ഇണചേരാതെ 12 കുഞ്ഞുങ്ങളെ പ്രസവിച്ചു ; ഗവേഷകരെ ഞെട്ടിച്ച് അനക്കോണ്ട

ഇണചേരാതെ 12 കുഞ്ഞുങ്ങളെ ഗര്‍ഭം ധരിച്ച് പ്രസവിച്ച് അനക്കോണ്ട ഗവേഷകരെ അത്ഭുതപ്പെടുത്തി. അമേരിക്കയിലെ ബോസ്റ്റണിലുള്ള ന്യൂ ഇംഗ്ലണ്ട് അക്വേറിയത്തിലെ അനക്കോണ്ടയാണ് അത്ഭുതം സൃഷ്ടിച്ചത്.

പ്രസവിച്ച് മണിക്കൂറുകള്‍ക്ക് ശേഷമാണ് മൃഗശാലയിലെ മേല്‍നോട്ടക്കാര്‍ പോലും വിവരമറിയുന്നത്. 12 കുഞ്ഞുങ്ങളില്‍ 3 എണ്ണമേ ജീവനോടെയുള്ളൂ. ഓരോ പ്രസവത്തിലും ഇരുപതിലധികം കുഞ്ഞുങ്ങള്‍ ഉണ്ടാകുമെന്നതിനാല്‍ ഗ്രീന്‍ അനക്കോണ്ടകളെ മൃഗശാലയില്‍ ഇണചേര്‍ക്കാറില്ല. ആണ്‍ പെണ്‍ അനക്കോണ്ടകളെ പ്രത്യേകം കൂടുകളിലാണ് വളര്‍ത്തുന്നത്.

അന്ന എന്ന പേരില്‍ വളര്‍ത്തുന്ന അനക്കോണ്ടയാണ് എല്ലാവരെയും ഞെട്ടിച്ചിരിക്കുന്നത്. ഇണചേരാനുള്ള ഒരു സാഹചര്യവും ഇല്ലാതിരുന്നിട്ടും അന്ന ഗര്‍ഭിണിയായത് എങ്ങനെ എന്ന ചോദ്യത്തിന് ഉത്തരം തേടുകയാണ് മൃഗശാല അധികൃതരും ഗവേഷകരും. കൂട്ടിലുണ്ടായിരുന്നതെല്ലാം പെണ്‍ അനക്കോണ്ടകളാണെന്നിരിക്കെ പാര്‍ത്തനോജെനസിസ് എന്ന പ്രതിഭാസമാകാം ഗര്‍ഭധാരണത്തിനു കാരണമെന്നാണ് ഗവേഷകര്‍ കരുതുന്നത്.