‘ഇത്തിരി ട്രോളുവോ അണ്ണാ..’;ട്രോള്‍ മീ ചലഞ്ചുമായി കണ്ണന്താനം

കൊച്ചി: എറണാകുളം ലോക്സഭ തെരഞ്ഞെടുപ്പിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും കേന്ദ്ര മന്ത്രിയുമായ അല്‍ഫോണ്‍സ് കണ്ണന്താനം പുതിയ ചലഞ്ചുമായി രംഗത്ത്. കൊച്ചിക്ക് വേണ്ടി ഒരു ‘ട്രോള്‍ മീ ചലഞ്ച്’ എന്ന പേരിലാണ് കണ്ണന്താനം രംഗത്തെത്തിയിരിക്കുന്നത്‌.

കൊച്ചിയുടെ വികസനത്തെക്കുറിച്ചു നല്ല നല്ല ട്രോളുകൾ ഉണ്ടാക്കി അത് കമന്‍റ് ചെയ്യാനാണ് അദ്ദേഹം ഫെയ്‌സ്ബുക്ക്‌ കുറിപ്പിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്. തന്നെയും കഥാപാത്രമാക്കുന്നതില്‍ വിരോധമില്ലെന്നും എല്ലാം കൊച്ചിക്ക് വേണ്ടിയല്ലേയെന്നും അദ്ദേഹം കുറിപ്പില്‍ കൂട്ടിച്ചേര്‍ത്തു.

കുറിപ്പിന്റെ പൂര്‍ണരൂപം

TROLL ME CHALLENGE
മലയാളികൾ വളരെ നർമ്മബോധം ഉള്ളവരാണ്. 
എന്ത് സീരിയസ് കാര്യവും നമ്മൾ തമാശയാക്കി ആസ്വദിക്കാറുണ്ട്.
നമ്മുടെ യുവാക്കളുടെ പല ട്രോളുകളും കാണുമ്പോൾ അത്ഭുതപ്പെടാറുണ്ട്. 
എന്തുമാത്രം സർഗ്ഗശേഷി ആണ് നമ്മുടെ യുവാക്കൾക്ക് ഉള്ളത്?
ഇതെങ്ങനെ പോസിറ്റീവ് ആയി ഉപയോഗിക്കാം എന്നും പലപ്പോഴും ചിന്തിച്ചിട്ടുണ്ട്.
എന്തായാലും എന്നെ ട്രോളുന്ന വീരന്മാർക്ക് ഒരു കൊച്ചു ചലഞ്ച് – കൊച്ചിയുടെ വികസനത്തെക്കുറിച്ചു നല്ല നല്ല ട്രോളുകൾ ഉണ്ടാക്കി ഇവിടെ കമന്റ് ചെയ്യൂ. 
നല്ല ട്രോളർമാർക്ക് എന്നോടൊപ്പം ഒരു സെൽഫി എടുക്കാം, ഈ പേജിൽ ഇടാം (തെരഞ്ഞെടുപ്പായതിനാൽ മറ്റു വാഗ്ദാനങ്ങളോ സമ്മാനങ്ങളോ ഇപ്പോൾ സാധ്യമല്ല).
അപ്പൊ ശരി, തുടങ്ങുവല്ലേ?

-എന്നെയും ഒരു കഥാപാത്രമാക്കുന്നതിൽ വിരോധമില്ല.. എല്ലാം നമ്മുടെ കൊച്ചിക്കുവേണ്ടിയല്ലേ…