോഗായിരുന്നു.അവരോട് ചെയ്ത തെറ്റുകൾക്ക് പാർവ്വതിയെപ്പോലുള്ളവർ പ്രായശ്ചിത്തം ചെയ്യുമ്പോൾ,അതിനെ മനസ്സുനിറഞ്ഞ് അഭിനന്ദിക്കേണ്ടതല്ലേ?

ഇന്ന് മലയാള സിനിമയിലെ സ്ത്രീവിരുദ്ധത നല്ലതുപോലെ കുറഞ്ഞിട്ടുണ്ട്.സ്ത്രീകളെ ഇടിച്ചുതാഴ്ത്തുന്ന ഡയലോഗുകൾ എഴുതിയ തിരക്കഥാകൃത്തുക്കൾ ഖേദം പ്രകടിപ്പിച്ചുതുടങ്ങി.ഇത്തരം മാറ്റങ്ങൾക്ക് വഴിയൊരുക്കിയത് പാർവ്വതിമാരുടെ പോരാട്ടങ്ങളാണ്.

”മമ്മൂട്ടിയേയാണോ മോഹൻലാലിനെയാണോ കൂടുതൽ ഇഷ്ടം” എന്ന ചോദ്യത്തിന് ”അയ്യോ എനിക്ക് രണ്ടുപേരെയും ഇഷ്ടമാണ്…” എന്ന മട്ടിലുള്ള ക്ലീഷേ മറുപടികൾ നൽകി ഒതുങ്ങിക്കൂടിയിരുന്നുവെങ്കിൽ പാർവ്വതിയ്ക്ക് വിരോധികൾ ഉണ്ടാവുകയില്ലായിരുന്നു.പക്ഷേ അങ്ങനെ സകലരെയും പ്രീതിപ്പെടുത്തുന്ന നയതന്ത്രജ്ഞത പാർവ്വതിയിൽ നിന്ന് പ്രതീക്ഷിക്കാനാവില്ല.അതുകൊണ്ടാണല്ലോ അവർ വേറിട്ടുനിൽക്കുന്നതും.

താൻ പറയുന്ന എല്ലാ കാര്യങ്ങളും അംഗീകരിക്കണം എന്ന പിടിവാശി പാർവ്വതിയ്ക്കില്ല.വിയോജിപ്പുകളെ സ്വാഗതം ചെയ്യുന്ന വ്യക്തിയാണ് അവർ.എന്നാൽ സൈബർ പോരാളികൾക്ക് മാന്യമായ സംവാദത്തിന് താത്പര്യമില്ലല്ലോ ! പാർവ്വതിയ്ക്കുവേണ്ടി പുതിയ തെറിവാക്കുകൾ വരെ കണ്ടുപിടിക്കപ്പെട്ടു.

ഇത്രയൊക്കെയായിട്ടും അവർ മാപ്പ് എന്ന വാക്ക് ഉച്ചരിച്ചിട്ടില്ല.പറഞ്ഞ കാര്യങ്ങളിൽ നിന്ന് ഒരിഞ്ച് പോലും പിന്നോട്ടുപോയിട്ടില്ല.ഫേസ്ബുക്ക് ലൈവിൽ വന്ന് കണ്ണുനീർ പൊഴിച്ചിട്ടില്ല.ഒത്തുതീർപ്പിന് ശ്രമിച്ചിട്ടുമില്ല.പാർവ്വതി പറഞ്ഞത് ഇങ്ങനെയാണ്-

”ഫെമിനിച്ചി എന്ന വിളി എനിക്കിഷ്ടമാണ്.കാരണം അതൊരു സത്യമാണ്….! ”

ഇതല്ലേ പെണ്ണ് ! തെറിവിളിച്ചും വ്യക്തിഹത്യ നടത്തിയും അടക്കിനിർത്താവുന്ന കാലമൊക്കെ കഴിഞ്ഞു.

പാർവ്വതി എന്ന അഭിനേത്രിയെക്കുറിച്ച് കൂടുതലൊന്നും പറയേണ്ട ആവശ്യമുണ്ടെന്ന് തോന്നുന്നില്ല.കസബ വിവാദമുണ്ടായ സമയത്ത് പാർവ്വതിയുടെ എതിർപക്ഷത്ത് നിന്ന ഒരാളായിരുന്നു നടൻ സിദ്ദിഖ്.ആ സിദ്ദിഖ് പോലും പറയുന്നത് മലയാളസിനിമയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച നടിമാരിൽ ഒരാളാണ് പാർവ്വതി എന്നാണ് ! വിമർശകരെക്കൊണ്ട് കൈയ്യടിപ്പിക്കുമ്പോഴാണ് ഒരു കലാകാരിയ്ക്ക് മഹത്വം കൈവരുന്നത്.

നമ്മുടെ നാട്ടിലെ പല പെൺകുട്ടികളും ഇളംപ്രായത്തിൽ തന്നെ ശാരീരികമായി ചൂഷണം ചെയ്യപ്പെടാറുണ്ട്.അതിൽ നിന്ന് പൂർണ്ണമായും കരകയറാൻ പലർക്കും സാധിക്കാറില്ല.മൂന്നോ നാലോ വയസ്സുള്ളപ്പോൾ അത്തരമൊരു അനുഭവത്തിലൂടെ കടന്നുപോയ ഒരാളാണ് പാർവ്വതി.പക്ഷേ ഇന്ന് അവർ ഏറ്റവും സക്സസ്ഫുൾ ആയ ഒരു വനിതയാണ്.ഇതല്ലേ യഥാർത്ഥ പ്രചോദനം?

ഒരു അഭിമുഖത്തിൽ പാർവ്വതി പറഞ്ഞു-”ഒരുപാട് പേർ എന്നെ തെറിവിളിക്കുന്നുണ്ട്.പക്ഷേ എന്നെ നേരിൽക്കണ്ടാൽ അവർ അത് ചെയ്യുമോ? എൻ്റെ മുഖത്ത് നോക്കി തെറിവിളിക്കാനുള്ള ധൈര്യം അവർക്കുണ്ടോ? സംശയമാണ്….”

അവർ പറഞ്ഞത് സത്യമാണ്.പാർവ്വതിയെപ്പോലൊരു പെണ്ണിൻ്റെ നേർക്കുനേരെ നിന്ന് തെറിപറയാനുള്ള കരളുറപ്പൊന്നും ഈ ഒാൺലൈൻ ആക്രമണകാരികൾക്കില്ല.ഒരു പെണ്ണ് ആരെയും കൂസാതെ നിവർന്നുനിന്നാൽ തീർന്നുപോകുന്ന ആത്മവിശ്വാസമേയുള്ളൂ അവർക്ക്..

അതുകൊണ്ട് അവർ അദൃശ്യരായി നിന്ന് അന്ധകാരം പരത്തും.കൂരിരുട്ടിൽ ഒരു പ്രകാശനാളമായി പാർവ്വതിമാർ പ്രയാണം തുടരും…

Written by-Sandeep Das