ഇടത് സര്‍ക്കാര്‍ 209 തടവുകാരെ വിട്ടയച്ച നടപടി ഹൈക്കോടതി റദ്ദാക്കി; കാലാവധി പൂര്‍ത്തിയാക്കാത്തവര്‍ ബാക്കി ശിക്ഷ അനുഭവിക്കണം

കൊച്ചി: പത്തുവര്‍ഷം ശിക്ഷയനുഭവിച്ച 209 പേരെ 2011ല്‍ വിട്ടയച്ച ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ഇടതുസര്‍ക്കാരിന്റെ ഉത്തരവ് റദ്ദാക്കിയത് ഹൈക്കോടതി ഫുള്‍ബെഞ്ചാണ്. കാലാവധി പൂര്‍ത്തിയാക്കാത്തവര്‍ ബാക്കി ശിക്ഷ അനുഭവിക്കണം. തടവുകാരുടെ വിവരങ്ങള്‍ ഗവര്‍ണര്‍ പരിശോധിക്കണമെന്ന് ഫുള്‍ ബെഞ്ച് ആവശ്യപ്പെട്ടു.

കെ.ടി.ജയകൃഷ്ണന്‍ മാസ്റ്റര്‍ വധക്കേസുള്‍പ്പെടെയുള്ള കൊലപാതക കേസുകളില്‍ ശിക്ഷ അനുഭവിച്ചുവന്നവരെ ഉള്‍പ്പെടെയാണ് അന്ന് മോചിപ്പിച്ചത്. ഇതിനെതിരെ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ നല്‍കിയ ഹര്‍ജികള്‍ പരിഗണിക്കവേയാണ് ഹൈക്കോടതി നിര്‍ണായക വിധി പുറപ്പെടുവിച്ചത്.

മോചിപ്പിക്കപ്പെട്ട 209 തടവുകാരില്‍ 14 വര്‍ഷം തടവ് പൂര്‍ത്തിയാക്കിയത് അഞ്ചില്‍ താഴെ പേര്‍ മാത്രമാണ്. നെട്ടുകാല്‍ത്തേരി തുറന്ന ജയില്‍-111, കണ്ണൂര്‍- 45, ചീമേനി- 24, വനിതാ ജയില്‍- ഒന്ന്, പൂജപ്പുര- 28 എന്നിങ്ങനെയാണ് സെന്‍ട്രല്‍ ജയിലില്‍ നിന്നും വിട്ടയച്ചവരുടെ എണ്ണം. അടുത്തിടെ 36 തടവുകാരെ ഒന്നിച്ച്‌ മോചിപ്പിക്കാനുള്ള സര്‍ക്കാര്‍ ശിപാര്‍ശ ഗവര്‍ണര്‍ മടക്കി അയച്ചിരുന്നു.