‘ഇതൊക്കെ വാട്സ്ആപ് സര്‍വകലാശാലയില്‍ നിന്നാണോ പഠിച്ചത്‌’; മേഘ പരാമര്‍ശത്തില്‍ മോദിയെ പരിഹസിച്ച് കോണ്‍ഗ്രസ്‌

ന്യൂഡല്‍ഹി:  ബലാക്കോട്ട് ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ മേഘ പരാമര്‍ശത്തെ പരിഹസിച്ച് കോണ്‍ഗ്രസ്. ലോകത്തിനു മുന്നില്‍ രാജ്യത്തെ നാണംകെടുത്തുകയാണ് മോദിയെന്ന് കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര പറഞ്ഞു. ഇ മെയില്‍ വരുന്നതിനു മുമ്പ് ഇ മെയില്‍ അയച്ചുവെന്ന് മോദി പറയുന്നു. ഇത്തരം സിദ്ധാന്തങ്ങള്‍ നാഗ്പൂരിലെ വാട്സ്ആപ് സര്‍വകലാശാലയില്‍ നിന്നാണോ മോദി പഠിച്ചതെന്നും പവന്‍ ഖേര പരിഹസിച്ചു. 

അതേസമയം ബലാകോട്ട് വ്യോമാക്രമണവുമായി ബന്ധപ്പെട്ട് ചാനല്‍ ചര്‍ച്ചയ്ക്കിടെ മോദി നടത്തിയ പരാമര്‍ശത്തില്‍ വെട്ടിലായി ബി.ജെ.പി ദേശീയ നേതൃത്വം. ഫെബ്രുവരിയില്‍ ഇന്ത്യന്‍ സേന ബാലാകോട്ട് ആക്രമണം നടത്തിയത് തന്റെ പ്രത്യേക തിയറി ഉപയോഗിച്ചാണെന്ന് പറഞ്ഞുകൊണ്ട് മോദി നടത്തിയ പരാര്‍ശങ്ങളാണ് വിമര്‍ശിക്കപ്പെടുകയും പരിസഹിക്കപ്പെടുകയും ചെയ്യുന്നത്.

ആക്രമണവുമായി മുന്നോട്ടു പോകണോ എന്നത് സംബന്ധിച്ച് വിദഗ്ധരെല്ലാം രണ്ട് മനസിലായിരുന്നെന്ന് പറഞ്ഞാണ് മോദി സംസാരം തുടങ്ങിയത്. നിങ്ങള്‍ ഓര്‍ക്കേണ്ട ഒരു കാര്യം അന്ന് കാലാവസ്ഥ ഒട്ടും അനുകൂലമായിരുന്നില്ല. നന്നായി മഴ പെയ്യുന്നുണ്ടായിരുന്നു. മേഘങ്ങളും കൂടുതലായിരുന്നു. വ്യോമാക്രമണം നടത്താമെന്ന് തീരുമാനിച്ച ദിവസം മാറ്റാമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. ഞാന്‍ ഈ മേഖലയിലെ വിദഗ്ധനോ ശാസ്ത്രജ്ഞനോ ഒന്നുമല്ല. എങ്കിലും അപ്പോള്‍ എന്റെ മനസില്‍ തോന്നിയ ഒരു കാര്യം റഡാറില്‍ നിന്നും ഇന്ത്യന്‍ വിമാനങ്ങളെ മറയ്ക്കാന്‍ അപ്പോഴുണ്ടായിരുന്ന മേഘങ്ങള്‍ക്ക് സാധിക്കുമെന്നതാണ്. അത് നമുക്ക് ഗുണം ചെയ്യുമെന്നും തോന്നി. അങ്ങനെയാണ് അത്തരമൊരു കാലാവസ്ഥയില്‍ ആക്രമണത്തിന് തീരുമാനിക്കുന്നത്. ”- എന്നായിരുന്നു മോദി പറഞ്ഞത്.

ഇതിന് പിന്നാലെ മോദിയുടെ വിപ്ലവകരമായ ശാസ്ത്ര സിദ്ധാന്തം എന്ന രീതിയില്‍ ബി.ജെ.പി ദേശീയ നേതൃത്വത്തിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലും ബി.ജെ.പി ഗുജറാത്ത് ട്വിറ്റര്‍ അക്കൗണ്ടിലും പ്രസ്താവന അതേ പടി ട്വീറ്റ് ചെയ്യുകയും ചെയ്തു. തൊട്ടുപിറകെ തന്നെ വ്യാപകമായി പരിഹാസവും വിമര്‍ശനവും പോസ്റ്റിന് താഴെ വന്നു. റഡാറുകളുടെ പ്രവര്‍ത്തനം എങ്ങനെയെന്നത് സംബന്ധിച്ച് ഇന്ത്യയുടെ പ്രധാനമന്ത്രിക്ക് പറഞ്ഞുകൊടുക്കാന്‍ ഇവിടെ ആരും ഉണ്ടായില്ലേ എന്നും അങ്ങനെയാണെങ്കില്‍ അത് വളരെ ഗുരുതരമായ ഒരു ദേശീയ സുരക്ഷാ വീഴ്ചയാണെന്നും ട്വിറ്ററില്‍ ചിലര്‍ ചൂണ്ടിക്കാട്ടി.

വ്യോമാക്രമണം എന്തുകൊണ്ട് പരാജയപ്പെട്ടു എന്ന് ഇപ്പോള്‍ ബോധ്യമായെന്നും വ്യോമാക്രമണ ദിവസം മാറ്റാമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടിട്ടും അതിന് അനുവദിക്കാതെ അവരെ മോദി നിര്‍ബന്ധിക്കുകയായിരുന്നെന്നും കനത്ത മേഘങ്ങള്‍ ഉള്ളതുകൊണ്ട് തന്നെ റഡാറില്‍ നിന്നും വിമാനങ്ങളെ മറച്ചുപിടിക്കുമെന്നുമുള്ള ബുദ്ധിശൂന്യമായ ഒരു യുക്തി ഉപയോഗിച്ച് മോദി ഇന്ത്യന്‍ സേനയെ പരിഹസിക്കുകയായിരുന്നെന്നും ചിലര്‍ വിമര്‍ശിച്ചു.

വ്യോമസേന ഉന്നതന്റെ നിര്‍ദേശം മറികടന്നുവെന്നാണ് മോദി ഈ അഭിമുഖത്തിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്. ബാലാകോട്ട് ആക്രമണം മോദിയുടെ നിക്ഷിപ്ത താത്പര്യത്തില്‍ നിന്നും ഉണ്ടായതാണ്. അദ്ദേഹത്തിന്റെ തെറ്റായ തീരുമാനത്തെ തിരുത്താന്‍ കാബിനറ്റിലോ ഭരണതലത്തിലോ ആളുകളുണ്ടായില്ലെന്നത് അങ്ങേയറ്റം ഗൗരവമുള്ളതാണെന്നും ചിലര്‍ ചൂണ്ടിക്കാട്ടി.